ക്രൂഡ് ഓയില്‍ ലഭ്യത കൂട്ടാന്‍ സൗദി അറേബ്യയുടെ പിന്തുണ തേടി ബൈഡന്‍ ; ഉന്നത ദൂതന്മാര്‍ റിയാദില്‍

 ക്രൂഡ് ഓയില്‍ ലഭ്യത കൂട്ടാന്‍ സൗദി അറേബ്യയുടെ പിന്തുണ തേടി ബൈഡന്‍ ; ഉന്നത ദൂതന്മാര്‍ റിയാദില്‍

വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ ആശങ്ക രൂക്ഷമാകവേ, അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ വൈറ്റ് ഹൗസ് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സൗദി അറേബ്യയിലേക്ക് അയച്ചു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗുര്‍ക്കും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഊര്‍ജ്ജ വിഭാഗ മേല്‍നോട്ടച്ചുമതലയുള്ള അമോസ് ഹോഷ്സ്റ്റീനുമാണ് റിയാദില്‍ എത്തിയതെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് സ്ഥിരീകരിച്ചു.

റഷ്യ ഉള്‍പ്പെടുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കണ്‍സോര്‍ഷ്യമായ ഒപെക് പ്ലസിനോടുള്ള പ്രതിബദ്ധത കാരണം ഉല്‍പാദനത്തിലെ ഏത് മാറ്റത്തെയും സൗദി പ്രതിരോധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ജോ ബൈഡനും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ സൗദി അറേബ്യയിലേക്കുള്ള യാത്ര. 'ആഗോള ഊര്‍ജ വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനെക്കുറിച്ച്' ഇരുവരും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം അമേരിക്കക്കാര്‍ക്ക് വേദനയില്ലാത്തതായിരിക്കാന്‍ സാധ്യതയില്ലെന്ന് ബൈഡന്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു.'ഊര്‍ജ വിലയില്‍ അതിന്റെ സ്വാധീനം ഉണ്ടാകാം. അതിനാല്‍, വിലക്കയറ്റം പരമാവധി ഒഴിവാക്കി നമ്മുടെ ഊര്‍ജ്ജ വിപണികളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സജീവമായ നടപടികള്‍ കൈക്കൊള്ളുകയാണ്.'-ബൈഡന്‍ അറിയിച്ചു.

ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്ന് ഊര്‍ജ്ജ വിപണിയിലെ വിദഗ്ധര്‍ ഉറപ്പു പറയുന്നു.ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകളുടെ വില തിങ്കളാഴ്ച ബാരലിന് 96 ഡോളറിന് മുകളിലായി ഉയര്‍ന്നു.ഇത് ലോകമെമ്പാടുമുള്ള പണപ്പെരുപ്പ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സിഎന്‍എന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു. 2014 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിപ്പോള്‍.

ഉപരോധം വന്നാല്‍ താളം തെറ്റും

റഷ്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്‍പ്പാദക രാജ്യമാണ്. റഷ്യയെ ആക്രമിക്കുകയും യുഎസ് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ റഷ്യന്‍ എണ്ണ ലോക വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടും. അതോടെ വില ഇനിയും കുതിക്കുമെന്ന് എബിസി ന്യൂസ് ചീഫ് ബിസിനസ് കറസ്‌പോണ്ടന്റ് റെബേക്ക ജാര്‍വിസ് ചൂണ്ടിക്കാട്ടി.

ഏകദേശം 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പണപ്പെരുപ്പത്തിന്റെ ഭാഗമായി ഇന്ധന വില ഇനിയും ഉയരുന്നപക്ഷം ബൈഡന് അത് വലിയ രാഷ്ട്രീയ ബാധ്യത ആകും.'റഷ്യ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, ഇവിടെ നമ്മുടെ വീട്ടില്‍ പോലും അനന്തരഫലങ്ങള്‍ ഉണ്ടാകാം, അത് ഊര്‍ജ്ജ വിലയില്‍ സ്വാധീനം ചെലുത്തും'- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

ഒരു ഗാലണ്‍ ഗ്യാസിന് 18.5 സെന്റ് നികുതി ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് പമ്പിലെ വില കുറയ്ക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ഇതിനിടെ നിയമനിര്‍മ്മാണ നീക്കമാരംഭിച്ചിട്ടുണ്ട്.പണപ്പെരുപ്പത്തെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഊര്‍ജ്ജ നയങ്ങളെ വിമര്‍ശിച്ചു.അത് അമേരിക്കന്‍ ഉല്‍പ്പാദകരെ ശിക്ഷിക്കുകയും റഷ്യന്‍ ഊര്‍ജ്ജത്തില്‍ വിദേശ ആശ്രയം വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് സെനറ്റര്‍മാര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.