'ഈ ആശ്വാസം അധികം നീളില്ല': തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധന വിലക്കുതിപ്പ് വീണ്ടും ഉറപ്പെന്ന് വിദഗ്ധര്‍

 'ഈ ആശ്വാസം അധികം നീളില്ല': തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ധന വിലക്കുതിപ്പ് വീണ്ടും ഉറപ്പെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ധന വില വര്‍ധനയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള ആശ്വാസ കാലമെത്തുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. ക്രൂഡ് വില രാജ്യാന്തര വിപണിയില്‍ ബാരലിന് 100 ഡോളറിലേക്കു കുതിക്കുമ്പോഴും രാജ്യത്തെ ഇന്ധന വില അനങ്ങാതെ നില്‍ക്കുന്നതിന് വിപണി വദഗ്ധരില്‍ നിന്നുള്ള വിശദീകരണവും ഈ ദിശയില്‍ തന്നെ.

ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത മാസം കഴിയുന്നതോടെ എന്തായാലും വില വര്‍ധന ഉറപ്പ്. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 18-20 രൂപ വരെ ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല, തലചുറ്റി വീഴരുതെന്ന മുന്നറിയിപ്പാണ് പല നിരീക്ഷകരും നല്‍കുന്നത്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ ഉള്ളപ്പോള്‍, 2021 നവംബറിലാണ് അവസാനമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചത്. അതിനുശേഷം ഏതാണ്ട് 25 ശതമാനത്തോളം ക്രൂഡ് വില രാജ്യാന്തര വിപണിയില്‍ ഉയര്‍ന്നുകഴിഞ്ഞു.ഇത്ര ദീര്‍ഘനാള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്ലാതെയിരിക്കുന്നത് ഏറെക്കാലത്തിന് ശേഷം ഇതാദ്യമായാണ്.

രാജ്യസഭയില്‍ എണ്ണ, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തെലി എഴുതി സമര്‍പ്പിച്ച മറുപടിയിലെ കണക്കുകള്‍ ശ്രദ്ധേയമാണ്. രാജ്യത്തെ മൊത്തം പെട്രോള്‍ പമ്പുകളില്‍ 12 ശതമാനം ഉത്തര്‍ പ്രദേശിലാണ്. 2022 ജനുവരി ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ പൊതു, സ്വകാര്യമേഖലാ എണ്ണ വിതരണ കമ്പനികള്‍ക്ക് മൊത്തം 81,099 റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളാണുള്ളത്. യു.പിയില്‍ മാത്രമുള്ളത് 9,942 പെട്രോള്‍ പമ്പുകള്‍. 7,468 എണ്ണവുമായി മഹാരാഷ്ട്രയാണ് രണ്ടാമത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.