അധരം സംസാരിക്കേണ്ടത് ഹൃദയത്തിന്റെ നിറവില്‍ നിന്ന് ; വാക്കുകളിലൂടെ മലിന്യം വിതറരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

 അധരം സംസാരിക്കേണ്ടത് ഹൃദയത്തിന്റെ നിറവില്‍ നിന്ന് ; വാക്കുകളിലൂടെ മലിന്യം വിതറരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വാക്കുകളുടെ ദുരുപയോഗത്തിലൂടെ ലോകം മലിനമാക്കപ്പെടുന്ന അത്യാപല്‍ക്കര പ്രതിഭാസത്തിനെതിരെ മുന്നറിയിപ്പു നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മാവില്‍ അന്ധത നിറഞ്ഞവര്‍ വഴികാട്ടികളും ഗുരുക്കന്മാരും ആകാന്‍ വെമ്പുന്നതിനെതിരെയും ജാഗ്രത വേണമെന്ന് ഞായറാഴ്ച ദിവ്യബലിക്കിടയിലെ വചന സന്ദേശത്തിലൂടെ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 39-45 വരെയുമുള്ള വാക്യങ്ങളെ ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ ഉദ്‌ബോധനം.ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ മദ്ധ്യധരണ്യാഴി പ്രദേശത്തെ മെത്രാന്മാരുടെയും നഗരാധിപന്മാരുടെയും സമ്മേളനത്തിന് സമാപന ദിവ്യബലി അര്‍പ്പിക്കാനും അവിടെ മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാനുമുള്ള മുന്‍ നിശ്ചയം കാല്‍മുട്ടുവേദന മൂലമുള്ള വൈദ്യനിര്‍ദ്ദേശമനുസരിച്ച് വേണ്ടെന്നു വച്ചാണ് മാര്‍പാപ്പ സെന്റ്് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചത്.

ഹൃദയത്തിന്റെ നിറവില്‍ നിന്ന് അധരം സംസാരിക്കുന്നു എന്നു പഠിപ്പിച്ചുകൊണ്ടാണ് യേശു, നോട്ടത്തെയും സംസാരത്തെയും കുറിച്ച് ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. സഹോദരന്റെ കണ്ണിലെ കരടു നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനു മുമ്പ് സ്വന്തം കണ്ണിലെ തടിക്കഷണം നീക്കം ചെയ്ത് തെളിഞ്ഞ കാഴ്ച നേടണം; കാപട്യം വെടിയണം.

സ്വന്തം കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതെ സഹോദരന്റെ കണ്ണിലെ കരടു കണ്ടുപിടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അപകടസാദ്ധ്യത നമുക്കുണ്ട് എന്ന് കര്‍ത്താവ് പറയുന്നു (ലൂക്കാ 6:41). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നമ്മുടെ കുറവുകളെ നിസ്സാരമായിക്കണ്ടുകൊണ്ട് നാം അവയെ സ്വച്ഛമായി അവഗണിക്കുകയും മറ്റുള്ളവരുടെ പോരായ്മകളില്‍ വളരെ ശ്രദ്ധാലുക്കളാകുകയും ചെയ്യുന്നു. യേശു പറയുന്നത് സത്യമാണ്: മറ്റുള്ളവരെ കുറ്റപ്പെടുത്താനും സ്വയം ന്യായീകരിക്കാനും നാം എപ്പോഴും കാരണങ്ങള്‍ കണ്ടെത്തുന്നു.

ആത്മശോധന ചെയ്യാതെയും, സര്‍വ്വോപരി, സ്വയം മാറ്റം വരുത്താന്‍ പരിശ്രമിക്കാതെയും നാം പലപ്പോഴും ചെയ്യുന്നത് സമൂഹത്തിലും സഭയിലും ലോകത്തിലും ശരിയായ രീതിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുകയാണ്. ഫലവത്തായ, ക്രിയാത്മകമായ എല്ലാ മാറ്റങ്ങളും നമ്മില്‍ നിന്ന് ആരംഭിക്കണം. അങ്ങനെയല്ലെങ്കില്‍, ഒരു മാറ്റവും ഉണ്ടാകില്ല.അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ നോട്ടം അന്ധമാണ്. നമ്മള്‍ അന്ധരാണെങ്കില്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടിയും ഗുരുക്കന്മാരും ആയിരിക്കാന്‍ നമുക്കു സാധിക്കില്ല: തീര്‍ച്ചയായും, ഒരു അന്ധന്, മറ്റൊരു അന്ധനെ നയിക്കാന്‍ കഴിയില്ല (വാക്യം 39).

