ന്യുഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് മൂന്ന് വര്‍ഷം. ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ അറിഞ്ഞതും ഈ സംഭവത്തിന് ശേഷമാണ്. 2019ലാണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് നാല്‍പ്പത് സൈനികരെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ആ സൈനികരുടെ ധീരതയും ജീവത്യാഗവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുകയും ശക്തമായതും സമാധാനം പുലരുന്നതുമായ ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
പുല്‍വാമയില്‍ അന്ന് സംഭവിച്ചത് 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു. പുല്‍വാമയിലെ അവന്തിപോറയില്‍ സ്ഫോടക വസ്തുകള്‍ നിറച്ച വാഹനം ജമ്മു-ശ്രീനഗര്‍ ഹൈവേയിലേക്ക് പ്രവേശിക്കുകയും, ഇത് സൈനിക വാഹന വ്യൂഹത്തിലൊരു വാഹനത്തെ മറികടക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ആറാമത്തെ ബസ് കൂടി തകര്‍ന്നു. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 39 പേരും വാഹനവ്യൂഹത്തിലെ അഞ്ചാമത് ബസിലുള്ളവരായിരുന്നു. ആറാമത്തെ ബസിലുണ്ടായിരുന്ന അഞ്ചോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 78 വാഹനങ്ങളുടെ വലിയൊരു നിര തന്നെയായിരുന്നു ഹൈവേയിലൂടെ എന്ന് സഞ്ചരിച്ചത്. 2547 ജവാന്മാരാണ് ആകെ ഉണ്ടായിരുന്നത്.
ജമ്മുവിലെ ക്യാമ്പില്‍ നിന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയായിരുന്നു യാത്ര തിരിച്ചത്. ഇതില്‍ പലരും അവധി കഴിഞ്ഞ് തിരിച്ചെത്തിയവരായിരുന്നു. പലര്‍ക്കും ഡ്യൂട്ടി സ്ഥലത്തേക്ക് പോകേണ്ട വാഹനമായിരുന്നു ഇത്. ഭീകരാക്രമണം ഇന്ത്യയില്‍ വലിയ ചര്‍ച്ചയായി. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുകയും ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമതി നല്‍കുകയുമായിരുന്നു.
കണ്ണീരിന് പ്രതികാരം ചെയ്യുമെന്ന് മോഡി അന്ന് വ്യക്തമാക്കി. സ്ഥലവും സന്ദര്‍ഭവും നോക്കി തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്താകെ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവും നടന്നിരുന്നു. ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പാകിസ്ഥാനില്‍ ചെന്നായിരുന്നു ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.
ബാലാകോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ബോംബിട്ട് തകര്‍ത്തു. ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കും ഇന്ത്യ തുടക്കമിട്ടു. മെയ് ഒന്നിന് ആ പ്രഖ്യാപനം വരികയും ചെയ്തു. ഐക്യരാഷ്ട്രസഭയിലെ നീക്കങ്ങളും നിര്‍ണായകമായി. ദേശീയ അന്വേഷണ ഏജന്‍സി 13500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മസൂദ് അസ്ഹര്‍ അടക്കമുള്ള ഭീകരര്‍ക്കെതിരെയായിരുന്നു ഇതിലെ പരാമര്‍ശങ്ങളില്‍ ഏറെയും. തീവ്രവാദികളും അവരോട് അനുഭാവം ഉള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.