സെല്‍ഫി എടുത്തയച്ച് ഉഷാറായി ജെയിംസ് വെബ്; വിദൂര താരത്തിന്റെ ദീപരേണുക്കളും കൈപ്പറ്റി നാസ

സെല്‍ഫി എടുത്തയച്ച് ഉഷാറായി ജെയിംസ് വെബ്; വിദൂര താരത്തിന്റെ ദീപരേണുക്കളും കൈപ്പറ്റി നാസ

ന്യൂയോര്‍ക്ക് : സെല്‍ഫി എടുത്തയച്ച് തികഞ്ഞ അനുസരണയോടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി 'ട്രയല്‍ ജോലി'വിജയിപ്പിച്ചതായി നാസ. 258 പ്രകാശവര്‍ഷം അകലെയുള്ള ഉര്‍സ മേജര്‍ നക്ഷത്രസമൂഹത്തില്‍ നിന്നുള്ള പ്രകാശം പിടിച്ചെടുത്ത് ഭൗമിയിലേക്കയക്കുകയെന്ന ആദ്യ നിര്‍ദ്ദേശവും പിഴവില്ലാതെ നിറവേറ്റി. ഈ ആദ്യ ചിത്രവും സെല്‍ഫിയും നാസ പുറത്തുവിട്ടു.

ഭീമാകാരമായ സ്വര്‍ണ്ണ കണ്ണാടി ഉള്‍പ്പെടുന്ന ഭാഗമാണ് സെല്‍ഫിയില്‍ പകര്‍ത്തി നാസയിലേക്ക് എത്തിച്ചത്. ബഹിരാകാശ ദൂരദര്‍ശിനിയിലെ പ്രൈമറി മിററിലെ 18 സെഗ്മെന്റുകളും ദൗത്യം ആരംഭിച്ച് ഒന്നര മാസത്തിനുള്ളില്‍ തന്നെ ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന കാര്യവും ഇതോടെ വ്യക്തമായതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു.ഉര്‍സ മേജര്‍ നക്ഷത്രസമൂഹത്തില്‍ നിന്നുള്ള പ്രകാശ രേണുക്കള്‍ ജെയിംസ് വെബ് വഴി കൈപ്പറ്റാന്‍ കഴിഞ്ഞതിനെപ്പറ്റി ബാള്‍ട്ടിമോറിലുള്ള സ്പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാര്‍ഷല്‍ പെറിന്‍ പറഞ്ഞു:'അതൊരു അത്ഭുതകരമായ നിമിഷം തന്നെയായിരുന്നു.'

കറുത്ത പശ്ചാത്തലത്തിലുള്ള വെളുത്ത ഡോട്ടുകള്‍ ആയാണ് സ്വര്‍ണ്ണ കണ്ണാടിയുടെ സെഗ്മെന്റുകള്‍ സെല്‍ഫിയില്‍ കാണുന്നത്. എച്ച്ഡി 84406 ഉര്‍സ മേജര്‍ നക്ഷത്രസമൂഹത്തിലെ തിളങ്ങുന്ന, ഒറ്റപ്പെട്ട നക്ഷത്രവും കാണാം. അടുത്ത കുറച്ച് മാസങ്ങളില്‍, ഷഡ്ഭുജാകൃതിയിലുള്ള മിറര്‍ സെഗ്മെന്റുകള്‍ - ഓരോന്നും ഒരു കോഫി ടേബിളിന്റെ വലുപ്പം - വിന്യസിച്ച ശേഷം ഒരുമിച്ച് ഫോക്കസ് ചെയ്യും.ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജൂണ്‍ അവസാനത്തോടെ ശാസ്ത്ര നിരീക്ഷണങ്ങള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കാന്‍ അനുമതി നല്‍കും.

പ്രായമായ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ പിന്‍ഗാമിയാണ് 10 ബില്യണ്‍ ഡോളറിന്റെ (75,600 കോടി രൂപ) ഈ ഇന്‍ഫ്രാറെഡ് ഒബ്‌സര്‍വേറ്ററി.ഹബിളിന്റെ കണ്ണാടിയിലുണ്ടായിരുന്ന തകരാര്‍ 1990-ലെ വിക്ഷേപണത്തിനുശേഷം വൈകിയാണ് നാസ കണ്ടെത്തിയത്;മൂന്ന് വര്‍ഷത്തിലേറെ കാലം കഴിഞ്ഞ്് ദൂരദര്‍ശിനിയുടെ മങ്ങിയ കാഴ്ച ബഹിരാകാശ സഞ്ചാരികള്‍ ശരിയാക്കി. ഏകദേശം 14 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ചത്തില്‍ രൂപപ്പെട്ട ആദ്യത്തെ നക്ഷത്രങ്ങളില്‍ നിന്നും ഗാലക്‌സികളില്‍ നിന്നും വെളിച്ചം തേടുകയെന്ന സുപ്രധാന ദൗത്യമാണ് ജെയിംസ് വെബിന്റെ ചുമലിലുള്ളത്. ജീവന്റെ സാധ്യമായ ഏതെങ്കിലും അടയാളങ്ങള്‍ക്കായി ഇത് അന്യഗ്രഹ ലോകങ്ങളുടെ അന്തരീക്ഷവും പരിശോധിക്കും.