കാഴ്ചയെ ശുദ്ധീകരിക്കാം


നമ്മുടെ കാഴ്ചയെ ഏറ്റവും തെളിച്ചമുള്ളതാക്കാന്‍ കര്‍ത്താവ് ക്ഷണിക്കുന്നു.ആദ്യം ചെയ്യേണ്ട കാര്യമായി അവിടന്ന് ആവശ്യപ്പെടുന്നത് നമ്മുടെ ദുരവസ്ഥകള്‍ തിരിച്ചറിയാന്‍ നാം നമ്മുടെ ഉള്ളിലേക്കു നോക്കാനാണ്. കാരണം, സ്വന്തം കുറവുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റുള്ളവരുടെ കുറവുകള്‍ പെരുപ്പിച്ചു കാണിക്കുന്ന പ്രവണത നമുക്കുണ്ടാകും. നേരെമറിച്ച്, നമ്മുടെ തെറ്റുകളും ദുരവസ്ഥകളും നാം തിരിച്ചറിയുകയാണെങ്കില്‍, കരുണയുടെ വാതില്‍ നമുക്കായി തുറക്കപ്പെടും. നാം നമ്മുടെ ഉള്ളിലേക്ക് നോക്കിയ ശേഷം, താന്‍ ചെയ്യുന്നതുപോലെ, മറ്റുള്ളവരെ നോക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. അവിടന്നു നോക്കുന്നതുപോലെ മറ്റുള്ളവരെ നോക്കുക. ആ നോട്ടം, സര്‍വ്വോപരി, തിന്മയല്ല മറിച്ച് നന്മയാണ് കാണുക.

തിരുത്താനാവാത്ത തെറ്റുകള്‍ ദൈവം നമ്മില്‍ കാണുന്നില്ല. തെറ്റുകളിലല്ല, തെറ്റുപറ്റുന്ന മക്കളിലാണ് ദൈവം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൈവം എപ്പോഴും വ്യക്തിയെ അവന്റെ തെറ്റുകളില്‍ നിന്ന് വേര്‍തിരിക്കുന്നു. വ്യക്തിയെ എന്നും രക്ഷിക്കുന്നു. അവിടന്ന് എപ്പോഴും വ്യക്തിയില്‍ വിശ്വസിക്കുന്നു, തെറ്റുകള്‍ ക്ഷമിക്കാന്‍ എപ്പോഴും തയ്യാറാണ് അവിടന്ന്. ദൈവം സദാ പൊറുക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ ചെയ്യാന്‍ അവിടന്ന് നമ്മെ ക്ഷണിക്കുന്നു: അതായത്, മറ്റുള്ളവരില്‍ തിന്മ തിരയാനല്ല, നന്മ തേടാന്‍.

വാക്കുകള്‍ക്ക് കനമുണ്ടാകണം

നമ്മുടെ സംസാരത്തെക്കുറിച്ച് ചിന്തിക്കാനും യേശു നമ്മെ ക്ഷണിക്കുന്നു. 'ഹൃദയത്തിന്റെ നിറവില്‍ നിന്നുള്ളതാണ്' (വാക്യം 45) അധരം ആവിഷ്‌ക്കരിക്കുന്നതെന്ന് കര്‍ത്താവ് വിശദീകരിക്കുന്നു. അത് സാര്‍ത്ഥകമാണ്. ഒരാളുടെ ഹൃദയത്തില്‍ എന്താണെന്ന് അവന്റെ സംസാര രീതിയില്‍ നിന്ന് പെട്ടെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നമ്മള്‍ ആരാണെന്ന് പറയുന്നു. എന്നിരുന്നാലും, ചിലപ്പോള്‍, നാം നമ്മുടെ വാക്കുകളില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും അവ ഉപരിപ്ലവമായി ഉപയോഗിക്കുകയും ചെയ്യുന്നു.

വാക്കുകള്‍ക്ക് കനമുണ്ട്: ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനും നമുക്കുള്ള ഭയങ്ങള്‍ക്കും നാം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്കും ശബ്ദം നല്‍കാനും ദൈവത്തെയും മറ്റുള്ളവരെയും വാഴ്ത്താനും അവ നമ്മെ അനുവദിക്കുന്നു. എന്നിരുന്നാലും, നിര്‍ഭാഗ്യവശാല്‍, ഭാഷ ഉപയോഗിച്ച് നമുക്ക് മുന്‍വിധികള്‍ വളര്‍ത്താനും തടസ്സങ്ങള്‍ ഉയര്‍ത്താനും നമ്മുടെ സഹോദരങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയും. നാക്കു കൊണ്ട് നമുക്ക് സഹോദരങ്ങളെ നശിപ്പിക്കാനാകും.

