ദുര്‍ബലര്‍ക്കനുകൂലമായി സമ്പത്തിന്റെ പുനര്‍വിതരണത്തിനു വഴി തെളിക്കണം നികുതി സംവിധാനം: ഫ്രാന്‍സിസ് മാര്‍പാപ്പ

 ദുര്‍ബലര്‍ക്കനുകൂലമായി സമ്പത്തിന്റെ പുനര്‍വിതരണത്തിനു വഴി തെളിക്കണം നികുതി സംവിധാനം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെയും ആലംബ രഹിതരുടെയും അന്തസ്സ് കാത്തു സൂക്ഷിക്കത്തക്കവിധത്തില്‍ സമ്പത്തിന്റെ പുനര്‍ വിതരണം സാധ്യമാക്കുന്നതാകണം നികുതി സംവിധാനമെന്ന് ഫ്രാന്‍സിസ് പാപ്പ. നികുതി പിരിവ് നീതിപൂര്‍വകമായാല്‍ പൊതു നന്മ പ്രോല്‍സാഹിപ്പിക്കപ്പെടുമെന്നും ഇറ്റലിയുടെ നികുതി വകുപ്പ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ചുങ്കം പിരിക്കുന്നതിനെക്കുറിച്ച് ബൈബിളില്‍ പ്രകടമാകുന്ന ചിന്തകളും നികുതിയുടെ സാമൂഹിക ലക്ഷ്യങ്ങളും മാര്‍പാപ്പ പങ്കുവച്ചു.

നികുതി വിഷയം വിശുദ്ധ ഗ്രന്ഥത്തില്‍ പതിവായി പ്രത്യക്ഷപ്പെടുന്നു എന്നും അത് വിശുദ്ധനാട് ഭരിച്ചിരുന്ന ഓരോ സര്‍ക്കാരിന്റെയും പ്രധാന പരിഗണനാ വിഷയമായിരുന്നുവെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ ഗ്രന്ഥം പണത്തിനു നേരെ ദോഷ ദൃഷ്ടി പായിക്കുന്നില്ല. മറിച്ച് അത് ശരിയായ രീതിയില്‍ ഉപയോഗിക്കാനും അതിന് അടിമകളാകാതിരിക്കാനും അതിനെ വിഗ്രഹമാക്കി മാറ്റാതിരിക്കാനുമുള്ള ഉദ്‌ബോധനം നല്‍കുന്നു. പുരാതന കാലത്തും ജീവിതത്തിന്റെ ഭാഗമായിരുന്നു നികുതിയെന്ന് ഇസ്രായേല്‍ രാജാക്കന്മാര്‍ പോലും അവരുടെ പ്രജകളുടെ മേല്‍ നികുതി ചുമത്തിയിരുന്നത് ബൈബിളില്‍ പരാമര്‍ശിക്കുന്നതു ചൂണ്ടിക്കാട്ടി പാപ്പാ പറഞ്ഞു.

പുരോഹിതനും രാജാവുമായിരുന്ന മെല്‍ക്കിസദേക്കില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷം അബ്രാഹം ചെയ്തതുപോലെ ഒരു വ്യക്തിയുടെ വരുമാനത്തിന്റെ പത്തിലൊന്ന് രാജാവിന് നല്‍കുന്നത് നികുതിയുടെ അധികം അറിയപ്പെടാത്തതും എന്നാല്‍ രസകരവുമായ ഒരു വശമാണ്. ഈ പഴയ സമ്പ്രദായത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ദേവാലയത്തില്‍ സേവനം ചെയ്യുന്ന പുരോഹിത ഗോത്രമായ ലേവ്യരെ പിന്തുണയ്ക്കുന്നതും അവരെ ശാരീരീക അദ്ധ്വാനത്തില്‍ നിന്ന് മാറ്റി നിറുത്തുന്നതും എന്ന് പഴയ നിയമത്തിലെ ലേവ്യരുടെ പുസ്തകത്തില്‍ കാണുന്ന ഭാഗം പാപ്പാ വിശദീകരിച്ചു. രക്ഷ ദൈവത്തില്‍ നിന്നാണ് വരുന്നത് എന്നതിനാല്‍ ആരും സ്വയം പര്യാപ്തരല്ല. ഏറ്റം അത്യാവശ്യക്കാരില്‍ നിന്നു തുടങ്ങി എല്ലാവരും പരസ്പരം ഉത്തരവാദിത്വം വഹിക്കണം. ഈ രണ്ടു കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങളുടെയുള്ളില്‍ പക്വത വളരാന്‍ ലേവ്യര്‍ക്കായുള്ള പത്തിലൊന്ന് സമ്പ്രദായം ഇടയാക്കി എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

നികുതി പിരിക്കുന്നവരായിരുന്ന സക്കേവൂസിന്റെയും മത്തായിയുടേയും യേശുവുമായുള്ള കണ്ടുമുട്ടലും മാനസാന്തരങ്ങളും പാപ്പാ വിശദീകരിച്ചു. മത്തായി, അവന്റെ സ്വന്തം സമ്പത്തും മറ്റുള്ളവരുടെ സമ്പത്തും കൈകാര്യം ചെയ്യുന്നത് അതു കഴിഞ്ഞും തുടര്‍ന്നിരിക്കാം. പക്ഷേ, അദ്ദേഹം അത് ചെയ്തത് അതുവരെ ഇല്ലാതിരുന്ന ഒരു യുക്തിയോടെയാവും; തന്റെ ഗുരു പഠിപ്പിച്ചതു പോലെ അഗതികളുടെ സേവനത്തിനായും സഹോദരീ സഹോദരരുമായി പങ്കിട്ടു കൊണ്ടും- പാപ്പാ പറഞ്ഞു.

