അമ്പത്തിയൊന്നാം മാർപാപ്പ വി. സിമാക്കസ് (കേപ്പാമാരിലൂടെ ഭാഗം-52)

അമ്പത്തിയൊന്നാം മാർപാപ്പ വി. സിമാക്കസ് (കേപ്പാമാരിലൂടെ ഭാഗം-52)

വി. സിമാക്കസ് മാര്‍പ്പാപ്പ
അനസ്താസിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പൗരസ്ത്യസഭയോടും അക്കാസിയന്‍ ശീശ്മയോടുമുള്ള മൃദുസമീപനത്തില്‍ അസന്തുഷ്ടരായിരുന്ന റോമിലെ ഭൂരിഭാഗം വരുന്ന വൈദികഗണവും ചേര്‍ന്ന് അദ്ദേഹം കാലം ചെയ്തയുടനെ ഡീക്കന്‍ മാത്രമായിരുന്ന സിമാക്കസിനെ വി. പത്രോസിന്റെ പിന്‍ഗാമിയായി ഏ.ഡി. 498 നവംബര്‍ 22-ാം തീയതി തിരഞ്ഞെടുത്തു. എന്നാല്‍, അനസ്താസിയസ് മാര്‍പ്പാപ്പയെ പിന്തുണച്ചിരുന്ന ചെറുവിഭാഗം വൈദികര്‍ റോമിലെ സെനറ്റിന്റെയും ഉന്നതകുലജാതരുടെയും പിന്തുണയോടെ സെന്റ് മേരിസ് മേജര്‍ ബസിലിക്കയില്‍ സമ്മേളിച്ച് പുരോഹിതനായിരുന്ന ലോറന്‍സിനെ അനസ്താസിയസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വിഭാഗക്കാരും ഇറ്റലിയുടെ രാജാവായിരുന്ന ഒസ്‌ത്രോഗോഥിക് വംശജന്‍ തെയോഡോറികിനെ സമീപിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തെയോഡോറിക് രാജാവ് ആദ്യം മാര്‍പ്പാപ്പയായി വാഴിക്കപ്പെടുകയും ഏറ്റവും പിന്തുണയുള്ളവനുമായ സിമാക്കസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചു.

റെവേന്നയില്‍ നിന്നു മടങ്ങിയ ഉടനെ സിമാക്കസ് മാര്‍പ്പാപ്പ റോമില്‍ ഒരു സിനഡ് വിളിച്ചുചേര്‍ത്തു. പ്രസ്തുത സിനഡില്‍വെച്ച് ഒരു മാര്‍പ്പാപ്പയുടെ ജീവിതകാലയളവില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന ഒരു തരത്തിലുമുള്ള ചര്‍ച്ചകളോ വിവാദങ്ങളോ ഉണ്ടാകുവാന്‍ പാടില്ലയെന്ന് നിഷ്‌കര്‍ഷിച്ചു. എന്നാല്‍, മാര്‍പ്പാപ്പ ആഗ്രഹിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് സിമാക്കസ് മാര്‍പ്പാപ്പ അനുമതി നല്‍കി. എന്നാല്‍ തന്റെ പിന്‍ഗാമിയായി ഒരാളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുമുമ്പ് മാര്‍പ്പാപ്പ കാലം ചെയ്യുകയാണെങ്കില്‍ റോമിലെ വൈദികസമൂഹം ഒന്നുചേര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കണമെന്ന് പ്രസ്തുത സിനഡ് തീരുമാനിച്ചു. സിനഡിനുശേഷം വി. പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍നിന്ന് ആത്മായരുടെ പങ്കാളിത്തം ഒഴിവാക്കപ്പെട്ടു. അനസ്താസിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയെ പിന്തുണച്ചിരുന്നവരാല്‍ എതിര്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലോറന്‍സ് മേല്‍പറഞ്ഞ സിനഡു തീരുമാനങ്ങളടങ്ങിയ ശാസനം അംഗീകരിച്ചുകൊണ്ട് ഒപ്പുവെയ്ച്ചു. ഇതിനെതുടര്‍ന്ന് അദ്ദേഹത്തെ കമ്പാനിയയിലെ ന്യൂസേറിയ രൂപതയുടെ മെത്രാനായി നിയമിച്ചു.

