തിരുവനന്തപുരം: അമ്പലമുക്ക് വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെ ചെടിക്കടയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ ശേഷം പ്രതി ഉപേക്ഷിച്ച ഷര്‍ട്ടും പൊലീസ് കണ്ടെത്തി. മുട്ടട ആലപ്പുറം കുളത്തിലാണ് ഷര്‍ട്ട് ഉപേക്ഷിച്ചത്.
സംഭവ ദിവസം പ്രതി ഓട്ടോയില്‍ കയറി ആലപ്പുറം കുളത്തിന് സമീപമിറങ്ങിയ ശേഷം കൊലപ്പെടുത്താനുപയോഗിച്ച കത്തിയും കൃത്യം നടത്തുമ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് കണ്ടെത്തിയ വസ്ത്രം തന്റേത് തന്നെയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തിയ സ്ഥലവും കൊലപ്പെടുത്തിയ രീതിയും രാജേന്ദ്രന്‍ പൊലീസിനോട് വിവരിച്ചു. തെളിവെടുപ്പിനിടെ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് നാട്ടുകാര്‍ രാജേന്ദ്രനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കി തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു.
കടയിലെ തെളിവെടുപ്പിന് ശേഷമാണ് പ്രതിയുമായി പൊലീസ് സംഘം മുട്ടട കുളത്തിലേക്ക് പോയത്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബാ ഡൈവിംഗ് വിദഗ്ധരെത്തിയാണ് പ്രതിയുടെ ഷര്‍ട്ട് മുങ്ങിയെടുത്തത്. കുളത്തില്‍ നിന്ന് കത്തി കണ്ടെത്താനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചു. മുക്കാല്‍ മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും കത്തി കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ശ്രമം ഉപേക്ഷിച്ചത്.
തെളിവെടുപ്പിനായി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പേരൂര്‍ക്കട എസ്.എച്ച്.ഒ സജികുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഫെബ്രുവരി ആറ് ഞായറാഴ്ച രാവിലെ 11.30 നാണ് അമ്പലമുക്ക് ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശിനിയായ വിനീതയെ തമിഴ്നാട് കാവല്‍ക്കിണര്‍ സ്വദേശി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.