ടോംഗയെ ചാരത്തില്‍ മുക്കിയ സമുദ്ര സ്‌ഫോടനത്തിന്റെ തരംഗങ്ങള്‍ 'സോണിക് ബൂം' ആയി ലോകമാകെ ചുറ്റി

ടോംഗയെ ചാരത്തില്‍ മുക്കിയ സമുദ്ര സ്‌ഫോടനത്തിന്റെ തരംഗങ്ങള്‍ 'സോണിക് ബൂം' ആയി ലോകമാകെ ചുറ്റി

ന്യൂയോര്‍ക്ക്: പസിഫിക് സമുദ്രത്തില്‍ 2022 ജനുവരി 15-ന് ജലാന്തര്‍ഭാഗത്ത് വന്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതോടെ ആഞ്ഞടിച്ച സൂനാമിയും മറ്റ് പ്രകൃതി ആക്രമണങ്ങളും സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ടോംഗയില്‍ ഉണ്ടാക്കിയതെങ്കില്‍ അതിന്റെ ദ്രുതഗതിയിലുള്ള ഊര്‍ജ്ജ സ്ഫോടനം സൃഷ്ടിച്ച അലകള്‍ ഭൂഗോളത്തിലാകെത്തന്നെ വ്യാപിച്ചെന്ന് അസംഖ്യം ഡിജിറ്റല്‍ മാപ്പുകളുടെ അപഗ്രഥനത്തിലൂടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ലോകമാകെ ചുറ്റി സഞ്ചരിച്ച 'സോണിക് ബൂം' പ്രതിഭാസം.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ വീണ ആണവ ബോംബിന്റെ 500 മടങ്ങ് ശക്തിയേറിയതായിരുന്നു പസിഫിക് സമുദ്രത്തിലെ ഈ സ്‌ഫോടനം; ഏകദേശം 10 മെഗാടണ്‍ ടി.എന്‍.ടിക്ക് തുല്യമെന്ന് നാസ ബഹിരാകാശ ഏജന്‍സി കണക്കാക്കിയതായി ഗോഡാര്‍ദ് സ്പേസ് ഫ്‌ളൈറ്റ് സെന്ററിലെ ചീഫ് സയന്റിസ്റ്റ് ജെയിംസ് ഗാര്‍വിന്‍ പറഞ്ഞു.

സമുദ്ര സുനാമി യു.എസ് വെസ്റ്റ് കോസ്റ്റ് വരെ നാശം വിതച്ചു. അതിനപ്പുറമായി അന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെട്ട മര്‍ദ തരംഗങ്ങള്‍ അത്യസാധാരണമായിരുന്നെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.സ്ഫോടന സ്ഥലത്തിന് സമീപമുള്ള അന്തരീക്ഷ തരംഗ മാതൃക ഏറ്റവും സങ്കീര്‍ണ്ണമായിരുന്നു. മണിക്കൂറില്‍ 650 മൈലിലധികം വേഗതയില്‍ തിരശ്ചീനമായി സഞ്ചരിക്കുന്ന ഊര്‍ജ്ജ തിരമാലകള്‍ ആയിരക്കണക്കിന് മൈലുകള്‍ അകലേക്ക് പ്രസരിച്ചു. ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉപയോഗിച്ച് മുകളില്‍ നിന്ന് ഉപഗ്രഹങ്ങള്‍ വീക്ഷിക്കവേ, കുളത്തില്‍ കല്ല് വീഴ്ത്തുമ്പോഴത്തെ തരംഗമായാണ് കാണപ്പെട്ടത്. സാറ്റലൈറ്റ് ഇന്‍ഫ്രാറെഡ് നിരീക്ഷണത്തിലൂടെ ലോകമെമ്പാടുമായുള്ള അതിന്റെ വ്യാപന പഥം രേഖപ്പെടുത്താന്‍ കഴിഞ്ഞു.

വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ് തുടങ്ങി വിവിധ മേഖലകളിലേക്ക് ഭീകര തരംഗമാല നീങ്ങുമ്പോള്‍ അന്തരീക്ഷമര്‍ദ്ദത്തില്‍ ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്ന പ്രക്ഷുബ്ധ ചലനങ്ങളും രേഖപ്പെടുത്തി. നിരീക്ഷകര്‍ അവരുടെ ബാരോമെട്രിക് നിരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തല്‍സമയം പോസ്റ്റ് ചെയ്തതിനാല്‍ പള്‍സിന്റെ പുരോഗതി പിന്തുടരാന്‍ കഴിഞ്ഞിരുന്നു. ഏകദേശം 35 മണിക്കൂറിനുള്ളില്‍ ലോകം മുഴുവനുമെത്തി ഈ ഊര്‍ജ്ജ തിരമാല.

'ഏകദേശം നാല് പതിറ്റാണ്ടുകളായി ആഗോള അന്തരീക്ഷത്തിന്റെ ആന്ദോളനങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു കാലാവസ്ഥാ നിരീക്ഷകനാണ് ഞാന്‍'- സ്‌പേസ് ഡോട്ട് കോം എന്ന വെബ് സൈറ്റിലൂടെ കെവിന്‍ ഹാമില്‍ട്ടണ്‍ എന്ന ശാസ്ത്രജ്ഞന്റെ വാക്കുകള്‍.'ടോംഗ സ്‌ഫോടനത്തില്‍ നിന്നുള്ള തരംഗ മുന്നണി വികസിച്ചത് അസാധാരണ രീതിയിലായിരുന്നു. അന്തരീക്ഷ തരംഗങ്ങളുടെ ആഗോള പ്രസരണ പ്രതിഭാസത്തിന്റെ ഒരു പ്രത്യേക ഉദാഹരണമായി ഇത്. ആണവ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്രപരമായ മറ്റ് സ്‌ഫോടന സംഭവങ്ങള്‍ക്ക് ശേഷമേ ഇപ്രകാരം കണ്ടിട്ടുള്ളൂ.'

ക്രാക്കറ്റോവയിലേത് 1883 -ല്‍

വളരെ ശക്തമായിരുന്നു പസഫിക്കിലെ സ്‌ഫോടനം. അത് മൂലം അന്തരീക്ഷം ഒരു മണി പോലെ മുഴങ്ങി. തരംഗ ആവൃത്തി വളരെ കുറവായതിനാല്‍ കേള്‍ക്കാനായില്ലെന്നു മാത്രം. ഒന്നര നൂറ്റാണ്ടു മുമ്പ് ഇന്തോനേഷ്യയിലെ ക്രാക്കറ്റോവയില്‍ ലോകം കണ്ട പ്രതിഭാസം തന്നെ. 1883-ല്‍ ക്രാക്കറ്റോവ അഗ്നി പര്‍വതത്തിലുണ്ടായ വലിയപൊട്ടിത്തെറിയാണ് ശാസ്ത്ര ശ്രദ്ധ ആകര്‍ഷിച്ച അത്തരം ആദ്യത്തെ അന്തരീക്ഷ മര്‍ദ്ദ ആന്ദോളനം സൃഷ്ടിച്ചത്.


ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലെ ബാരോമെട്രിക് നിരീക്ഷണങ്ങളില്‍ 'ക്രാക്കറ്റോവ വേവ് പള്‍സ്' കണ്ടെത്തി. അക്കാലത്ത് ആശയവിനിമയം മന്ദഗതിയിലായിരുന്നു. പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ശാസ്ത്രജ്ഞര്‍ വിവിധ വ്യക്തിഗത നിരീക്ഷണങ്ങള്‍ സംയോജിപ്പിച്ച്, സ്‌ഫോടനത്തിന് ശേഷമുള്ള മണിക്കൂറുകളിലും ദിവസങ്ങളിലും മര്‍ദ്ദത്തിന്റെ തരംഗ മുന്നണിയുടെ പ്രസരണം എപ്രകാരമായിരുന്നുവെന്ന് വിജയകരമായിത്തന്നെ ലോക ഭൂപടത്തില്‍ രേഖപ്പെടുത്തി.

