ബെംഗ്‌ളൂരു: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണം വിജയം. പിഎസ്എല്‍വി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്.
ആധുനീക റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് 4നെയാണ് പുലര്‍ച്ചെ 5.59 ന് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണ കേന്ദ്രത്തില്‍ നിന്നുമാണ് പിഎസ്എല്‍വി സി 52 റോക്കറ്റ് പേടകവുമായി കുതിച്ചത്.
വിക്ഷേപണത്തിന്റെ മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഇഒഎസ് ഉപഗ്രഹം നിശ്ചിത സൗരസ്ഥിര ഭ്രമണ പഥത്തിലിറങ്ങി. 1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യവും സൂഷ്മവുമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാനാവും. ഫ്‌ളഡ് മാപ്പിങ്ങിനടക്കമുള്ള ഏറ്റവും ആധുനീക സംവിധാനങ്ങളുമുണ്ട്.
ഇഒഎസ് 4നൊപ്പം രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ലക്ഷ്യത്തിലെത്തി. ഇന്ത്യ- ഭൂട്ടാന്‍ സംയുക്ത സംരഭമായ ഐ എന്‍ എസ് -2 ടിഡിയാണ് ഇവയില്‍ ഒന്ന്. തെര്‍മല്‍ ഇമേജിംങ് ക്യാമറയാണ് ഇതിന്റെ പ്രത്യേകത. 17.5 കിലോഗ്രാം ഭാരമുള്ള പരീക്ഷണ ഉപഗ്രഹമാണിത്. തിരുവനന്തപുരം വലിയമല ബഹിരാകാശ സര്‍വ്വകലാശാലയുടെ ഇന്‍സ്പയര്‍ സാറ്റ് - 1 ആണ് രണ്ടാമത്തെ പേടകം. 8.5 കിലോഗ്രാം ഭാരമുള്ള സ്റ്റുഡന്റ്‌സാറ്റ് ലൈറ്റാണിത്. സിംങ്കപ്പൂര്‍, തൈവാന്‍ എന്നിവരുടെ പരീക്ഷണ ഉപകരണങ്ങള്‍ കൂടി ഇതിലുണ്ട്. സൂര്യനെ പറ്റി പഠിക്കുകയാണ് ലക്ഷ്യം.
കൊറോണ സ്യഷ്ടിച്ച പ്രതിസന്ധി ഐഎസ്ആര്‍ഒയുടെ വിക്ഷേപണങ്ങളെ ബാധിച്ചിരുന്നു. ജിഎസ്എല്‍വി എഫ് 10 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്. ഈ വര്‍ഷം ഗഗന്‍യാന്‍ ആദ്യ പരീക്ഷണ പറക്കലടക്കം പത്ത് ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.