സിഡ്‌നിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടു; ബീച്ചുകളില്‍ സന്ദര്‍ശക വിലക്ക്

സിഡ്‌നിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടു; ബീച്ചുകളില്‍ സന്ദര്‍ശക വിലക്ക്

0 സ്രാവ് യുവാവിനെ കടിച്ചുകുടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു
0 മുറെ റോസ് മലബാര്‍ മാജിക് ഓഷ്യന്‍ സ്വിം നീന്തല്‍ മത്സരം റദ്ദാക്കി
0 സ്രാവിനെ കണ്ടെത്താനായില്ല

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടു. സിഡ്നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ നീന്താനിറങ്ങിയ 35 വയസുകാരനായ സൈമണ്‍ നെല്ലിസ്റ്റ് ആണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്രാവിന്റെ ആക്രമണത്തിനിരയായത്. സര്‍ട്ടിഫൈഡ് ഡൈവിംഗ് ഇന്‍സ്ട്രക്ടറായിരുന്ന സൈമണ്‍ നെല്ലിസ്റ്റ് സിഡ്നിയിലെ വോളി ക്രീക്ക് സ്വദേശിയാണ്.

കഴിഞ്ഞ 60 വര്‍ഷത്തിനിടെ സിഡ്‌നിയിലുണ്ടായ ഏറ്റവും മാരകമായ സ്രാവ് ആക്രമണമാണിത്. ഇതിനു മുന്‍പ് മിഡില്‍ ഹാര്‍ബറിലെ ഷുഗര്‍ലോഫ് ബേയില്‍ 1963-നാണ് മരണത്തിനിടയാക്കിയ സ്രാവ് ആക്രമണമുണ്ടായത്. ആക്രമണത്തെതുടര്‍ന്ന് ലിറ്റില്‍ ബേ ബീച്ചില്‍നിന്ന് സൈമണ്‍ നെല്ലിസ്റ്റിന്റെ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ വീണ്ടെടുത്തു. കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ക്കും സ്രാവിനും വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ച്ചയും തുടരും.


സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈമണ്‍ നെല്ലിസ്റ്റ്

അതിനിടെ കൂറ്റന്‍ സ്രാവ് സൈമണിനെ കടിച്ചുകുടയുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തീരത്തോട് ചേര്‍ന്നാണ് സംഭവം നടന്നത്. യുവാവിനെ സ്രാവ് വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. നിമിഷ നേരം കൊണ്ട് സംഭവ സ്ഥലത്തെ വെള്ളം ചുവന്നനിറത്തിലായത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സ്രാവിനെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് സിഡ്നിയിലെ എല്ലാ ബീച്ചുകളിലും സന്ദര്‍ശകര്‍ക്കു വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച വീണ്ടും തുറന്നുകൊടുക്കും.

സൈമണ്‍ നെല്ലിസ്റ്റ് കടലിനോട് ഏറെ ഭ്രമമുള്ള ഒരാളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. സിഡ്നിയിലെ സ്‌കൂബ ഡൈവിംഗ് സോഷ്യല്‍ ക്ലബ്ബില്‍ അംഗമായിരുന്നു. എല്ലാ ദിവസവും സൈമണ്‍ അവിടെ നീന്തിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.


ദൃക്‌സാക്ഷികള്‍ പറഞ്ഞതനുസരിച്ച് നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ നീളമുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വിഭാഗത്തില്‍പെട്ട കൂറ്റന്‍ സ്രാവാണ് ആക്രമിച്ചതെന്ന് ഒരു വന്യജീവി ശാസ്ത്രജ്ഞന്‍ പറഞ്ഞു. സ്രാവിന്റെ സാന്നിധ്യം ഇപ്പോഴും പ്രദേശത്തുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്രാവുകളെ ചൂണ്ടയിടാന്‍ ഉപയോഗിക്കുന്ന ഡ്രം ലൈനുകള്‍ ആക്രമണ സ്ഥലത്തിന് സമീപം അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. സ്രാവിന്റെ ആക്രമണമുണ്ടായത് പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് ലിറ്റില്‍ ബേ ഉള്‍പ്പെടുന്ന റാന്‍ഡ്വിക്ക് കൗണ്‍സിലിന്റെ മേയര്‍ ഡിലന്‍ പാര്‍ക്കര്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ ജനങ്ങളോട് ബീച്ചില്‍ ഇറങ്ങരുതെന്നും നീന്തല്‍ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ളവ മാറ്റിവെക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച നടത്താനിരുന്ന മുറെ റോസ് മലബാര്‍ മാജിക് ഓഷ്യന്‍ സ്വിം നീന്തല്‍ മത്സരം സംഭവത്തെ തുടര്‍ന്ന് റദ്ദാക്കി.

ഭിന്നശേഷിക്കാരായ കുട്ടികളുടെ നീന്തല്‍ പരിശീലനത്തിനു വേണ്ടി ധനശേഖരണാര്‍ത്ഥമാണ് പരിപാടി നടത്താനിരുന്നത്. സൈമണ്‍ നെല്ലിസ്റ്റിനോടുള്ള ബഹുമാനാര്‍ത്ഥമാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റും വ്യാഴാഴ്ച കുടുംബത്തെ അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.