ഊര്‍ജ്ജ തിരമാലയുടെ മുന്‍ഭാഗം ക്രാക്കറ്റോവയില്‍ നിന്ന് പുറത്തേക്ക് സഞ്ചരിച്ചു, ലോകമെമ്പാടുമായി കുറഞ്ഞത് മൂന്ന് യാത്രകളെങ്കിലും നടത്തിയത് നിരീക്ഷിക്കപ്പെട്ടു. സ്‌ഫോടനത്തെക്കുറിച്ചുള്ള 1888-ലെ പ്രസിദ്ധമായ ഒരു റിപ്പോര്‍ട്ടില്‍ തരംഗ മുന്നണിയുടെ പ്രചാരണത്തെ ചിത്രീകരിക്കുന്ന ഭൂപടങ്ങളുടെ ഒരു പരമ്പര പ്രസിദ്ധീകരിച്ചു റോയല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍.

ക്രാക്കറ്റോവയിലെയും ടോംഗയിലെയും സ്‌ഫോടനത്തിന് ശേഷം കാണപ്പെട്ടത് ശ്രവണ സാധ്യമല്ലാത്ത വളരെ കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങളാണ്. പ്രാദേശിക മര്‍ദ്ദത്തിലെ മാറ്റങ്ങള്‍ അടുത്തുള്ള വായുവില്‍ ഒരു ബലം സൃഷ്ടിക്കുന്നതിനാല്‍ പ്രസരണം സംഭവിക്കുന്നു.ക്രമേണ അത് ത്വരിതപ്പെടുന്നു. ഒപ്പം മര്‍ദ്ദത്തിലുള്ള മാറ്റങ്ങളോടൊപ്പം വികാസ, സങ്കാചങ്ങളുമുണ്ടാകുന്നു. ഇത് തിരമാലയുടെ പാതയില്‍ വായുവിന്റെ ഇളക്കത്തിനു പ്രേരകമാകുന്നു.

റോക്കറ്റില്‍ നിന്ന് ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങള്‍ അതു നേരിട്ട് കാണുന്നവരുടെ ചെവിയിലേക്ക് നേര്‍രേഖയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഈ ആഗോള സമ്മര്‍ദ്ദ തരംഗ മുന്നണി തിരശ്ചീനമായി മാത്രം വ്യാപിക്കുന്നു. ഭൂ ഗോളത്തിന്റെ വക്രത പിന്തുടര്‍ന്ന് വളയുകയും ചെയ്യുമെന്ന പ്രത്യേകതയുണ്ട്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഹാനായ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ പിയറി-സൈമണ്‍ ഡി ലാപ്ലേസ് ആണ് ഗണിത ശാസ്ത്ര സമവാക്യങ്ങളിലൂടെ അന്തരീക്ഷ തരംഗമാലകളുടെ അത്തരം പെരുമാറ്റം ആദ്യമായി വ്യക്തമാക്കിയത്.

കേള്‍ക്കാനാകില്ല മണികിലുക്കം

വയലിന്‍ സ്ട്രിംഗ്, ഡ്രം സ്‌കിന്‍ അല്ലെങ്കില്‍ മെറ്റല്‍ ബെല്‍ പോലെയുള്ള ഒരു സംഗീത ഉപകരണത്തിലൂടെ പ്രസരിക്കുന്ന തരംഗങ്ങള്‍ക്കു സമാനം തന്നെ, പസിഫിക് സമുദ്രത്തില്‍ ജലാന്തര്‍ഭാഗത്തെ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ രൂപം കൊണ്ട തരംഗങ്ങള്‍ക്കും ആഗോളതലത്തില്‍ അതിവേഗം സഞ്ചരിക്കാന്‍ കഴിഞ്ഞു; വ്യത്യസ്ത ആവൃത്തികളിലൂടെ അന്തരീക്ഷത്തില്‍ ആരും കേള്‍ക്കാത്ത മണികിലുക്കവുമായി.

