അഹമ്മദാബാദ്: നീരവ് മോദിയെയും വിജയ് മല്യയെയും 'ചെറുതാക്കുന്ന' വമ്പന്‍ ബാങ്ക് തട്ടിപ്പു നടത്തി ഗുജറാത്തിലെ കപ്പല്‍ നിര്‍മ്മാണ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍. എബിജി ഷിപ്പ്യാര്‍ഡ് മുന്‍ ഡയറക്ടര്‍മാരായ ഋഷി അഗര്‍വാള്‍, സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 22,842 കോടി രൂപ വായ്പ്പയെടുത്ത് 28 ബാങ്കുകളെ കബളിപ്പിച്ചതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ പറയുന്നത്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്തിട്ടുണ്ട്. ഷെല്‍ കമ്പനികള്‍ സൃഷ്ടിച്ച് ബാങ്ക് വായ്പകള്‍ വഴിതിരിച്ചുവിട്ട എബിജി ഷിപ്പ്യാര്‍ഡ് നടത്തിപ്പുകാര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഫയല്‍ ചെയ്തു.നീരവ് മോദിയെയും വിജയ് മല്യയെയും പോലെ പ്രതികള്‍ പുറത്തുപോകാതിരിക്കാന്‍ സി.ബി.ഐ ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ (എല്‍ഒസി) പുറപ്പെടുവിച്ചിട്ടുണ്ട്. വന്‍കിട ബാങ്ക് തട്ടിപ്പുകളിലെല്ലാം നടന്നതുപോലെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കമ്പനിയില്‍ നിന്ന് ഇതൊക്കെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ വിദൂരം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയാണ് എബിസി ഷിപ്പ്യാര്‍ഡിന്റെ മുന്‍ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഋഷി കമലേഷ് മുഖ്യ ആസൂത്രകനായുള്ള പദ്ധതിയിലൂടെ കബളിപ്പിച്ചതെന്നാണ് സിബിഐ പറയുന്നത്. പണം വഴിതിരിച്ചുവിട്ട് വ്യക്തിഗത ആസ്തികള്‍ ആക്കി മാറ്റാന്‍ 98 കമ്പനികള്‍ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
നീരവ് മോദിയും വിജയ് മല്യയുമായിരുന്നു ഇതുവരെ നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസിലെ പ്രധാനികള്‍. ഇവരെ കടത്തിവെട്ടാന്‍ എത്തിയ ഗുജറാത്തി കമ്പനി നേരത്തെ മികച്ച തോതില്‍ കപ്പലുകളും യാനങ്ങളും നിര്‍മ്മിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യത്ത് ഇന്നേവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ബാങ്ക് തട്ടിപ്പിനാണ് കമ്പനി മേധാവികള്‍ പ്രോസിക്യൂഷന്‍ നേരിടാന്‍ പോവുന്നത്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്കായ ഐ.സി.ഐ.സി.ഐയ്ക്കാണ് കമ്പനി ഏറ്റവുമധികം ചേതമുണ്ടാക്കിയത്. അവരുടെ 7089 കോടിയാണ് വെള്ളത്തിലായത്. പൊതുമേഖലാ ബാങ്കുകളില്‍ 2925 കോടിയുടെ നഷ്ടവുമായി എസ്.ബി.ഐയാണു മുന്നില്‍. ഐ.ഡി.ബി.ഐ 3634 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 1614 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്ക് 1200 കോടിയും കപ്പല്‍ കമ്പനിക്കു വായ്പയായി നല്‍കിയിട്ടുണ്ട്.
വന്‍തോതില്‍ വായ്പ അനുവദിക്കുന്ന ബാങ്കുകള്‍ക്ക് പണം യഥാര്‍ത്ഥ ആവശ്യത്തിനു തന്നെയാണോ വിനിയോഗിക്കുന്നതെന്നു ഉറപ്പാക്കേണ്ട ബാദ്ധ്യതയില്ലേയെന്ന ചോദ്യം വീണ്ടും ഉയരുന്നു. കിട്ടിയ വായ്പ വകമാറ്റി മറ്റു കാര്യങ്ങള്‍ക്കുവേണ്ടി ചെലവിടുകയും കള്ളക്കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്ത കമ്പനിക്കു മൂക്കുകയറിടാന്‍ കഴിയാതിരുന്ന ബാങ്കുകള്‍ കപ്പല്‍ കമ്പനിയുടെ വായ്പ അപ്പാടെ നിഷ്‌ക്രിയ ആസ്തിയാക്കി കൈയും കെട്ടിയിരിക്കുന്ന വിചിത്ര നടപടി ആവര്‍ത്തിക്കപ്പെടുന്നു.
