മസ്‌കറ്റ്:  മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായി, ഇന്‍കാസ് ഒമാന്‍ അബീര്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് 150 ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്ന ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട കാരുണ്യത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങളെ ആദരിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് അനീഷ് കടവില്‍ പറഞ്ഞു. ക്യാംപിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. 
ദൈനംദിന ജീവിതത്തില്‍ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അറബ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ. ഷെറിമോന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യന് ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും അത് സംരക്ഷിക്കേണ്ടതിന് പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. 
പൊതുജനാരോഗ്യത്തിന് സ്ഥാപനം നല്‍കുന്ന ശക്തമായ പിന്തുണയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍, ഗുണഭോക്താക്കള്‍ക്ക് രണ്ടാഴ്ച കൂടി സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍ തുടരുമെന്നും കൂടാതെ പ്രിവിലേജ് കാര്‍ഡുകള്‍  നല്‍കുമെന്നും അബീര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാഷിം പറഞ്ഞു.  ഇന്‍കാസ് ഉന്നതാധികാര സമിതി അംഗം എല്‍ദോസ് മണ്ണൂര്‍ മലയാളം വിങ് മുന്‍ കണ്‍വീനര്‍ ഭാസ്‌കരന്‍ നായര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ രാജന്‍ കോക്കൂരി തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു സംസാരിച്ചു.
ഷഹീര്‍ അഞ്ചല്‍, ജിജോ കടന്തോട്ട്, സതീഷ് പട്ടുവം, നിധീഷ് മാണി, റാഫി ചക്കര, സജി തോമസ്, മനോഹരന്‍ കണ്ടന്‍ എന്നിവര്‍ ക്യാമ്പ് ഏകോപനം നടത്തി. പരിപാടി മികച്ച വിജയമാക്കിയ അബീര്‍ ഹൊസ്പിറ്റലിനും, എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പങ്കെടുത്തവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.