'2020-ല്‍, എന്റെ ക്യോട്ടോ സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകനായ തകതോഷി സകാസാക്കിക്കും എനിക്കും ആധുനിക നിരീക്ഷണോപകരണങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷത്തിന്റെ ആഗോളതലത്തിലെ യോജിച്ച പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തിയുള്ള വിശകലനത്തിലൂടെ ലാപ്ലേസിന്റെ സിദ്ധാന്തം സ്ഥിരീകരിക്കാന്‍ കഴിഞ്ഞു'- കെവിന്‍ ഹാമില്‍ട്ടണ്‍ പറയുന്നു. ലോകമെമ്പാടുമുള്ള സൈറ്റുകളില്‍ 38 വര്‍ഷമായി ഓരോ മണിക്കൂറിലും പുതിയതായി പുറത്തിറക്കിയ അന്തരീക്ഷമര്‍ദ്ദത്തിന്റെ ഡാറ്റാ സെറ്റും വിശകലന വിധേയമാക്കി. ലാപ്ലേസും അദ്ദേഹത്തെ പിന്തുടര്‍ന്ന മറ്റുള്ളവരും ചൂണ്ടിക്കാട്ടിയ ആഗോള പാറ്റേണുകളും ആവൃത്തികളും കൃത്യമായി കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും ഹാമില്‍ട്ടണ്‍ വ്യക്തമാക്കി.


പസിഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ടോംഗ ദ്വീപരാഷ്ട്ര തലസ്ഥാനമായ നുകുവലോഫയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്‌നിപര്‍വതമാണു രണ്ടാഴ്ചകള്‍ക്കു മുന്‍പ് പൊട്ടിത്തെറിച്ചത്. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു പൊട്ടിത്തെറി ഇവിടെ നടക്കുന്നത്. യുഎസ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു.

ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴില്‍ 169 ദ്വീപുകളുണ്ട്.കേവലം ഒരു ലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ.ദുരന്തത്തില്‍ 3 പേരേ കൊല്ലപ്പെട്ടുള്ളൂവെങ്കിലും ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളില്‍ ദുരന്തം വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടവരുത്തി .അഗ്‌നിപര്‍വത വിസ്‌ഫോടനത്തിന്റെ തുടര്‍പ്രതിഭാസമെന്ന നിലയില്‍ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

പസിഫിക് സമുദ്രത്തില്‍ ന്യൂസിലന്‍ഡ് മുതല്‍ ഫിജി വരെ നീണ്ടുകിടക്കുന്ന അഗ്‌നിപര്‍വതമേഖലയിലാണ് അഗ്‌നിപര്‍വതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകള്‍ക്കിടയിലായാണ് ഇത്. 2009ല്‍ ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചെങ്കിലും ഇത്രത്തോളം ആഘാതമുണ്ടായില്ല. എങ്കിലും ഈ സ്‌ഫോടനത്തില്‍ ഹംഗ ഹാപായ് ദ്വീപിലെ സസ്യങ്ങളും ജീവജാലങ്ങളും അന്നു പൂര്‍ണമായി നശിച്ചു. 2014-15 കാലഘട്ടത്തിലും ഇതു പൊട്ടിത്തെറിച്ചു.



