ന്യൂഡല്‍ഹി: തെരുവില്‍ താമസിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി രാജ്യം മുഴുവന്‍ പൊതുവായ ഒരു നടപടിക്രമം വേണമെന്ന് സുപ്രീം കോടതി. നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍.സി.പി.സി.ആര്‍) തയാറാക്കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നയം രൂപീകരിക്കാന്‍ എല്ലാ
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നൽകി. ഓരോ ജില്ലകളിലെയും തെരുവില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി ശിശുക്ഷേമ സമിതികള്‍ക്ക് മുന്നില്‍ ഹാജരാക്കണം. ഭക്ഷണം, വസ്ത്രം, ആരോഗ്യ പരിശോധനയും ചികിത്സയും നല്‍കി രക്ഷിതാക്കളുണ്ടെങ്കില്‍ അവരെ ഏല്പിക്കുകയോ ഷെല്‍ട്ടര്‍ ഹോമുകളില്‍ സുരക്ഷിതരാക്കണമെന്നുമാണ് നിര്‍ദ്ദേശം.
ഓരോ കുട്ടിക്കും സംരക്ഷണ പദ്ധതി തയാറാക്കി സാമ്പത്തിക സഹായത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരിക്കും. കോടതി നിര്‍ദ്ദേശമനുസരിച്ച് എന്‍.സി.പി.സി.ആര്‍ തയാറാക്കിയ രൂപരേഖ സത്യവാങ്മൂലമായി അഭിഭാഷക സ്വരൂപമ ചതുര്‍വേദി കോടതിയില്‍ സമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രൂപരേഖയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ എന്‍.സി.പി.സി.ആറിനെ സമീപിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെ കുറിച്ച് നാലാഴ്ച കഴിഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.