അതിര്‍ത്തി നിയന്ത്രണം: പടിഞ്ഞാറന്‍ ഓസ്ട്രേലിയ ഉത്തരകൊറിയ പോലെയെന്ന് ക്വാണ്ടസ് മേധാവി

അതിര്‍ത്തി നിയന്ത്രണം: പടിഞ്ഞാറന്‍ ഓസ്ട്രേലിയ ഉത്തരകൊറിയ പോലെയെന്ന് ക്വാണ്ടസ് മേധാവി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉത്തര കൊറിയയുടേതിനു സമാനമാണെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ക്വാണ്ടസ് മേധാവി. കൊറിയ വിഭജിച്ചു രണ്ടായതുപോലെ സംസ്ഥാനത്തിന്റെ കര്‍ക്കശമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയെ രണ്ടായി വിഭജിച്ചുവെന്ന് സി.ഇ.ഒ അലന്‍ ജോയ്സ് പറഞ്ഞു

പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ സ്വേച്ഛാധിപതിയെന്നു വിശേഷിപ്പിക്കുന്നില്ലെങ്കിലും താന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അലന്‍ ജോയ്സ് ഓസ്‌ട്രേലിയന്‍ മാധ്യമമായ എബിസിയോടു പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു; കൊറിയ വിഭജിക്കപ്പെട്ടതുപോലെ'. ഉത്തര കൊറിയയുടെ ഒരു ഭാഗമാണ് തങ്ങളിപ്പോള്‍ എന്നാണ് എല്ലാവര്‍ക്കും തോന്നുന്നത്. യാത്രയുടെ കാര്യത്തില്‍ എല്ലായിടത്തും നിയന്ത്രണങ്ങള്‍.

ഫെബ്രുവരി അഞ്ചിന് സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്ന് അനിശ്ചിത കാലത്തേക്കു മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി ക്വാണ്ടസ് സി.ഇ.ഒ രംഗത്തുവന്നത്.

അതിര്‍ത്തികള്‍ എന്നു തുറക്കും എന്നതു സംബന്ധിച്ച് ഒരു പദ്ധതി പോലും പടിഞ്ഞാറന്‍ ഓസ്ട്രേലിയയ്ക്കില്ല. ഉത്തര കൊറിയയുടേതിന് സമാനമായ അവസ്ഥയാണ് ഇവിടെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ. മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഇവിടേക്കു യാത്ര ചെയ്യാനാവില്ല.

അതിര്‍ത്തി നിയന്ത്രണങ്ങള്‍ അഞ്ചിന് അവസാനിക്കുമെന്ന പ്രതീക്ഷയില്‍ പെര്‍ത്തിലേക്ക് ഏകദേശം 20,000 പേരാണ് ക്വാണ്ടസ് വിമാനത്തില്‍ ബുക്ക് ചെയ്തത്. സര്‍വീസിനായി വിമാനം തയ്യാറാക്കുകയും ചെയ്തു. ഷെഡ്യൂളുകളും തീരുമാനിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി. അവസാനം എല്ലാം വെറുതെയായി.

ഇത്തരം കര്‍ശനമായ നിയന്ത്രണങ്ങള്‍ സാമ്പത്തികമായി സംസ്ഥാനത്തിന് വലിയ തിരിച്ചടിയായേക്കും. നീണ്ട കാലമുള്ള ഇത്തരം അനിശ്ചിതത്വം ബിസിനസില്‍ നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.

'ഉത്തര കൊറിയ' പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക് മക്ഗോവന്റെ വക്താവ് രംഗത്തെത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും വ്യവസായം സുരക്ഷിതമായി മുന്നോട്ടു നയിക്കുന്നതിലുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രദേശത്തെ ചിലരില്‍ നിന്നുള്ള ഇത്തരം നിസാരമായ അഭിപ്രായ പ്രകടനങ്ങള്‍ പുതിയ കാര്യമല്ലെന്ന് വക്താവ് പറഞ്ഞു.

'ഒമിക്രോണ്‍ എല്ലാ തീരുമാനങ്ങളും മാറ്റിമറിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ വ്യവസായത്തെയും ജീവിതത്തെയും ജോലിയെയും ഗുരുതരമായ ബാധിച്ച രോഗബാധയുടെ പ്രത്യാഘാതം കുറയ്ക്കാനാണ് ഇവിടെ സര്‍ക്കാര്‍ ശ്രമിച്ചത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയക്കാരുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ക്വാണ്ടസ് ഉള്‍പ്പെടെയുള്ള ബിസിനസുകളെ പിന്തുണച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.