കൊടും ക്രൂരതയ്ക്ക് ഇന്ന് ഏഴു വര്‍ഷം; ഇസ്ലാമിക തീവ്രവാദികള്‍ 21 കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്ത് കൊന്നത് 2015 ഫെബ്രുവരി 15 ന്

കൊടും ക്രൂരതയ്ക്ക് ഇന്ന് ഏഴു വര്‍ഷം; ഇസ്ലാമിക തീവ്രവാദികള്‍ 21 കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്ത് കൊന്നത് 2015 ഫെബ്രുവരി 15 ന്

കെയ്‌റോ: ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊന്ന കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് ഇന്ന് ഏഴു വര്‍ഷം.

2015 ഫെബ്രുവരി 12 നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് അവരുടെ ഓണ്‍ലൈന്‍ മാസികയായ 'ഡാബികി'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്.

ഫെബ്രുവരി 15 ന് സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുന്‍പ് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് തീവ്രവാദികള്‍ പുറത്തുവിട്ടത്. ഇസ്ലാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരുന്നു 21 പേരെയും വധിച്ചത്.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയന്‍ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങള്‍ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയര്‍ത്തിയിരുന്നു. മാര്‍ട്ടിന്‍ മോസ്ബാക്ക് എന്ന ജര്‍മ്മന്‍ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍ ഇവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു.

രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളില്‍ 13 പേര്‍ ജീവിച്ചിരുന്ന ഈജിപ്തിലെ എല്‍ ഓര്‍ എന്ന പട്ടണത്തില്‍ മാര്‍ട്ടിന്‍ മോസ്ബാക്ക് സന്ദര്‍ശനം നടത്തി രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങള്‍ സംഭവിക്കുന്നതായി മനസിലാക്കി. ഇക്കാര്യം പുസ്തകത്തില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാര്‍ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് വലിയ പ്രചോദനമാണ്. അതേസമയം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ ഈജിപ്തിലെ മിന്യാ രൂപതയില്‍ ഫെബ്രുവരി ഒന്നിനാ രംഭിച്ച 15 ദിവസം നീണ്ട അനുസ്മരണ പരിപാടി ഇന്ന് സമാപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.