ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി; 25 മലയാളികളടക്കം 240 പേര്‍

ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി; 25 മലയാളികളടക്കം 240 പേര്‍

ന്യുഡല്‍ഹി: ഉക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണ് എത്തിയത്. ഉക്രെയ്‌നില്‍ നിന്നുള്ള 25 മലയാളികളടക്കം 240 പേര്‍ വിമാനത്തിലുണ്ട്. രക്ഷാ ദൗത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിയിരുന്നു. 29 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്താവളത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. ഇതില്‍ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എത്തിക്കും. 16 പേര്‍ വിമനത്താവളത്തില്‍ നിന്ന് നേരെ കൊച്ചിയിലേക്ക് പോയി.

തിരുവനന്തപുരത്തേക്ക് ഉള്ളവര്‍ വൈകുന്നേരമാവും ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കുക. തിരികെ എത്തിയ മലയാളികളില്‍ ഒരാള്‍ ഡല്‍ഹിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യ യാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.

ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ഗംഗക്ക് തുടക്കമിട്ടത്. റൊമേനിയയില്‍ നിന്ന് 219 പേരുടെ സംഘത്തെയാണ് ആദ്യം മുംബൈയില്‍ എത്തിച്ചത്. ഈ സംഘത്തില്‍ 27 പേര്‍ മലയാളികളായിരുന്നു.

അതേസമയം 20,000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മറ്റ് ഇന്ത്യക്കാരുമാണ് അതിര്‍ത്തി ഭാഗങ്ങളില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നത്.
മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിര്‍ത്തിയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഉക്രെയ്ന്‍ സൈന്യം തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്നാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്.

കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയിലെത്തുമ്പോള്‍ കടക്കാന്‍ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നു. അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ വെച്ച് ആക്രമിക്കപ്പെടുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂടാതെ കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ച് തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടു. ഉക്രെയ്‌നിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികള്‍. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പില്‍ അതിര്‍ത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

പലായനം ചെയ്യുന്ന ഉക്രെയ്ന്‍ പൗരന്‍ന്മാരെ സൈന്യം കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിര്‍ത്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം നീളത്തിലുള്ള ക്യൂവാണ് അതിര്‍ത്തിയിലുള്ളത്. പെണ്‍കുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിര്‍ത്തി കടത്തുന്നത്. ആണ്‍കുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതിയുമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.