കാലാവസ്ഥാ മാറ്റത്തിനു ശേഷം

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ചിട്ടുള്ള രാജ്യമാണു ടോംഗ. രാജ്യത്തിന്റെ ഭാഗമായുള്ള ചില ദ്വീപുകള്‍ ആഗോളതാപനത്തിന്റെ ഫലമായി ഉയര്‍ന്ന കടല്‍നിരപ്പു കാരണം മറഞ്ഞുപോയിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുള്ള യാത്രയിലായിരുന്നു ടോംഗ. പക്ഷേ, കോവിഡ് പ്രതിസന്ധി മൂലം വിനോദസഞ്ചാരമേഖലയില്‍ ഇടിവുണ്ടായതും, ഇപ്പോള്‍ സംഭവിച്ച പ്രകൃതിദുരന്തവും രാജ്യത്തെ തളര്‍ത്തിയിരിക്കുകയാണ്. ലോകരാജ്യങ്ങളും രാജ്യാന്തര സ്ഥാപനങ്ങളും ടോംഗയ്ക്ക് സഹായമെത്തിക്കുന്നുണ്ട്. ടോംഗയില്‍ മാത്രമല്ല ഈ അഗ്‌നിപര്‍വത വിസ്‌ഫോടനം മൂലം പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതെത്തുടര്‍ന്നുണ്ടായ അതീവ ഊര്‍ജ തിരകളുടെ ആക്രമണത്തില്‍ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ലാ പാമ്പില്ല എണ്ണക്കിണറിനു സമീപം ഒരു എണ്ണക്കപ്പല്‍ മുങ്ങി. 12000 ബാരലുകളോളം എണ്ണ കടലിലേക്ക് ചോര്‍ന്നു.

മത്സ്യസമ്പത്തില്‍ കനത്ത നാശവും പരിസ്ഥിതി പ്രശ്‌നങ്ങളും ഇതു മൂലം ഉടലെടുത്തു. തെക്കന്‍ ജപ്പാനില്‍ 3 മീറ്റര്‍ വരെ പൊക്കമുള്ള തിരമാലകള്‍ തീരത്തെത്തിയിരുന്നു. ഇത് അവിടത്തെ മത്സ്യബന്ധനമേഖലയെ സാരമായി ബാധിച്ചു. ടോംഗ വിസ്‌ഫോടനം ലോകവ്യാപകമായി ഇനിയും പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. വിസ്‌ഫോടനത്തിന്റെ ഭാഗമായി വലിയ തോതില്‍ നൈട്രജന്‍ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെട്ടു. ഇതു കാലാവസ്ഥാ വ്യതിയാനത്തിനു വഴിയൊരുക്കാം. ചാരവും മറ്റ് അവശിഷ്ടങ്ങളും പവിഴപ്പുറ്റുകളെയും ജലജീവനെയും നശിപ്പിക്കാം. വിസ്‌ഫോടനത്തിനു ശേഷം വലിയ തോതില്‍ ഇരുമ്പിന്റെ അംശം സമുദ്രജലത്തില്‍ കലര്‍ന്നിരുന്നു. ഇതു മൂലം ബ്ലൂഗ്രീന്‍ ആല്‍ഗെ, സ്പഞ്ചുകള്‍ തുടങ്ങിയവയുടെ വളര്‍ച്ച കൂടാം. ഇതു പവിഴപ്പുറ്റുകള്‍ക്കു കൂടുതല്‍ നാശനഷ്ടം വരുത്തും.