സഭയില്‍ സംജാതമായിരുന്ന സമാധാന അന്തരീക്ഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. റോമന്‍ സെനറ്ററായിരുന്ന ഫെസ്റ്റസിന്റെ നേതൃത്വത്തില്‍ റോമിലെ കുലീനവംശജര്‍ അലക്‌സാണ്ട്രിയന്‍ കലണ്ടര്‍ പ്രകാരമല്ലാതെ പഴയ റോമന്‍ കലണ്ടര്‍ പ്രകാരം സിമാക്കസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ ആഘോഷിച്ചുവെന്ന് തെയോഡോറിക് രാജാവിനോട് പരാതിപ്പെട്ടു. ഇതിനെതുടര്‍ന്ന് രാജാവ് റെവേന്നയിലെ തന്റെ വസതിയിലേക്ക് മാര്‍പ്പാപ്പയെ വിളിപ്പിച്ചു. റെവേന്നയിലേക്കുള്ള യാത്രാമദ്ധേ റിമ്‌നി എന്ന സ്ഥലത്തെത്തിയപ്പോള്‍ താന്‍ ഈസ്റ്റര്‍ തെറ്റായ രീതിയില്‍ ആഘോഷിച്ചുവെന്നു മാത്രമല്ല മറിച്ച് സഭാ സ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്തുവെന്നും ബ്രഹ്മചര്യവത്രം തെറ്റിച്ചുവെന്നുമുള്ള ആരോപണങ്ങളും തന്റെ മേല്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കിയ മാര്‍പ്പാപ്പ രാജസന്നിധിയിലേക്കു പോകാതെ റോമിലേക്കു തന്നെ പെട്ടന്നു മടങ്ങി. മാര്‍പ്പാപ്പയുടെ ഇത്തരമൊരു നീക്കത്തില്‍ രാജാവിനെ അതൃപ്തനാക്കി. മാത്രമല്ല ഇതിനെ തുടര്‍ന്ന് അനേകം വൈദികര്‍ മാര്‍പ്പാപ്പയുമായി ഒരിക്കലും ഐക്യത്തിലായിരിക്കില്ലയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍പ്പാപ്പയുടെ വിമര്‍ശകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അല്‍റ്റിനും രൂപതയുടെ മെത്രാനായ പത്രോസിനെ മാര്‍പ്പാപ്പയുടെ പേരിലുള്ള കുറ്റങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കപ്പെടാതിരുന്നതിനാല്‍ റോമില്‍ ഈസ്റ്റര്‍ അഘോഷിക്കുന്നതിനും റോമന്‍ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി രാജാവ് നിയമിച്ചു.

സഭയിലുണ്ടായ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനും മാര്‍പ്പാപ്പയുടെമേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുമായി ഏ.ഡി. 501-ല്‍ തെയോഡോഷ്യസ് ചക്രവര്‍ത്തി ഇറ്റലിയിലെ മെത്രാന്മാരുടെ ഒരു സിനഡ് വിളിച്ചു ചേര്‍ത്തു. ആദ്യം പ്രസ്തുത സിനഡില്‍ പങ്കെടുക്കുവാന്‍ മാര്‍പ്പാപ്പ വിസമ്മതിച്ചു. പിന്നീട് സിനഡില്‍ പങ്കെടുക്കുവാനായി അദ്ദേഹം പരിശ്രമിച്ചപ്പോള്‍ സിനഡ് സമ്മേളന സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും മാര്‍പ്പാപ്പയുടെ എതിരാളികള്‍ ആക്രമിച്ചു. പ്രസ്തുത ആക്രമണത്തില്‍ ചിലര്‍ വധിക്കപ്പെടുകയും മറ്റുള്ളവര്‍ മുറിവേല്‍പ്പിക്കപ്പെടുകയും ചെയ്യപ്പെട്ടു. എന്നിരുന്നാലും, തെയോഡോഷ്യസ് ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത സിനഡ് ഭൂമിയിലെ ഒരു കോടതിക്കും മാര്‍പ്പാപ്പയെ വിധിക്കുവാന്‍ അധികാരമില്ല മറിച്ച് ദൈവത്തിനുമാത്രമേ മാര്‍പ്പാപ്പയെ വിധിക്കുവാന്‍ സാധിക്കൂവെന്ന് പ്രസ്താവിച്ചു. അപ്രകാരം മാര്‍പ്പാപ്പ തന്റെ മേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളില്‍നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു. ഇത്തരമൊരു കലഹത്തിന്റെ അനന്തരഫലങ്ങളിലൊന്ന് സിമാക്കന്‍ വ്യജരേഖകളായിരുന്നു. പ്രസ്തുത രേഖകള്‍ ഭൂമിയിലെ ഒരു ശക്തിക്കും മാര്‍പ്പാപ്പയുടെമേല്‍ അധികാരമില്ലായെന്നും മാര്‍പ്പാപ്പയെ വിധിക്കുവാന്‍ സാധിക്കില്ലായെന്നുമുള്ള തത്വത്തെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളായിരുന്നു. അത്തരം രേഖകള്‍ക്ക് ചരിത്രപരമായ തെളിവുകളൊന്നുമില്ലായിരുന്നുവെങ്കിലും അവ വളരെ വ്യാപകമായി സഭയില്‍ പ്രചരിപ്പിക്കപ്പെട്ടു.

