കൊച്ചി: വിവാദ ചിത്രമായ 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടി'ന് പ്രദര്‍ശനാനുമതി നിഷേധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ സിനിമ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാം.
സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഇന്നലെ രാത്രി വൈകി വാദം കേട്ട ശേഷമാണ് റിലീസ് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സിനിമയുടെ സര്‍ട്ടിഫിക്കേഷനെ എതിര്‍ക്കുന്ന ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജിയുടെ സ്വഭാവത്തിലുള്ളതാണെന്നും സിംഗിള്‍ ബെഞ്ചിന് അത് എങ്ങനെ കേള്‍ക്കാന്‍ കഴിയുമെന്നും ഡിവിഷന്‍ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.
ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടികള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചായിരുന്നു വാദം കേട്ടത്.
സിനിമയുടെ ടീസറിലെ ഉള്ളടക്കം പ്രഥമദൃഷ്ട്യാ പൊതുജീവിത ക്രമവും സമുദായ സൗഹാര്‍ദ്ദവും തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് സിനിമയുടെ റിലീസ് സ്റ്റേ ചെയ്തത്. സിനിമ കാണാന്‍ കോടതി സന്നദ്ധത അറിയിച്ചെങ്കിലും നിര്‍മാതാക്കള്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്.
ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമയെന്നാണ് നിര്‍മാതാക്കള്‍ അപ്പീലില്‍ വാദിച്ചത്. കഥാപാത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാലാണ് 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന് പേരിട്ടതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.