നിയമസാധുത്വം, നിഷ്പക്ഷത, സുതാര്യത

തുടര്‍ന്ന് പാപ്പാ ഇറ്റലിയുടെ നികുതി വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ തത്വങ്ങളായ നിയമസാധുത്വം, നിഷ്പക്ഷത, സുതാര്യത എന്നിവ വിശകലന വിധേയമാക്കി. സാമ്പത്തിക കാര്യങ്ങളിലുള്ള നിയമസാധുത സാമൂഹ്യബന്ധങ്ങള്‍ സന്തുലിതമാക്കാനും അഴിമതിയുടേയും, അനീതിയുടേയും, അസമത്വത്തിന്റെയും ശക്തി നീക്കം ചെയ്യാനും ഉപകരിക്കും. അത് എല്ലാവര്‍ക്കും സംരക്ഷണവും സമത്വത്തിന്റെ ഉറപ്പും നല്‍കുകയും ചെയ്യുന്നു.അതേസമയം,നികുതിയെ നിയമപരതയുടെയും നീതിയുടേയും അടയാളമായി കാണാന്‍ ഒരു സാംസ്‌കാരിക മാറ്റം ആവശ്യമാണ് എന്നും പാപ്പാ പറഞ്ഞു.

നികുതി സംവിധാനം സമ്പത്തിന്റെ പുനര്‍ വിതരണത്തെ അനുകൂലിക്കുന്നതാകണം; ശക്തന്മാരാല്‍ ചവിട്ടി മെതിക്കപ്പെടുന്നതിന്റെ അപകടം പേറുന്ന ദരിദ്രരുടെയും അത്യാവശ്യക്കാരുടേയും അന്തസ്സ് കാത്തു സൂക്ഷിക്കാനും ഉതകണം. നികുതി പിരിക്കുന്നവര്‍ നീതി അഭ്യസിച്ചാല്‍ പൊതു നന്മ പ്രോല്‍സാഹിപ്പിക്കപ്പെടുമെന്നും പാപ്പാ അഭിപ്രായപ്പെട്ടു. സഭയുടെ സാമൂഹിക പ്രബോധനങ്ങളും വിശുദ്ധ ഗ്രന്ഥവും ചൂണ്ടിക്കാട്ടി 'വിഭവങ്ങളുടെ സാര്‍വ്വത്രിക ലക്ഷ്യം' മനസ്സിലാക്കി പൊതു നന്മയെ പ്രോല്‍സാഹിപ്പിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാവരോടും ആഹ്വാനം ചെയ്തു.

നികുതി ശേഖരണത്തിലുള്ള നിഷ്പക്ഷതയുടെ പ്രാധാന്യവും പാപ്പ ചൂണ്ടിക്കാട്ടി. സാമൂഹിക വര്‍ഗ്ഗ സിദ്ധാന്തങ്ങള്‍ക്കപ്പുറമായി, ഒരു പൗരനും അപരനേക്കാള്‍ മുന്‍പിലാണെന്ന ചിന്തയില്ലാതെ എല്ലാവരും സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ചുമതലയുള്ളവരാണെന്ന വിശ്വാസം വളര്‍ത്തുന്നു ഈ നിഷ്പക്ഷത. നികുതി വെട്ടിപ്പും നിയമവിരുദ്ധതയും വര്‍ദ്ധിക്കുന്നുണ്ടങ്കിലും നികുതി അടച്ച് പൊതുനന്മയ്ക്ക് സംഭാവന നല്‍കുന്ന ദശലക്ഷക്കണക്കിന് ആളുകളെ കുറിച്ച് നികുതി വകുപ്പിലെ ജീവനക്കാര്‍ക്ക് സാക്ഷ്യം നല്‍കാന്‍ കഴിയുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നികുതി പിരിവിലും സര്‍ക്കാര്‍ ചെലവിലുമുള്ള സുതാര്യത ഒരു പ്രധാന വശമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. 'പല തൊഴിലാളികളുടെയും ത്യാഗങ്ങളില്‍ നിന്നു വരുന്ന പണത്തിന്റെ നടത്തിപ്പിലെ സുതാര്യത, ആത്മാവിലെ സ്വാതന്ത്ര്യം വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് അസമത്വം മറികടക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നല്ല ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും പ്രാപ്യമാകാനും സാമ്പത്തിക വരുമാനം അനിവാര്യമാണ്. സാമൂഹികവും സാമ്പത്തികവുമായ ജീവിതം സുഗമമാക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ അതിലൂടെ യാഥാര്‍ത്ഥ്യമാകുന്നപക്ഷം നികുതി അടയ്ക്കാന്‍ ആളുകള്‍ക്ക് പ്രചോദനമാകും.- പാപ്പാ ചൂണ്ടിക്കാട്ടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.