ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വാട്സാപ്പ് വഴി ബൾക്ക് മെസേജുകൾ അയക്കുന്നതിനെതിരെ നടപടിയുമായി വാട്സാപ്പ്. രാഷ്ട്രീയ പാർട്ടികളും, സ്ഥാനാർത്ഥികളും വാട്സാപ്പ് എപിഐ ടൂളുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് പ്രചാരണ സന്ദേശങ്ങൾ വ്യാപകമായി അയക്കുന്നതിനെതിരെയാണ് നടപടി.
ഒരു സന്ദേശത്തിന് എട്ട് പൈസ മുതൽ പത്ത് പൈസ വരെ നിരക്കിലാണ് നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് സന്ദേശമയക്കാൻ വാട്സാപ്പ് ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേയ്സ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
വാട്സാപ്പ് വഴിയുള്ള വ്യാജ സന്ദേശ പ്രചാരണങ്ങളും തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങളും തടയുന്നതിനായി നിശ്ചിത എണ്ണത്തിൽ കൂടുതൽ സന്ദേശങ്ങൾ ഒരേ സമയം അയക്കുന്നതിന് കമ്പനി വിലക്കേർപ്പെടുത്തിയിരുന്നു. ഇത് കൂടാതെ വാട്സാപ്പ് ബ്രോഡ് കാസ്റ്റ് ലിസ്റ്റിലും ഗ്രൂപ്പുകളിലും അംഗങ്ങളുടെ എണ്ണം 256 ആക്കി നിജപ്പെടുത്തിയിരുന്നു.
ഓട്ടോമേറ്റഡ് ബൾക്ക് മെസേജിങ് നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വാട്സാപ്പിന് 24 മണിക്കൂറും പ്രവർത്തനക്ഷമമായ മെച്ചപ്പെട്ട സ്പാം ഡിറ്റക്ഷൻ സാങ്കേതിക വിദ്യയുണ്ടെന്ന് വാട്സാപ്പ് വക്താവ് പറഞ്ഞു. ഇത്തരം അക്കൗണ്ടുകളെ വാട്സാപ്പിൽ നിന്ന് വിലക്കുകയും ചെയ്യും. ഓട്ടോമേറ്റഡ് ബൾക്ക് മെസേജ് അയക്കുന്നതിനായി വാട്സാപ്പ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് 2019 ൽ കമ്പനി പറഞ്ഞിരുന്നു.
എന്നാൽ അത്തരം ബൾക്ക് മെസേജിങ് സംവിധാനങ്ങൾ വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് വാട്സാപ്പ് വഴിയുള്ള പ്രചാരണം ശക്തമായത്. പൊതു റാലികൾക്കും ജാഥകൾക്കും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനും പാർട്ടികളെ മറ്റ് പ്രചാരണ മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ പ്രേരകമായിട്ടുണ്ട്.
വോട്ടാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ മാത്രമല്ല എതിർ സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുന്നതും പൊതുവിഷയങ്ങളിലും മറ്റ് പ്രശ്നങ്ങളിലും തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്. അനുവദനീയമല്ലാത്ത രീതിയിലുള്ള പ്രചാരണങ്ങൾ നിയമവിരുദ്ധവുമാണ്.
ഫെബ്രുവരി പത്ത് മുതൽ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.