ഭക്ഷണവും ലൈംഗികതയും ദൈവദാനം: ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് ശരിയോ?

ഭക്ഷണവും ലൈംഗികതയും ദൈവദാനം:   ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് ശരിയോ?

വത്തിക്കാൻ : ഫ്രാന്‍സിസ് മാര്‍പാപ്പാ ഭക്ഷണവും ലൈംഗികതയും ദൈവിക സന്തോഷങ്ങളാണെന്ന് പ്രസ്താവിച്ചത് യാഥാസ്ഥിതിക ചിന്തകരെ അസ്വസ്ഥരാക്കിയിരുന്നു. ഇറ്റാലിയന്‍ എഴുത്തുകാരനായ കാര്‍ലോ പെത്രീനിയുമായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമായി പ്രസിദ്ധീകരിച്ച "ഭാവിഭൂമി" (Terrafitura) എന്ന ഗ്രന്ഥത്തിലാണ് മാര്‍പാപ്പായുടേതായ പരാമര്‍ശമുള്ളത്. ഫാസ്റ്റ്ഫുഡ് സംസ്കാരത്തിനെതിരേ "സ്ലോഫുഡ്" സംസ്കാരം വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘടനയുടെ നേതാവ് എന്ന നിലിയില്‍ ഭക്ഷണ ത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് ഉയര്‍ത്തിയ ഒരു ചോദ്യത്തിന് മാര്‍പാപ്പാ നല്‍കിയ സ്വാഭാവിക ഉത്തരമാണിത്. പുസ്തകത്തിന്‍റെ പ്രചാരണാര്‍ത്ഥം പ്രസാധകര്‍ ഈ ഉത്തരത്തെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഇതിനു പ്രത്യേക ശ്രദ്ധ ലഭിച്ചു എന്നു മാത്രമേയുള്ളൂ. എന്നാല്‍ പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചും ഭൂമിയുടെ ഭാവിയെ ക്കുറിച്ചുമുള്ള സുചിന്തിതമായ വിശകലനങ്ങളാണ് മാര്‍പാപ്പാ ഈ ഗ്രന്ഥത്തില്‍ നല്‍കുന്നത്. അവയെ എല്ലാം അവഗണിച്ച് ഭക്ഷണവും ലൈംഗികതയും ഊന്നിപ്പറയുന്നവരുടേത് സദുദ്ദേശ്യമല്ല എന്നു വ്യക്തമാണ്.

ഭക്ഷണത്തെയും ലൈംഗികതയയെയും കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ നടത്തിയ പരാമര്‍ശങ്ങളില്‍ പുതുമയായതൊന്നുമില്ല എന്നതാണ് സത്യം. ഭക്ഷണം കഴിക്കുന്നതോ ലൈംഗികതയോ പാപമാണെന്ന നിലപാട് സഭാപ്രബോധനങ്ങളില്‍ ഒരിടത്തുമില്ല. ലൈംഗികത ജീവസന്ധാരണം ലക്ഷ്യമാക്കിയുള്ള ദൈവദാനമാണെന്ന് സഭ ആവര്‍ത്തിച്ചു പഠിപ്പിച്ചിട്ടുള്ളതുമാണ്. "അന്നന്നു വേണ്ടുന്ന ആഹാരത്തിനായി" നിത്യവും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന സഭ ഭക്ഷണത്തിന്‍റെ പ്രാധാന്യമാണ് ഊന്നിപ്പറയുന്നത്. ലൈംഗികതയും വിവാഹവും ഭക്ഷണവും പാപമാണെന്നു പഠിപ്പിച്ച ഒരു ഡസന്‍ പാഷണ്ഡതകളെയെങ്കിലും സഭ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും മാര്‍പാപ്പായുടെ പരാമര്‍ശം വിവാദമാകുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. 

വിവാഹ ഉടമ്പടിയ്ക്കുള്ളിലെ ലൈംഗികതയെയാണ് മാര്‍പാപ്പ ദൈവദാനമായ സന്തോഷമായി അവതരിപ്പിക്കുന്നത്. വിവാഹേതര അവിഹിതബന്ധങ്ങളെയോ പ്രകൃതി വിരുദ്ധ ലൈംഗിക അരാജകത്വങ്ങളെ യോ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കുന്ന പ്രസ്താവനയായി ഇതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ വസ്തുതാവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. വിരുന്നുശാലകളില്‍ സന്നിഹിതനാകുകയും സ്വര്‍ഗ്ഗീയസൗഭാഗ്യത്തെ മഹാവിരുന്നായി ചിത്രീകരിക്കുകയും ചെയ്ത ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഭക്ഷണത്തില്‍ പാപം കാണുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ ദരിദ്രനെ മാനിക്കാത്ത ഭക്ഷണധൂര്‍ത്തും സഭ അനാവശ്യമായി ദുര്‍വ്യയം ചെയ്യുന്നതും തെറ്റുതന്നെയാണെന്ന് സഭ പഠിപ്പിക്കുന്നു. 

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ നന്‍മയുടെ മുഖത്ത് ചെളിതെറിപ്പിക്കാന്‍ അവസരം കാത്തിരിക്കുന്ന ദോഷൈകദൃക്കുകള്‍ ഈ പ്രസ്താവനയില്‍ തിന്‍മ ആരോപിക്കുന്നത് സ്വാഭാവികമാണ്. ഇവരുടെ ദുര്‍വ്യാഖ്യാനങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് വഴിതെറ്റരുതെന്ന് സഭ ആഗ്രഹിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26