സമ്മര്‍ദ്ദം താങ്ങാനാകാതെ ആശുപത്രികള്‍:യു.എസിന് വിദേശത്തു നിന്ന് വന്‍ തോതില്‍ നഴ്‌സുമാരെ വേണം

സമ്മര്‍ദ്ദം താങ്ങാനാകാതെ ആശുപത്രികള്‍:യു.എസിന് വിദേശത്തു നിന്ന് വന്‍ തോതില്‍ നഴ്‌സുമാരെ വേണം


വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം മൂലമുള്ള തിരക്ക് അനിയന്ത്രിതമായതോടെ അമേരിക്കയിലെ ആശുപത്രികളില്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷം.നഴ്സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പരിപാലനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് അമേരിക്കയിലേക്കെത്താനുള്ള സാഹചര്യമാണ് ഈ വിഷമ സന്ധിയോടെ വന്നുചേര്‍ന്നിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള വിദേശ പ്രൊഫഷണലുകള്‍ക്ക് ഈ വര്‍ഷം അസാധാരണമാംവിധം ഉയര്‍ന്ന തോതില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ലഭ്യമാണെന്ന് എമിഗ്രേഷന്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു; ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന്റെ ഇരട്ടി വരെ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് യു.എസ് കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടിയത് അമേരിക്കന്‍ പൗരത്വം കിട്ടിയ വിദേശ വംശജരുടെ ബന്ധുക്കള്‍ക്ക് വിസ കിട്ടുന്നതിനു തടസമായിരുന്നു.ഇക്കാരണത്താല്‍ ഉപയോഗിക്കാത്ത 'സ്ലോട്ടു'കള്‍ ഇപ്പോള്‍ യോഗ്യരായ വിദേശ പ്രൊഫഷണലുകള്‍ക്ക് ലഭ്യമാകും.

തന്റെ 18 വര്‍ഷത്തെ സേവന കാലത്ത് ഒരിക്കലും ഉണ്ടാകാത്ത വിധം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വിദേശ നഴ്‌സുമാര്‍ക്ക് യു എസില്‍ ഡിമാന്‍ഡ് കണ്ടതായി നെബ്രാസ്‌ക ഒമാഹയിലെ ഇമിഗ്രേഷന്‍ അറ്റോര്‍ണി ആമി എല്‍. എര്‍ല്‍ബാച്ചര്‍-ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഈ വര്‍ഷം, യുഎസ് കോണ്‍സുലാര്‍ ഓഫീസുകള്‍ക്ക് എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന പക്ഷം, വന്‍ തോതില്‍ നഴ്‌സുമാരെത്തും.
പതിറ്റാണ്ടുകളായി ലഭ്യമായ വിസകളുടെ ഇരട്ടിയാണ് നിലവില്‍ തങ്ങള്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു.

പലരും ആരോഗ്യ സംരക്ഷണ സേവനത്തില്‍ നിന്നു വിരമിക്കാനോ ജോലി ഉപേക്ഷിക്കാനോ ഇടയാക്കിയിട്ടുണ്ട് കോവിഡ് ബാധ.പൊതുവേ യുഎസ് ആശുപത്രികള്‍ നഴ്സുമാരുടെ ലഭ്യതക്കുറവിനോടു പൊരുതുകയാണ്. അതേസമയം, കൊറോണ വൈറസ് കേസുകള്‍ അനിയന്ത്രിതമാവുകയും ചെയ്യുന്നു. ഇത് ആരോഗ്യ പരിപാലന സംവിധാനത്തില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, കാലിഫോര്‍ണിയയില്‍ മാത്രം 40,000 നഴ്സുമാരുടെ കുറവുണ്ട്.മൊത്തം ആരോഗ്യ സംരക്ഷണ സേവന മേഖലയില്‍ 14 % പേരുടെ കുറവാണു നിലവിലുള്ളത്.

ഏജന്‍സികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ട്രാവലിംഗ് നഴ്സുമാരെ' നിയമിച്ചുകൊണ്ട് ആശുപത്രികള്‍ വിടവ് നികത്തുന്നു. പക്ഷേ അത് ചെലവേറിയതാണ്. ആവശ്യത്തിനനുസരിച്ച് ഓരോ വര്‍ഷവും യു.എസ് സ്‌കൂളുകളില്‍ നിന്ന് മതിയായത്ര നഴ്‌സുമാര്‍ ബിരുദം നേടുന്നില്ലെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ പറയുന്നു.

'ഗ്രീന്‍ കാര്‍ഡ് വസന്തം'

ചില ആശുപത്രികള്‍ ഫിലിപ്പീന്‍സ്, ജമൈക്ക, മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നഴ്‌സുമാരെ കൊണ്ടുവരുന്നുണ്ട്. കൂടുതല്‍ ആശുപത്രികള്‍ ഇപ്പോള്‍ ഈ രീതി പിന്തുടരുന്നു.സെപ്റ്റംബറില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ദീര്‍ഘകാല റിക്രൂട്ടര്‍മാരും പുതുമുഖങ്ങളും നിലവിലെ 'ഗ്രീന്‍ കാര്‍ഡ് വസന്തം' പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് വരാന്‍ അനുമതി കാത്തിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധിയാണെന്നതിനാല്‍ അവര്‍ക്കു മുന്നില്‍ വന്‍ അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്.

നഴ്സിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ജോലികള്‍ക്ക് സ്ഥിരമായി രാജ്യത്തേക്ക് വരാനൊരുങ്ങുന്നവര്‍ക്കായി ഓരോ വര്‍ഷവും കുറഞ്ഞത് 140,000 ഗ്രീന്‍ കാര്‍ഡുകളെങ്കിലും യുഎസ് വാഗ്ദാനം ചെയ്യുന്നു.ഇതില്‍ ഭൂരിഭാഗവും താല്‍ക്കാലിക വിസകളില്‍ ഇതിനകം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താമസിക്കുന്ന ആളുകള്‍ക്കാണ് നല്‍കുന്നത്. ഈ വര്‍ഷം, എണ്ണം 280,000 ആകുമെന്നാണു കണക്ക്.

നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് ട്രംപിന്റെ കാലത്തുണ്ടായ നയങ്ങള്‍ മാറ്റാനുള്ള നീക്കം തുടരുന്നു ബൈഡന്‍ ഭരണകൂടം.വിദേശ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ആരോഗ്യ പരിപാലനത്തിലേക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് വേഗത്തിലാക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പറഞ്ഞു. ഇത് ഇതിനകം തന്നെ യുഎസിലുള്ള ഒട്ടേറെ വിദേശ പൗരന്മാരെ ജോലിയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. പകര്‍ച്ചവ്യാധിയോട് പ്രതികരിക്കുന്ന വിഭാഗത്തില്‍പ്പെടുന്നവരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ വര്‍ഷം തന്നെ കോണ്‍സുലേറ്റുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.