ഇതുവരെ എല്ലാം മികച്ച രീതിയിലാണെങ്കിലും, അടുത്ത മാസത്തോടെ കണ്ണാടികളെല്ലാം പിഴവുകളില്ലാതെ അതിസൂക്ഷ്മമായി ക്രമീകരിക്കാന്‍ കഴിയുകയെന്നതാണ് ്എഞ്ചിനീയര്‍മാര്‍ക്ക് മുന്നിലുള്ള അടുത്ത സുപ്രധാന പ്രക്രിയ. സ്വര്‍ണ്ണം പൂശിയ കണ്ണാടിക്ക് 21 അടി വ്യാസം വരും. ബഹിരാകാശത്ത് ഇതുവരെ എത്തിയതില്‍ വച്ച് ഏറ്റവും വലുത്. ദൂരദര്‍ശിനിയിലെ ഇന്‍ഫ്രാറെഡ് ക്യാമറ പകര്‍ത്തുന്നത് നക്ഷത്രത്തിലേക്ക് തിരിച്ച കണ്ണാടിയിലെ പ്രതിഫലനമാണ്.



ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ളതാണ് ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിന്റെ സ്വര്‍ണത്തില്‍ നിര്‍മിച്ച കണ്ണാടി. ഇത് ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒരു പോലെ പ്രവര്‍ത്തിക്കുമെന്നത് വലിയ നേട്ടമാണ്. ഇന്‍ഫ്രാറെഡ് കരണങ്ങളെ നേരിടാനുള്ള ശേഷിയും സുപ്രധാനം.

ജെയിംസ് വെബ് ദൂരദര്‍ശിനി ഡിസംബറിലാണ് തെക്കേ അമേരിക്കയില്‍ നിന്ന് വിക്ഷേപിച്ചത്. 15 ലക്ഷം കിലോമീറ്റര്‍ അകലെ അതിന്റെ നിയുക്ത സ്ഥാനത്തെത്തി, കഴിഞ്ഞ മാസം.'പ്രോജക്റ്റിനൊപ്പമുള്ള എന്റെ ജോലി 20 വര്‍ഷമായി തുടരുന്നു. ഇതുവരെ എല്ലാം നന്നായി പ്രവര്‍ത്തിക്കുന്നത് അവിശ്വസനീയം' ഇന്‍ഫ്രാറെഡ് ക്യാമറയുടെ പ്രധാന ശാസ്ത്രജ്ഞയായ അരിസോണ സര്‍വകലാശാലയിലെ മാര്‍സിയ റൈക്ക് പറഞ്ഞു. പ്രപഞ്ചത്തിന്റെ നിര്‍ണായക രഹസ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫോട്ടോകളും ഡാറ്റയും ജൂണ്‍ മാസത്തിനു ശേഷം ജെയിംസ് വെബ് അയച്ചുതരുമെന്ന പ്രതീക്ഷയിലാണ് നാസ.

നാസയുടെ പുതുതലമുറ ടെക്‌നോളജി വഴി ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഏകദേശം മൂന്ന് പതിറ്റാണ്ടെടുത്താണ് നിര്‍മിച്ചത്. കെപ്‌ളര്‍ പോലെ ബഹിരാകാശത്ത് വന്‍ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ സഹായിക്കുന്നതാണ് ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ്. ഈ ടെലസ്‌കോപ്പ് കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ വന്‍ കണ്ടെത്തലുകള്‍ നടത്താനാകുമെന്നാണ് നാസ ഗവേഷകരുടെ പ്രതീക്ഷ. മഹാവിസ്‌ഫോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങിയ വസ്തുതകള്‍ പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് പഠനവിധേയമാക്കും. ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജീവന്റെ ഉദ്ഭവം എന്നിവ കണ്ടെത്താനും ലക്ഷ്യമിടുന്നു.

https://cdn.vox-cdn.com/thumbor/qCwtU6BoT2iMkT9yCO_pamx3jz8=/0x0:1268x856/920x0/filters:focal(0x0:1268x856):format(webp):no_upscale()/cdn.vox-cdn.com/uploads/chorus_asset/file/23235400/Screen_Shot_2022_02_11_at_9.36.43_AM.png


https://cdn.vox-cdn.com/thumbor/qsQFfewDKhlYiIRU98fF8Vrm1Zc=/0x0:1266x848/920x0/filters:focal(0x0:1266x848):format(webp):no_upscale()/cdn.vox-cdn.com/uploads/chorus_asset/file/23235401/Screen_Shot_2022_02_11_at_9.36.57_AM.png


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.