നടപടികള്‍ ഇഴഞ്ഞത് മൂന്നു വര്‍ഷം
മൂന്നുവര്‍ഷം മുന്‍പേ തന്നെ കമ്പനിയുടെ തട്ടിപ്പുകള്‍ പുറത്തുവന്നെങ്കിലും നടപടി ഇത്രയും വൈകിപ്പിച്ചതിന് അന്വേഷണ ഏജന്‍സിക്കോ കേന്ദ്ര അധികൃതര്‍ക്കോ തൃപ്തികരമായ വിശദീകരണമില്ല. 2012നും 2017നുമിടയ്ക്കാണ് കമ്പനി ഡയറക്ടര്‍മാരെല്ലാം ചേര്‍ന്ന് ഭീമമായ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി 22842 കോടി രൂപ വായ്പയായി നല്‍കുകയും ചെയ്തു. ബാങ്കുകള്‍ നല്‍കിയ വായ്പ കമ്പനിയുടെ ആവശ്യങ്ങള്‍ക്കു ചെലവഴിക്കാതെ വകമാറ്റുകയായിരുന്നു. ചെയര്‍മാനും ഡയറക്ടര്‍മാരും ഈ തട്ടിപ്പില്‍ ഒരുപോലെ പങ്കാളികളാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്.
സാധാരണക്കാരുടെ അന്‍പതിനായിരം രൂപയുടെ വായ്പ പോലും ഈടാക്കാന്‍ കിടപ്പാടത്തിനു മേല്‍ വരെ കൈവയ്ക്കാറുള്ള ബാങ്കുകള്‍ ഇതുപോലുള്ള വമ്പന്മാരുടെ കടം എത്ര വലുതാണെങ്കിലും ചെറുവിരല്‍ പോലും അനക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരം തട്ടിപ്പുകാര്‍ക്കും കമ്പനികള്‍ക്കും ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണം തന്നെയാണ് അതിനു കാരണമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. വന്‍കിടക്കാര്‍ക്ക് എത്രവേണമെങ്കിലും വായ്പ അനുവദിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെ വന്‍ സമ്മര്‍ദ്ദങ്ങളാണുള്ളതെന്ന് ബാങ്ക് മേധാവികളും പറയുന്നു.വ്യവസായ പുരോഗതിയും അതുവഴി വന്‍തോതില്‍ പുതിയ തൊഴിലവസരങ്ങളും സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ ധാരാളം കള്ളക്കളികളും അരങ്ങേറുന്നു.
ഗുജറാത്തില്‍ രണ്ടിടത്ത് കപ്പല്‍ നിര്‍മ്മാണശാലകള്‍ നടത്തുന്ന സ്ഥാപനമാണ് എ.ബി.ജി ഷിപ്പ്യാര്‍ഡ്. പാപ്പരായതോടെ കമ്പനിയുടെ പ്രവര്‍ത്തനവും നിലച്ചു. വായ്പ തിരിച്ച് ഈടാക്കുകയെന്നത് ബാങ്കുകളെ സംബന്ധിച്ചിടത്തോളം ക്ഷിപ്രസാദ്ധ്യമൊന്നുമല്ല. പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13500 കോടി രൂപ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന വജ്രവ്യാപാര സ്ഥാപനങ്ങളുടെ ഉടമയായ നീരവ് മോദിയും മദ്യരാജാവെന്ന് അറിയപ്പെട്ടിരുന്ന വിജയ് മല്യയും ഉദാഹരണങ്ങളായി രാജ്യത്തിനു മുന്നിലുണ്ട്. മല്യ ഇതുപോലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 9500 കോടി രൂപയുമായാണ് രാജ്യം വിട്ടത്. നിയമക്കുരുക്കുകള്‍ ഒന്നൊന്നായി പൊട്ടിച്ച് ലണ്ടനില്‍ ഇപ്പോഴും സസുഖം വാഴുന്നു.
എ.ബി.ജി കപ്പല്‍ കമ്പനിയുടെ ചെയര്‍മാനും ഡയറക്ടര്‍മാരും തങ്ങളുടെ അളവറ്റ സമ്പാദ്യവുമായി നിയമത്തിനു പിടികൊടുക്കാതെ എന്ന് സ്ഥലംവിടുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ഒട്ടേറെ കരുതല്‍ നിയമങ്ങള്‍ വന്നിട്ടും പ്രബലന്മാര്‍ക്ക് അവസരങ്ങള്‍ തുറന്നുതന്നെ കിടക്കുന്നു; തട്ടിപ്പുകള്‍ യഥാസമയം കണ്ടെത്താനോ കണ്ടെത്തിയാല്‍ത്തന്നെ ഉടനടി ഇടപെടാനോ കഴിയാത്തതാണ് അവ ആവര്‍ത്തിക്കാന്‍ കാരണം. കപ്പല്‍ കമ്പനിയുടെ തട്ടിപ്പുതന്നെ അറിയേണ്ടവരെല്ലാം നേരത്തെ അറിഞ്ഞിട്ടും ഒരു നടപടിയും എടുക്കാതിരുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.