'ഉപദ്രവിക്കല്ലേ':ഹാക്കറോട് ഇലോണ്‍ മസ്‌ക്; പ്രതിഫല വാഗ്ദാനം 5000 ഡോളര്‍; 50,000 കിട്ടണമെന്ന് മറുപടി

  'ഉപദ്രവിക്കല്ലേ':ഹാക്കറോട് ഇലോണ്‍ മസ്‌ക്; പ്രതിഫല വാഗ്ദാനം 5000 ഡോളര്‍; 50,000 കിട്ടണമെന്ന് മറുപടി


ന്യൂയോര്‍ക്ക് : ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ജെറ്റ് വിമാന യാത്രകള്‍ കൃത്യമായി ട്രാക്ക് ചെയ്ത് അതാതു നിമിഷം തന്നെ ട്വിറ്ററില്‍ അപ്‌ഡേറ്റ് ചെയ്യുന്ന പത്തൊമ്പതുകാരനോട് ആ പരിപാടി അസാനിപ്പിക്കണമെന്നഭ്യര്‍ത്ഥിച്ചും അതിനു പിന്നിലെ രഹസ്യ സൂത്രം പറഞ്ഞുതരാമോയെന്നു ചോദിച്ചും മസ്‌ക് വാഗ്ദാനം ചെയ്തത് 5000 ഡോളര്‍; എന്നാല്‍ തന്റെ കഠിനാധ്വാനത്തിന് ഈ തുക മതിയാവില്ലെന്നും 50,000 ഡോളറെങ്കിലും കിട്ടണമെന്നുമുള്ള പിടിവാശിയിലാണ് ജാക്ക് സ്വീനിയെന്ന ഹാക്കര്‍.

ഇലോണ്‍ മസ്‌ക് തന്നെ സ്വകാര്യ ചാറ്റില്‍ പോയാണ് ജാക്ക് സ്വീനിക്ക് പണം വാഗ്ദാനം ചെയ്തത്. തന്റെ സ്വകാര്യ ജെറ്റ് വിമാനം ട്രാക്ക് ചെയ്യപ്പെടുന്നത് തനിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് മസ്‌കിന്റെ ഇടപെടല്‍.മസ്‌ക് തന്നെ ബന്ധപ്പെട്ടുവെന്ന് കാണിച്ച് ഫ്‌ളോറിഡക്കാരനായ ജാക്ക് സ്വീനി സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടിരുന്നു.

2020 ജൂണില്‍ തുടങ്ങിയ അക്കൗണ്ടില്‍ ആണ് ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ജെറ്റായ എന്‍628ടിഎസിന്റെ സഞ്ചാരദിശയും സമയവും മാപ്പ് സഹിതം സ്വീനി നിരന്തരം പ്രസിദ്ധീകരിച്ചുവരുന്നത്. എഡിഎസ്-ബി ഡാറ്റ ഉപയോഗിച്ച് സ്വീനിയുടെ 'ബോട്ട്' ആണ് വിവരങ്ങള്‍ ട്രാക്ക് ചെയ്ത് പുറത്തുവിടുന്നത്.ബില്‍ ഗേറ്റ്സ്, ജെഫ് ബെസോസ് എന്നിവരുള്‍പ്പെടെ ഉയര്‍ന്ന ടെക് ഭീമന്‍മാരുടെ യാത്രകള്‍ ട്രാക്ക് ചെയ്യുന്ന ഒരു ഡസനോളം ഫ്‌ളൈറ്റ് ബോട്ട് അക്കൗണ്ടുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് സ്വീനി.

എങ്ങനെ തന്റെ വിമാനം ട്രാക്ക് ചെയ്യാതെ സുരക്ഷിതമാക്കാമെന്ന് പറഞ്ഞുതരണമെന്ന്് ഇലോണ്‍ മസ്‌ക് ആവശ്യപ്പെടുന്നു.ട്രാക്ക് ചെയ്യുന്നത് നിര്‍ത്താന്‍ വേണ്ടി ട്വിറ്ററില്‍ ഇലോണ്‍ മസ്‌കും ജാക്ക് സ്വീനിയും തമ്മില്‍ വിലപേശല്‍ തന്നെ നടന്നു. ' ട്രാക്ക് ചെയ്യുന്നത് നിര്‍ത്താന്‍ 5000 ഡോളര്‍ തന്നാലോ?' എന്നാണ് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. മറുപടിയുമായി സ്വീനിയും രംഗത്തെത്തി.

'നടക്കുന്ന കാര്യം തന്നെ, അക്കൗണ്ടും എന്റെ സഹായങ്ങളും.പക്ഷേ, അത് 50,000 ഡോളര്‍ ആക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോ?' - ജാക്ക് സ്വീനി ചോദിച്ചു. 'ഞാന്‍ ഇതിനു വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചു, 5000 ഡോളര്‍ മതിയാവില്ല'- ഇന്‍സൈഡറിന് അനുവദിച്ച അഭിമുഖത്തില്‍ സ്വീനി പറഞ്ഞു. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറല്ലെന്നാണ് അറിയുന്നത്.

ഇലോണ്‍ മസ്‌കിന്റെ ഫാന്‍ ആയതിനാലാണ് തനിക്ക് ഈ പിന്തുടരല്‍ ആശയം വന്നതെന്ന് ജാക്ക് സ്വീനി പറയുന്നു. 'അദ്ദേഹത്തിനൊരു ജെറ്റ് ഉണ്ടെന്ന് ഞാന്‍ മനസിലാക്കി. എന്ത് ബിസിനസാണ് അദ്ദേഹം നടത്തുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും അതിലൂടെ വെളിപ്പെടുമെന്നും എനിക്കറിയാമായിരുന്നു'- ട്രാക്ക് ചെയ്യാനുള്ള തീരുമാനത്തിലെത്തിയ പശ്ചാത്തലം സ്വീനി പറയുന്നു.2018 ലെ ആദ്യത്തെ ഫാല്‍ക്കണ്‍ ഹെവി ലോഞ്ച് മുതല്‍ താന്‍ സ്പേസ് എക്സിന്റെ ആരാധകനാണ്.

തന്റെ പിതാവ് ഒരു എയര്‍ലൈനിലാണ് ജോലി ചെയ്യുന്നതെന്നും അതിനാലാണ് വിമാനങ്ങളുടെ കാര്യത്തില്‍ താല്‍പര്യം വന്നതെന്നും സ്വീനി വെളിപ്പെടുത്തി. കോളജിലെ പഠനത്തിനിടെ ഊബര്‍ജെറ്റ്‌സ് എന്ന കമ്പനിയില്‍ പാര്‍ട് ടൈം ആയി പ്രവര്‍ത്തിച്ചിരുന്നുവെന്നും, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ ട്രാക്ക് ചെയ്യാന്‍ വേണ്ടി ഒരു പ്ലാറ്റ്‌ഫോം താന്‍ ഉണ്ടാക്കിയിരുന്നുവെന്നും സ്വീനി പറയുന്നു.

https://twitter.com/ElonJet?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.