പൗരത്വ സമരം: കണ്ടുകെട്ടിയ സ്വത്ത് തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

പൗരത്വ സമരം: കണ്ടുകെട്ടിയ സ്വത്ത് തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: യോഗി സര്‍ക്കാരിന് വന്‍ തിരിച്ചടി. 2019ല്‍ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരില്‍ നിന്നും കണ്ടുകെട്ടിയ കോടിക്കണക്കിനു രൂപയുടെ സ്വത്ത് തിരികെ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം. സുപ്രീം കോടതി ഉത്തരവനുസരിച്ച് 274 റിക്കവറി നോട്ടിസുകള്‍ പിന്‍വലിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, സ്വകാര്യപൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാനായി യുപി സര്‍ക്കാര്‍ 2020 ഓഗസ്റ്റില്‍ കൊണ്ടു വന്ന പുതിയ നിയമം അനുസരിച്ചു പ്രക്ഷോഭകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി അനുമതി നല്‍കി. സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസുകള്‍ പിന്‍വലിക്കണമെന്ന് യുപി സര്‍ക്കാരിനോട് കഴിഞ്ഞയാഴ്ച സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

പരാതിക്കാരും തീര്‍പ്പാക്കുന്നവരും സ്വത്തു കണ്ടുകെട്ടുന്നവരും സര്‍ക്കാര്‍ തന്നെ എന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്നാണു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും സൂര്യകാന്തും അടങ്ങിയ ബെഞ്ച് പറഞ്ഞത്. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ചോദ്യം ചെയ്തു പര്‍വേസ് ആരിഫ് ടിട്ടു ആണ് ഹര്‍ജി നല്‍കിയത്. നഷ്ടപരിഹാര ട്രൈബ്യൂണലുകള്‍ സംബന്ധിച്ചു 2009 ല്‍ നല്‍കിയ വിധിക്കു വിരുദ്ധമാണു നടപടിയെന്നു കോടതി കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.