പ്രളയത്തില്‍ കടപുഴകിയ ആല്‍മരത്തിന് നാലു മാസങ്ങള്‍ക്കു ശേഷം പുതുജീവന്‍

പ്രളയത്തില്‍ കടപുഴകിയ ആല്‍മരത്തിന് നാലു മാസങ്ങള്‍ക്കു ശേഷം പുതുജീവന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രളയത്തില്‍ കടപുഴകിയ വൃക്ഷത്തിന് പുതുജീവന്‍. ജനങ്ങളും രാഷ്ട്രീയക്കാരും ഭരണകൂടവും ഒരുമിച്ചു നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് 70 വര്‍ഷം പ്രായമായ ആല്‍മരത്തെ സംരക്ഷിച്ചെടുത്തത്. തെലങ്കാനയിലെ രാജന്ന സിര്‍സില്ല ജില്ലയിലാണ് ഈ വൃക്ഷം ഉണ്ടായിരുന്നത്. നാലു മാസങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രളയത്തില്‍ ഒരു ഗ്രാമത്തിന് മുഴുവന്‍ തണലായി നിന്ന ആല്‍മരം കടപുഴകി വീണു.

അന്ന് മുതല്‍ ആ വൃക്ഷത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏകദേശം 100 ടണ്‍ ഭാരമുള്ള മരമാണ് കടപുഴകി വീണത്. ഗ്രാമത്തിലെ പ്രകൃതിസ്നേഹിയായ ദൊബ്ബാല പ്രകാശാണ് മരത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പ്രകാശ് രണ്ടു മാസത്തോളം മരത്തിന് വെള്ളം നല്‍കി. സാവധാനത്തില്‍ മരം ജീവന്റെ അടയാളങ്ങള്‍ കാണിച്ചു തുടങ്ങി. പുതിയ ഇലകള്‍ മുളച്ചു. ഇത് പ്രകാശിന് കൂടുതല്‍ പ്രതീക്ഷ നല്‍കി.


ഇദ്ദേഹത്തിന്റെ പരിശ്രമത്തെക്കുറിച്ച് അറിഞ്ഞവര്‍ ഇക്കാര്യം രാജ്യസഭാംഗം സന്തോഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മരം സുരക്ഷിതമായ സ്ഥലത്ത് നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പ്രകാശിന് ഉറപ്പ് നല്‍കി. എം.പി സന്തോഷ് കുമാറിന്റെ അഭ്യര്‍ഥന മാനിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള വാറ്റ എന്ന സംഘടന കലക്ടറേറ്റ് വളപ്പില്‍ മരം വേരുകളോടെ നട്ടുപിടിപ്പിച്ചു. നേരത്തെ മരമുണ്ടായിരുന്ന സ്ഥലത്തുനിന്ന് ആറു കിലോമീറ്റര്‍ മാറിയാണ് പുതുതായി നട്ടത്. മരം കൊണ്ടുപോകാന്‍ പുതിയ റോഡും നിര്‍മിച്ചു. 70 ടണ്‍ ശേഷിയുള്ള ക്രെയിനിന് ആദ്യം മരം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ അതേ ശേഷിയുള്ള മറ്റൊരു ക്രെയിന്‍ കൂടി ഉപയോഗിച്ചാണ് ദൗത്യം നിറവേറ്റിയത്. മുഴുവന്‍ ജോലിയും തീരാന്‍ ഏകദേശം 24 മണിക്കൂര്‍ എടുത്തു. അങ്ങനെയാണ് 100 ടണ്‍ ഭാരമുള്ള മരത്തിന് പുതുജീവന്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.