ബജറ്റ് സമ്മേളനത്തിന് തുടക്കം: ഇന്ത്യയുടെ വാക്സിനേഷന്‍ പരിപാടി രാജ്യത്തിന്റെ കരുത്ത് തെളിയിച്ചുവെന്ന് രാഷ്ട്രപതി

ബജറ്റ് സമ്മേളനത്തിന് തുടക്കം: ഇന്ത്യയുടെ വാക്സിനേഷന്‍ പരിപാടി രാജ്യത്തിന്റെ കരുത്ത് തെളിയിച്ചുവെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും രാഷ്ട്രപതി പ്രസംഗത്തില്‍ അനുസ്മരിച്ചു.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വാക്സിനേഷന്‍ പരിപാടിയെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. ഏറ്റവുമധികം ഡോസ് വാക്സിനുകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍ പോലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് സാധിച്ചെന്ന് രാഷ്ട്പതി പറഞ്ഞു.

കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഉജ്ജ്വല യോജന, മുദ്ര യോജന, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടി സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പിഎം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും രാഷ്ട്രപതി എടുത്തു പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ വെക്കും.

ചൊവ്വാഴ്ച രാവിലെ ലോക്‌സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്്‌സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലു ദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കാരണം ബുധനാഴ്ച മുതല്‍ രാജ്യസഭ രാവിലെ 10 മുതല്‍ മൂന്നരവരെയും ലോക്‌സഭ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതുവരെയുമാണ് ചേരുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.