ന്യൂഡല്‍ഹി/ധാക്ക: ബഹുജന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയെന്ന കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിത. ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറാന്‍ ഒരു സാധ്യതയുമില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
അധികാരത്തില്‍ നിന്ന് സ്ഥാനഭൃഷ്ടയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഹസീന 2024 ഓഗസ്റ്റില്‍ ഇന്ത്യയില്‍ അഭയം തേടിയിരുന്നു. അവരെ വിട്ടു നല്‍കണമെന്ന് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയായ ഇടക്കാല സര്‍ക്കാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
തന്റെ അമ്മ ഇന്ത്യയില്‍ സുരക്ഷിതയായി തുടരുമെന്ന് മകനും ഹസീന സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായിരുന്ന സജീബ് വാസദും കുറച്ചുനാള്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഹസീന ഇന്ത്യയില്‍ സുരക്ഷിതയാണെന്നും ഇന്ത്യന്‍ സുരക്ഷാ സേന അവരെ സംരക്ഷിക്കുമെന്നുമായിരുന്നു സജീബ് വാസദിന്റെ പ്രതികരണം.
അതേ സമയം ഹസീനയ്ക്ക് വധ ശിക്ഷ വിധിച്ച ഉത്തരവിന് പിന്നാലെ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയില്‍ കരഘോഷങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1400 ല്‍ അധികം പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ബംഗ്ലാദേശ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൈനിക നടപടി കേസിലാണ് ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതി വിധി പറഞ്ഞത്.
ഷെയ്ഖ് ഹസീനയ്ക്ക് പുറമെ മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാനും കോടതി വധ ശിക്ഷ വിധിച്ചിട്ടുണ്ട്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് അസദുസമാന്‍ ഖാന്‍ കമാലിനെതിരായ വിധിയിലും ചുമത്തിയിരിക്കുന്ന കുറ്റം.
സൈനിക നടപടിയില്‍ ഉള്‍പ്പെടെ പ്രക്ഷോഭ കാലത്ത് ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2024 ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ ആയിരുന്നു സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. 1971 ലെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ഏറ്റവും മോശം സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ധാക്കയിലെ അന്താരാഷ്ട്ര ട്രിബ്യൂണല്‍ ഉത്തരവ് രാഷ്ട്രീയ പ്രേരിതമെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. വിധി പ്രഖ്യാപിച്ച കോടതിയെ കപട ട്രിബ്യൂണല്‍ എന്നാണ് ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. നടപടികള്‍ ജനാധിപത്യപരമായിരുന്നില്ല. അവ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമായിരുന്നു എന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.