സിനഡിന്റെ വിധിയില്‍ അസന്തുഷ്ടനായ തെയോഡോഷ്യസ് രാജാവ് എതിര്‍മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് തിരുസഭയുമായി അനുരജ്ഞനപ്പെടുകയും ചെയ്ത ലോറന്‍സിനെ റോമിലേക്ക് വിളിച്ചുവരുത്തുകയും റോമിന്റെ മെത്രാനായി നിയമിക്കുകയും ചെയ്തു. പിന്നീടുള്ള നാലുവര്‍ഷങ്ങള്‍ അദ്ദേഹം റോമിന്റെ മെത്രാനെന്നനിലയില്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ എതിര്‍മാര്‍പ്പാപ്പയായി സഭയില്‍ ഭരണം നടത്തി. റോമനഗരത്തിലുള്ള ദേവലയങ്ങളുടെയും പേപ്പല്‍ സ്വത്തുകളുടെയും നിയന്ത്രണം ലോറന്‍സ് ഏറ്റെടുത്തു. മാത്രമല്ല തന്റെ ഛായാചിത്രം സഭയിലെ മറ്റു മാര്‍പ്പാപ്പമാരുടെ ഛായചിത്രങ്ങളുടെ കൂടെ സ്ഥാപിക്കുകയും ചെയ്തു. ഈക്കാലയളവില്‍ സിമാക്കസ് മാര്‍പ്പാപ്പ വി. പത്രോസിന്റെ ബസിലിക്കയില്‍ മാത്രമായി ഒതുങ്ങി ജീവിച്ചു. കഠിനമായ എതിര്‍പ്പുകള്‍ ഈ കാലയളവില്‍ നേരിടേണ്ടി വന്നുവെങ്കിലും അദ്ദേഹത്തിന് റോമിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും മിലാനിലെയും റെവേന്നയിലെയും ആര്‍ച്ച്ബിഷപ്പുമാരുടെയും പിന്തുണയുണ്ടായിരുന്നു.

ഏ.ഡി. 506-ഓടുകൂടി രാഷ്ട്രിയമായി തെയോഡോഷ്യസ് രാജാവ് ബൈസാന്റിയം സാമ്രാജ്യത്താലും റോമിലെ ബെസാന്റിയത്തിന്റെ സഖ്യകക്ഷികളാലും ഒറ്റപ്പെടുത്തപ്പെട്ടു. അലക്‌സാണ്ട്രിയായിലെ ഡീക്കനായിരുന്ന ഡൈസ്‌ക്കോറസിനാല്‍ പ്രേരിതനായി തെയോഡോഷ്യസ് രാജാവ് സിമാക്കസ് മാര്‍പ്പാപ്പയെ കുറ്റവിമുക്തനാക്കിയ ഏ.ഡി. 501-ലെ സിനഡിന്റെ തീരുമാനം അംഗീകരിക്കുവാന്‍ തയ്യാറായി. റോമാ നഗരത്തിലെ ദേവാലയങ്ങളുടെയും പേപ്പല്‍ സ്വത്തുക്കളുടെയും പൂര്‍ണ്ണ നിയന്ത്രണവും അവകാശവും സിമാക്കസ് മാര്‍പ്പാപ്പയ്ക്കു വിട്ടുനല്‍കുവാന്‍ രാജാവ് ഫെസ്റ്റസിനോട് കല്‍പ്പിച്ചു. മാത്രമല്ല, റോമിന്റെ മെത്രാനും തിരുസഭയുടെ പരമാധികാരിയുമായി ഒരു വ്യക്തിമാത്രമേ (സിമാക്കസ് മാര്‍പ്പാപ്പ) ഉണ്ടായിരിക്കുവെന്ന് കല്പനപുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ഒരിക്കല്‍ക്കൂടി ലോറന്‍സ് റോമില്‍ നിന്ന് പിന്‍വാങ്ങി ഫെസ്റ്റസിന്റെ ഉടമസ്ഥതയലുള്ള ഒരു കൃഷിയിടത്തില്‍ താമസമാക്കുകയും ചെയ്തു.

