വാഴ്‌സോ:ഉക്രെയ്നെതിരെ അധിനിവേശം തുടരുന്നതില്‍ പ്രതിഷേധിച്ച് റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനില്ലെന്ന് പോളണ്ട്. പോളണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സെസാരി കുലെസ്സെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തമാസം 24 ന് മോസ്‌കോയിലാണ് റഷ്യക്കെതിരായ പോളണ്ടിന്റെ ലാകകപ്പ് യോഗ്യതാ മത്സരം നിശ്ചയിച്ചിട്ടുള്ളത്.
'വെറും വാക്കുകള്‍ പറയാനില്ല, ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ഉക്രെയ്നെതിരായ റഷ്യന്‍ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാല്‍ പോളിഷ് ദേശീയ ടീം റഷ്യക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കുന്നില്ല'- കുലെസ്സെ വ്യക്തമാക്കി.
മാര്‍ച്ച് 24 ലെ പോളണ്ട്- റഷ്യ പോരാട്ടത്തില്‍ റഷ്യ വിജയിച്ചാല്‍ മാര്‍ച്ച് 29 ന് ചെക്ക് റിപ്പബ്ലിക്ക് , സ്വീഡന്‍ടീമുകളിലൊന്നുമായി റഷ്യയ്ക്ക് മത്സരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഈ രാജ്യങ്ങളിലെ രാഷ്ട്ര തലവന്‍മാരുമായി ചര്‍ച്ച തുടരുകയാണെന്നും കുലെസ്സെ പറഞ്ഞു. ഫിഫയ്ക്ക് ഒരു പൊതു നിലപാട് അവതരിപ്പിക്കാന്‍ തങ്ങള്‍ സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്നില്‍ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുമായി ഒരു മത്സരം കളിക്കുന്നത് ചിന്തിക്കാന്‍ പോലുമാവുന്നില്ല. റഷ്യന്‍ ഫുട്ബോള്‍ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല. പക്ഷേ, ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് ആവുന്നില്ലെന്ന് പോളണ്ട് ടീം ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.