ക്രൈസ്തവ സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യം: പ്രധാനമന്ത്രി

ക്രൈസ്തവ സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യം: പ്രധാനമന്ത്രി

'യാക്കോബായ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അഭിമാനം': മലയാളത്തില്‍ കുറിപ്പിട്ട് നരേന്ദ്ര മോഡി.

ന്യൂഡല്‍ഹി: ക്രൈസ്തവ സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിഘടിച്ചു നില്‍ക്കുന്ന സഭകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. കോടതിക്ക് പുറത്തുള്ള തര്‍ക്ക പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദേഹം പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ നേതൃത്വത്തില്‍ യാക്കോബായ സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കണ്ടത്. സഭകള്‍ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സഭാ തര്‍ക്കം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.


തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് അദേഹം സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. സഭാ തര്‍ക്കത്തിന് പുറമെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ന്യൂനപക്ഷങ്ങളിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്ന് സഭാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

യാക്കോബായ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചയിലും മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനെ നേരില്‍ കാണാന്‍ സാധിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് പിന്നീട് നരേന്ദ്ര മോഡി എക്സില്‍ കുറിച്ചു. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും മലയാളത്തില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.