സിമാക്കസ് മാര്‍പ്പാപ്പ വീണ്ടും റോമിന്റെ മെത്രാനായി തിരിച്ചെത്തുകയും തെയോഡോഷ്യസ് രാജാവ് ഏ.ഡി. 501-ലെ സിനഡ് തീരുമാനം അംഗീകരിക്കുകയും ചെയ്തുവെങ്കിലും സഭയില്‍ യഥാര്‍ത്ഥമായ സമാധാനം സംജാതമായിരുന്നില്ല. അനേകംപേര്‍ സിമാക്കസ് മാര്‍പ്പാപ്പയെ അംഗീകരിക്കുവാന്‍ തയ്യാറാകതെ അദ്ദേഹവുമായി അകല്‍ച്ച പാലിച്ചിരുന്നു. എങ്കിലും അദ്ദേഹം തന്റെ അജപാലനാധികാരം അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിച്ചു. അദ്ദേഹം മനിക്കേയിന്‍ പാഷണ്ഡികളെ റോമാ നഗരത്തില്‍ നിന്ന് ബഹിഷ്‌കരിച്ചു. വടക്കേ ഇറ്റലിയിലെ യുദ്ധങ്ങള്‍ക്കിടയില്‍ തടവുകാരക്കപ്പെട്ടവരെ മോചിപ്പിക്കുവാനും ആര്യന്‍ പാഷണ്ഡികളായ ഭരണാധികാരികളാല്‍ പീഡനങ്ങള്‍ നേരിടേണ്ടിവന്ന ആഫ്രിക്കയിലെ കത്തോലിക്കരെ സംരക്ഷിക്കുവാനും മാര്‍പ്പാപ്പ പ്രത്യേകം ശ്രദ്ധ ചെലുത്തി. ആര്‍ള്‍സ് രൂപതയ്ക്ക് ഗൗളിലെ രൂപതകളുടെമേലുണ്ടായിരുന്ന അധികാരം തന്റെ മുന്‍ഗാമികളായ മാര്‍പ്പാപ്പമാര്‍ എടുത്തു കളഞ്ഞതായിരുന്നെങ്കിലും സിമാക്കസ് മാര്‍പ്പാപ്പ അവ വീണ്ടും പുനഃസ്ഥാപിക്കുകയും ആര്‍ള്‍സ് രൂപതയുടെ അധികാരം സ്‌പെയിനിലേക്കുകൂടി വ്യാപിപ്പിക്കുകയും ചെയ്തു. മെത്രാപ്പോലിത്താമാരുടെ അധികാരവും വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയോടുള്ള വിധേയത്വവും അനുസരണവും ഐക്യവും സൂചിപ്പിക്കുന്ന സ്ഥാനചിഹ്നമായ പാലിയം ഇറ്റലിക്കു വെളിയില്‍ ആദ്യമായി ഒരു മെത്രാപ്പോലിത്തായ്ക്ക് അതായത് ആര്‍ള്‍സിന്റെ മെത്രാപ്പോലിത്തയായ സെസെറിയസിന് നല്‍കിയത് സിമാക്കസ് മാര്‍പ്പാപ്പയാണ്. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹ്വത്വം എന്നുതുടങ്ങുന്ന ഗീതം ഞായറാഴ്ച്ചകളിലെ വി. കുര്‍ബാനയില്‍ പാടുന്ന പതിവും ഈ മാര്‍പ്പാപ്പയാണ് ആരംഭിച്ചത്. റോമിലെ അനേകം ദേവാലയങ്ങള്‍ അദ്ദേഹം പുനഃനിര്‍മ്മിക്കുകയും വി. പത്രോസിന്റെ ബസിലിക്ക മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയും ഭരണകേന്ദ്രവുമായി അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു.

