ദുബായ് : ബഹുനില കെട്ടിടങ്ങളില്‍ നിന്ന് കുട്ടികള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി യുഎഇയിലെ അധികൃതര്‍. ശൈത്യകാലത്ത് ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഷാര്‍ജ, ഫുജൈറ പോലീസ് ഡിപ്പാര്‍ട്ട്മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയു.
പല കുടുംബങ്ങളും അവരുടെ ജനാലകള്‍ അശ്രദ്ധമായി തുറന്നിടുകയും പുറത്ത് ബാല്‍ക്കണിയില്‍ ഇരിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ചെറിയ കുട്ടികളെ സംരക്ഷിക്കാന്‍ ബാറുകള്‍ അഥവാ നെറ്റ് പോലുള്ള നിയന്ത്രണ സംവിധാനം സ്ഥാപിക്കണമെന്ന് അധികാരികള്‍ കുടുംബങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കുട്ടികള്‍ അബദ്ധത്തില്‍ വീഴുന്നത് തടയാന്‍ ജനല്‍ ബമ്പറുകള്‍ സ്ഥാപിക്കാനും ഫര്‍ണിച്ചറുകളും കളിപ്പാട്ടങ്ങളും ജനലുകളില്‍ നിന്ന് അകറ്റി നിര്‍ത്താനും ഫുജൈറ പോലീസ് നിര്‍ദ്ദേശിച്ചു. യുഎഇയില്‍ കഴിഞ്ഞ ദിവസം ബഹുനില കെട്ടിടങ്ങളില്‍ നിന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ബാല്‍ക്കണിയിലേക്കുള്ള വാതിലുകളും ഫ്ളാറ്റിന്റെ ജനാലകളും കൃത്യമായി അടക്കണമെന്നും അശ്രദ്ധ പാടില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
2012 നും 2022 നും ഇടയില്‍ യുഎഇയില്‍ 30 ലധികം കുട്ടികള്‍ ജനാലകളില്‍ നിന്നോ ബാല്‍ക്കണിയില്‍ നിന്നോ വീണ് മരിച്ചെന്നാണ് കണക്കുകള്‍. മാതാപിതാക്കളുടെ അശ്രദ്ധയും ബാല്‍ക്കണിയിലോ ജനാലകള്‍ക്ക് സമീപമോ ഉള്ള ഫര്‍ണിച്ചറുകളുടെയും വിവിധ വസ്തുക്കളുടെ സാന്നിധ്യവുമാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. ബാല്‍ക്കണികളുടെ വാതില്‍ പലരും അലക്ഷ്യമായി തുറന്നിടുന്നു. കൈവരികളുടെ സമീപം ചെടിച്ചട്ടികളും മറ്റ് ഫര്‍ണിച്ചറുകളും വെക്കുന്നതും അപകടത്തിലേക്ക് നയിക്കുന്നുണ്ട്.
ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ബാല്‍ക്കണികളിലേക്കെത്തുന്ന കുട്ടികള്‍ ഇത്തരം വസ്തുക്കളില്‍ കയറുമ്പോഴാണ് ദുരന്തം സംഭവിക്കുന്നത്. അഴികളില്ലാത്ത ജനാലകളാണ് മിക്ക ഫ്ളാറ്റുകളിലുമുള്ളത്. ഇതിന് സമീപം വെക്കുന്ന വസ്തുക്കളില്‍ കയറിയും കുട്ടികള്‍ താഴേക്ക് വീണു അപകടം സംഭവിക്കുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ രണ്ടിടങ്ങളിലായി പത്തും എട്ടും വയസ്സുള്ള രണ്ടു കുട്ടികളാണ് ബഹു നിലകെട്ടിടത്തില്‍ നിന്നും വീണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.