പരദൂഷണം വേദനാജനകമാണ്, അപവാദം കത്തിയെക്കാള്‍ മൂര്‍ച്ചയേറിയതാണ്! ഇക്കാലത്ത്, പ്രത്യേകിച്ച് ഡിജിറ്റല്‍ ലോകത്ത്, വാക്കുകള്‍ അതിവേഗം പായുന്നു; എന്നാല്‍ പല വാക്കുകളും കോപവും ആക്രമണവും സംവഹിക്കുകയും തെറ്റായ വാര്‍ത്തകള്‍ പോഷിപ്പിക്കുകയും വികലമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പൊതുജനത്തിന്റെ ഭയത്തെ മുതലെടുക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരജേതാവുമായ നയതന്ത്രജ്ഞന്‍ ഡാഗ് ഹാമര്‍ഷോള്‍ഡ് പറഞ്ഞു, 'വാക്ക് ദുരുപയോഗം ചെയ്യുന്നത് മനുഷ്യനെ നിന്ദിക്കുന്നതിനു തല്യമാണ്'

എപ്രകാരമുള്ള പദങ്ങളാണ് നാം ഉപയോഗിക്കുന്നതെന്ന് സ്വയം ചോദിക്കാം: ശ്രദ്ധ, ബഹുമാനം, ധാരണ, സാമീപ്യം, അനുകമ്പ എന്നിവ പ്രകടിപ്പിക്കുന്ന വാക്കുകളോ അതോ മറ്റുള്ളവരുടെ മുന്നില്‍ നമ്മെ നല്ലവരായി അവതരിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടുകൂടിയ വാക്കുകളോ? നമ്മള്‍ സൗമ്യമായി സംസാരിച്ച് വിഷം വിതറുന്നുവോ ? വിമര്‍ശിക്കുകയും, പരാതിപറയുകയും, വ്യാപകമായ ആക്രമണം പോഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ലോകത്തെ മലിനമാക്കുകയാണോ? നമ്മുടെ നോട്ടത്തെയും സംസാരത്തെയും ശുദ്ധീകരിക്കാന്‍ നമ്മെ സഹായിക്കുന്നതിന്, പരിശുദ്ധ മാതാവിനോട്, ദൈവം ആരുടെ എളിമയെ തൃക്കണ്‍പാര്‍ത്തുവോ, ആ മറിയത്തോട്, നിശബ്ദതയുടെ കന്യകയോട് പ്രാര്‍ത്ഥിക്കാം.

ഉക്രെയിന്‍ ദുരന്തം

ആശീര്‍വ്വാദാനന്തരം പാപ്പാ, റഷ്യ-ഉക്രെയിന്‍ യുദ്ധമെന്ന ദുരന്തത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഈ ദിവസങ്ങളില്‍, ദാരുണമായ ഒരു ദുരന്തം നമ്മെ അസ്വസ്ഥരാക്കിയിരിക്കയാണ്: യുദ്ധം. ഈ വഴി അവലംബിക്കാതിരിക്കേണ്ടതിനായി നാം പലവുരു പ്രാര്‍ത്ഥിച്ചു. ഈ പ്രാര്‍ത്ഥന നാം അവസാനിപ്പിക്കുന്നില്ല. മറിച്ച്, ദൈവത്തെ നമുക്ക് ഉപരി തീക്ഷ്ണതയോടുകൂടി വിളിച്ചപേക്ഷിക്കാം. ആകയാല്‍, മാര്‍ച്ച് 2, വിഭൂതി ബുധനാഴ്ച, ഉക്രെയ്‌നിലെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കാനുള്ള ക്ഷണം ഞാന്‍ നവീകരിക്കുന്നു. ഉക്രേനിയന്‍ ജനതയുടെ കഷ്ടപ്പാടുകളില്‍ അവരോട് അടുത്തായിരിക്കാനും എല്ലാവരെയും സഹോദരീസഹോദരന്മാരെയി കരുതാനും യുദ്ധാന്ത്യത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കാനുമുള്ള ഒരു ദിനം.

