'തീ വലയം' തീര്‍ക്കും അമേരിക്കയിലെന്ന പഴയ ഭീഷണി ഉണര്‍ത്തി ഉത്തര കൊറിയ; പരീക്ഷിച്ചത് വമ്പന്‍ മിസൈല്‍

  'തീ വലയം' തീര്‍ക്കും അമേരിക്കയിലെന്ന പഴയ ഭീഷണി ഉണര്‍ത്തി ഉത്തര കൊറിയ; പരീക്ഷിച്ചത് വമ്പന്‍ മിസൈല്‍


സോള്‍/വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രദേശമായ ഗുവാമിനു മേല്‍ ' തീ വലയം' തീര്‍ക്കുമെന്ന ഉത്തര കൊറിയയുടെ പഴയ ഭീഷണിയുടെ ആശങ്ക വീണ്ടും ഉയരുന്നു.കഴിഞ്ഞ ദിവസം തങ്ങള്‍ വിക്ഷേപിച്ചത് ഹ്വാസോംഗ് -12 ബാലിസ്റ്റിക് മിസൈല്‍ ആണെന്ന് ഉത്തര കൊറിയ സ്ഥിരീകരിച്ചതോടെ ആണവ സായുധ രാഷ്ട്രം ദീര്‍ഘകാലമായി മേഖലയില്‍ ഉയര്‍ത്തിവരുന്ന ഭീഷണി കൂടുതല്‍ തീവ്രമായി.

ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ (ഐആര്‍ബിഎം) വിക്ഷേപണം ഉത്തര കൊറിയയില്‍ നിന്നു നടന്നതായി ദക്ഷിണ കൊറിയന്‍, ജാപ്പനീസ് അധികൃതര്‍ ഞായറാഴ്ചയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഉത്തരകൊറിയ നടത്തുന്ന ഏഴാമത്തെ പരീക്ഷണമാണിത്. ഇത്രയും വലിപ്പമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ 2017ന് ശേഷം ആദ്യമായാണ് വിക്ഷേപിക്കുന്നത്.

ഉത്തര കൊറിയയുടെ വര്‍ദ്ധിച്ചുവരുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ആണവായുധങ്ങളുടെയും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും (ഐസിബിഎം) പരീക്ഷണങ്ങള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായേക്കാമെന്ന് അമേരിക്ക ആശങ്കപ്പെടുന്നു. 'നമ്മുടെ സഖ്യകക്ഷികളോടുള്ള അമേരിക്കയുടെ പ്രതിബദ്ധത അളക്കുന്നതിനു രൂപകല്‍പ്പന ചെയ്ത ഉത്തര കൊറിയന്‍ സ്വേച്ഛാധിപതിയുടെ പദ്ധതിയുമാകാം ഇത്,' ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്‍വ്യവസ്ഥകളൊന്നുമില്ലാതെ നേരിട്ട് ചര്‍ച്ചകളില്‍ ചേരാന്‍ പ്യോങ്യാങ്ങിനോട് യു. എസ് അഭ്യര്‍ത്ഥിച്ചു.നയതന്ത്രത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ മറുപടി നല്‍കി. എന്നാല്‍ ദക്ഷിണ കൊറിയയിലും മേഖലയിലും ഉപരോധങ്ങള്‍ക്കും സംയുക്ത സൈനിക അഭ്യാസങ്ങള്‍ക്കും ആയുധ നിര്‍മ്മാണത്തിനും പിന്തുണ നല്‍കുന്ന വാഷിംഗ്ടണിന്റെ പ്രസ്താവനകള്‍ സമാധാന നീക്കത്തെ തുരങ്കം വയ്ക്കുന്നതൂയുള്ള പരാതിയും ഉന്നയിച്ചു.

ഇതിനിടെ, ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ രണ്ടു മാസമായി വിവിധ തരത്തിലുള്ള മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിക്കുന്നുണ്ട്. ഇതിനിടയില്‍ മിസൈലുകള്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വീണതായാണ് റിപ്പോര്‍ട്ട്.മിസൈലുകള്‍ പസഫിക് മേഖലകളെ കേന്ദ്രീകരിച്ച് സജ്ജീകരിച്ചിരിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവാണിതെന്ന് പ്രതിരോധ വിദഗ്ധര്‍ വ്യക്തമാക്കി.


രണ്ടുമാസത്തിനിടെ അഞ്ചിലേറെ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഹൈപ്പര്‍ സോണിക് മിസൈലുകള്‍ പരീക്ഷിച്ചെന്ന് കിം ജോംഗ് ഉന്‍ അവകാശപ്പെട്ടതിനു ശേഷവും മിസൈലുകള്‍ പരീക്ഷിക്കുന്നത് മേഖലയില്‍ ഭീതി വിതച്ചിരിക്കുകയാണ്. അയല്‍ രാജ്യത്തിന്റെ മിസൈല്‍ ഭ്രാന്തിനെതിരെ ദക്ഷിണ കൊറിയ ഐക്യരാഷ്ട്ര രക്ഷാ സമിതിക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ജപ്പാന്റെ മേഖലയിലേക്ക് മിസൈല്‍ വീണിരിക്കുന്നു എന്ന ആരോപണം ഉയരുന്നത്.

ജാഗാംഗ് പ്രവിശ്യയില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. 800കിലോമീറ്റര്‍ ദൂരപരിധി കടന്നാണ് മിസൈല്‍ ജപ്പാന്‍ മേഖലയില്‍ പതിച്ചിരിക്കുന്നതെന്ന് ജാപ്പനീസ് ക്യാബിനറ്റ് സെക്രട്ടറി ഗിരോകാസു മാറ്റ്സുനോ അറിയിച്ചു. 2000 കിലോമീറ്റര്‍ ഉയരത്തിലേക്കെത്തിയ ശേഷമാണ് 800 കിലോമീറ്റര്‍ ദൂരത്ത് പതിച്ചത്. കൂടുതല്‍ ദൂരം സഞ്ചരിക്കാവുന്ന മിസൈലാണ് പരീക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന നിഗമനവും വിദഗ്ധര്‍ ശരിവയ്ക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.