'തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സന്ദര്‍ശനം ശരിയല്ല'; ഉപരാഷ്ട്രപതിക്ക് മന്നം സമാധിയില്‍ പ്രവേശനം നിഷേധിച്ച് എന്‍.എസ്.എസ്

'തിരഞ്ഞെടുപ്പ് അടുത്തിരിക്കേ  സന്ദര്‍ശനം ശരിയല്ല'; ഉപരാഷ്ട്രപതിക്ക് മന്നം സമാധിയില്‍ പ്രവേശനം നിഷേധിച്ച് എന്‍.എസ്.എസ്

ചങ്ങനാശേരി: ചങ്ങനാശേരി എസ്.ബി കോളജിന്റെ ശതാബ്ദി സമാപനത്തിനെത്തുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് പെരുന്ന മന്നം സമാധിയില്‍ സന്ദര്‍ശനാനുമതി നിഷേധിച്ച് എന്‍.എസ്.എസ്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സന്ദര്‍ശനം ശരിയല്ലെന്നാണ് എന്‍.എസ്.എസ് നിലപാട്. സുരക്ഷാ ക്രമീകരണങ്ങളും പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിശദീകരണം. വിഷയത്തില്‍ എന്‍.എസ്.എസും ഉപരാഷ്ട്രപതിയുടെ ഓഫീസും ആശയവിനിമയം തുടരുന്നുണ്ട്.

ശനിയാഴ്ച വൈകുന്നേരം 3.15 നാണ് ചങ്ങനാശേരി എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതിയെത്തുന്നത്. പെരുന്നയിലുള്ള എന്‍.എസ്.എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എസ്.ബി കോളജിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് നേരത്തേ അറിയിച്ചിട്ടില്ലെന്നും ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി മാത്രമാണ് തേടിയതെന്നുമാണ് എന്‍.എസ്.എസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനായി ഉപരാഷ്ട്രപതിയുടെ ഓഫീസ് എന്‍.എസ്.എസ് നേതൃത്വത്തെ ബന്ധപ്പെടുന്നതെന്നുമാണ് വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.