യുദ്ധം ചെയ്യുന്നവര്‍, യുദ്ധം ഇളക്കിവിടുന്നവര്‍, നരകുലത്തെ മറക്കുന്നു. അത് ആരംഭിക്കുന്നത് ജനങ്ങളില്‍ നിന്നല്ല, അത് ജനങ്ങളുടെ സമൂര്‍ത്ത ജീവിതത്തിലേക്ക് നോക്കുന്നില്ല, മറിച്ച് എല്ലാത്തിനുമുപരിയായി സ്ഥാപിത താല്‍പ്പര്യങ്ങളും അധികാരവും പ്രതിഷ്ഠിക്കുന്നു. ആയുധങ്ങളുടെ പൈശാചികവും വികൃതവുമായ യുക്തിക്ക് മനുഷ്യന്‍ സ്വയം സമര്‍പ്പിക്കുന്നു. ആ യുക്തി ദൈവഹിതത്തില്‍ നിന്ന് ഏറ്റവും അകലെയാണ്. സമാധാനം ആഗ്രഹിക്കുന്ന സാധാരണക്കാരില്‍ നിന്ന് ഒരുവന്‍ അകന്നുപോകുന്നു; ഓരോ സംഘര്‍ഷത്തിന്റെയും യഥാര്‍ത്ഥ ഇരയാണ് സാധാരണജനം. യുദ്ധത്തിന്റെ ഭോഷത്തത്തിന് അവര്‍ വില നല്‌കേണ്ടിവരുന്നു. വൃദ്ധജനത്തെയും അഭയം തേടുന്ന സകലരെയും, മക്കളുമായി പലായനം ചെയ്യുന്ന അമ്മമാരെയും ഈ സമയത്ത് ഞാന്‍ ഓര്‍ക്കുകയാണ്. അവര്‍ സഹോദരീസഹോദരന്മാരാണ്, അവര്‍ക്ക് ജീവകാരുണ്യ ഇടനാഴികള്‍ തുറക്കേണ്ടത് അടിയന്തിരമാണ്, അവരെ സ്വാഗതം ചെയ്യണം.

ഉക്രെയിനില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണ് - യെമന്‍, സിറിയ, എത്യോപ്യ തുടങ്ങിയ ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളും നാം മറക്കരുത്. ഞാന്‍ ആവര്‍ത്തിക്കുന്നു: അവരുടെ ആയുധങ്ങള്‍ നിശബ്ദമാകട്ടെ! ദൈവം സമാധാനം സ്ഥാപിക്കുന്നവര്‍ക്കൊപ്പമാണ്, അക്രമം അവലംബിക്കുന്നവരോടുകൂടെയല്ല. കാരണം, ഇറ്റലിയുടെ ഭരണഘടന പറയുന്നതുപോലെ, 'മറ്റ് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരായ കുറ്റകൃത്യത്തിന്റെ ഉപകരണവും അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗവും എന്ന നിലയിലുള്ള യുദ്ധത്തെ സമാധാന സ്‌നേഹികള്‍ നിരാകരിക്കുന്നു'.

യുദ്ധത്തെക്കുറിച്ചു പരാമര്‍ശിച്ചതിനെ തുടര്‍ന്ന് പാപ്പാ, സ്പെയിനില്‍, 1930-കളില്‍ നടന്ന മതപീഡന വേളയില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട പുരോഹിതന്‍ ഗയെത്താനൊ ഹിമെനെസ് മര്‍ത്തീനും പതിനഞ്ച് സഹ രക്തസാക്ഷികളും, അന്നാട്ടിലെ ഗ്രനാദയില്‍ ,വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു. ക്രിസ്തുവിന്റെ ഈ വീരശിഷ്യന്മാരുടെ സാക്ഷ്യം, വിശ്വസ്തതയോടും ധൈര്യത്തോടും കൂടി സുവിശേഷത്തെ സേവിക്കാനുള്ള അഭിവാഞ്ഛ എല്ലാവരിലും ഉണര്‍ത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ഫെബ്രുവരി 28-ന് ആചരിക്കുന്ന അപൂര്‍വ്വ രോഗ ലോകദിനത്തെക്കുറിച്ച് തുടര്‍ന്നു പരാമര്‍ശിച്ചു. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും വിവിധ സംഘടനകള്‍ക്കും അപൂര്‍വ്വ രോഗ സംബന്ധിയായ ഗവേഷണപഠനങ്ങള്‍ നടത്തുന്നവര്‍ക്കും പ്രചോദനം പകരുകയും അവരുടെ ചാരെ താനുണ്ടെന്ന് ഉറപ്പു നല്കുകയും ചെയ്തു ഫ്രാന്‍സിസ് മാര്‍പാപ്പ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.