ഇറ്റലിയിലെ ബൈസന്റയിന്‍ അനുകൂല നിലപാടുള്ളവരുടെമേല്‍ നേടിയ തന്റെ വിജയം സിമാക്കസ് മാര്‍പ്പാപ്പയെ കോണ്‍സ്റ്റാന്റിനോപ്പിളിനെതിരെയും അക്കാസിയന്‍ ശീശ്മയ്‌ക്കെതിരെയും കഠിനമായ നിലപാടുകളെടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇത് ബൈസന്റിയന്‍ ചക്രവര്‍ത്തിയായ അനസ്താസിയസ് ഒന്നാമനും സിമാക്കസ് മാര്‍പ്പയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. ഏ.ഡി. 514-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലും അന്ത്യോക്യായിലും താര്‍സിലും പൊട്ടിപുറപ്പെട്ട ലഹളകള്‍ അനസ്താസിയസ് ചക്രവര്‍ത്തിയെ മാര്‍പ്പാപ്പയുമായി അനുരജ്ഞനത്തിന് ശ്രമിക്കുവാന്‍ നിര്‍ബന്ധിതനാക്കി. അക്കാസിയന്‍ ശീശ്മയ്ക്കു പിന്നിലുള്ള ദൈവശാസ്ത്രപരമായ വിവാദങ്ങള്‍ പരിഹരിക്കുവാനായി താര്‍സിലെ ഹെരാക്ലിയില്‍ വിളിച്ചുചേര്‍ക്കുന്ന കൗണ്‍സിലില്‍ അദ്ധ്യക്ഷപദം വഹിക്കുവാനായി ചക്രവര്‍ത്തി സിമാക്കസ് മാര്‍പ്പാപ്പയെ ക്ഷണിച്ചു. എന്നാല്‍ ചക്രവര്‍ത്തിയുടെ ക്ഷണം റോമില്‍ എത്തിചേരുന്നതിനു മുമ്പേ മാര്‍പ്പാപ്പ കാലം ചെയ്തിരുന്നു. ഏ.ഡി. 514 ജൂലൈ 19-ാം തീയതിയായിരുന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.


St. Symmachus succeeded Anastasius II on November 22, 498. His pontificate was marked immediately by a controversy regarding papal succession. Laurentius, a priest supported by the Roman Senate, was also elected by a different faction. After both sides allowed Theodoric to decide the matter, he decreed that the side with the candidate who had the most supporters and was ordained first would be pope, and Symmachus fit the bill. Symmachus convened a synod in which it was decided that no one was allowed to discuss the pope’s successor during his lifetime. A senator who had supported Laurentius accused Symmachus of a number of crimes and reported him to Theodoric, who subsequently summoned him to Ravenna. Symmachus proceeded to go, but when he learned that in addition to being charged with celebrating Easter on an incorrect date, he was also being charged with unchastity and the misuse of church property, he turned around and fled. Peter, the bishop of Altinum, was called on by Theodoric to celebrate Easter in Rome instead of Symmachus until his charges were settled. Theodric called a synod in which it was decided that no secular court could judge the pope—only God could do that—thus clearing Symmachus of all of his charges. Nevertheless, Laurentius continued to function as bishop of Rome for four years. Eventually, Theodoric was persuaded to allow Symmachus to have full ecclesiastical power. Symmachus threw out the Manicheans from Rome, supported exiled bishops who had been displaced by Arian Vandals, took a firm stance against Constantinople in the Acacian Schism, and revised the Mass so that the Gloria would be sung on Sundays. Symmachus died on July 19, 514.

ഇതിന് മുന്പുണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക

എല്ലാ മാർപ്പാപ്പമാരെയും പറ്റി വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.