പത്തു ലക്ഷത്തോളം സമുദ്രാന്തര അഗ്‌നിപര്‍വതങ്ങള്‍ സമുദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് നടക്കുന്ന അഗ്‌നിപര്‍വത വിസ്‌ഫോടനങ്ങളില്‍ മൂന്നിലൊന്നും ഇവയിലാണത്രേ നടക്കുന്നത്. എന്നാല്‍ ജനവാസമേഖലകളില്‍ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ പലതും അറിയപ്പെടാതെ പോകുന്നു. 2004ലെ മഹാസൂനാമിക്കു മുന്‍പ് സൂനാമികള്‍ അത്ര അറിയപ്പെടുന്ന ഒരു പ്രകൃതിദുരന്തമായിരുന്നില്ല. എന്നാല്‍ അതിനു ശേഷം ലോകത്ത് സൂനാമികള്‍ സംഭവിക്കുന്നതിന്റെ തോത് ഉയര്‍ന്നിട്ടുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. അതുപോലെ തന്നെ അഗ്‌നിപര്‍വത വിസ്‌ഫോടനങ്ങള്‍, ഭൂചലനങ്ങള്‍ എന്നിവയിലെല്ലാം വര്‍ധനയുണ്ട്. മനുഷ്യ ഇടപെടല്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ, സ്ഥിതിമാറ്റങ്ങള്‍ ഇവയുടെ തോത് കൂടുന്നതില്‍ പരോക്ഷമായി സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ചാരം 50 കിലോ മീറ്റര്‍ വരെ ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നില്‍ക്കുകയും ചെയ്തു. ഇതു മൂലം നാശനഷ്ടങ്ങളുടെ വ്യാപ്തി ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് അളക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടു. സ്‌ഫോടനത്തിന്റെ ആഘാതം നിമിത്തം ഒരു ദ്വീപ് പൂര്‍ണമായും മുങ്ങി. മൂന്നു ദ്വീപുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതിനാല്‍ ഉപയോഗശൂന്യമായി. ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും ഭാഗികമായും തകരാറിലായി. ഇന്റര്‍നെറ്റിനും ഫോണ്‍കോളുകള്‍ക്കും ദ്വീപില്‍ തടസ്സം നേരിട്ടു.

ഇത്തവണത്തെ സ്‌ഫോടനത്തിനു ശേഷം അന്തരീക്ഷത്തില്‍ നിറഞ്ഞ സള്‍ഫര്‍ ഡയോക്‌സൈഡ് വാതകം ആസിഡ് മഴയ്ക്ക് വഴിവയ്ക്കുമെന്നു സംശയമുള്ളതിനാല്‍ ജനങ്ങള്‍ കുറച്ചുനാളുകള്‍ വീടിനു പുറത്തിറങ്ങിയിരുന്നില്ല. ടോംഗയുടെ സാമ്പത്തിക സ്ഥിതിയെ ഈ അവിചാരിത ലോക്ഡൗണ്‍ നന്നായി ബാധിച്ചു. സള്‍ഫര്‍ ഡയോക്‌സൈഡ് ഭീഷണി പൂര്‍ണമായും വിട്ടകന്നോയെന്ന് സ്ഥിരീകരിക്കാന്‍ ഇപ്പോഴും ശാസ്ത്രജ്ഞര്‍ക്കു സാധിച്ചിട്ടില്ല. വിസ്‌ഫോടനം സംഭവിച്ച മേഖലയില്‍ മത്സ്യങ്ങള്‍ക്കും മറ്റ് സമുദ്ര വിഭവങ്ങള്‍ക്കും വിഷാംശം കലര്‍ന്നിരിക്കാമെന്ന ആശങ്ക രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ഫിഷറീസ് മേഖലയെ ഉലച്ചിട്ടുണ്ട്.

അഗ്‌നിപര്‍വത ചാരം പരിസ്ഥിതിയില്‍ കലര്‍ന്നതിനാല്‍ ശുദ്ധജല ദൗര്‍ലഭ്യതയും കോളറ, അതിസാരം, ത്വക്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ സാധ്യതയും ടോംഗയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ടോംഗയിലെ സസ്യങ്ങളുടെ ഇലകള്‍ അഗ്‌നിപര്‍വത ചാരത്താല്‍ പച്ചനിറം മാറി ഇരുണ്ടു. ആളുകളില്‍ പലര്‍ക്കും വിഷാദവും ഭയ രോഗവും ബാധിച്ചു. ടോംഗയുടെ ജനസംഖ്യയുടെ 84 ശതമാനം പേരും ദുരന്ത ബാധിതരായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രാജ്യത്തിന്റെ ഭാഗമായ മാംഗോ ദ്വീപില്‍ താമസിച്ചവരെയെല്ലാം മാറ്റി പാര്‍പ്പിക്കേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.