റഷ്യന്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തി വച്ച് ആപ്പിള്‍

റഷ്യന്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തി വച്ച് ആപ്പിള്‍

കീവ്: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും റഷ്യയിലെ വില്‍പ്പന നിര്‍ത്തിവെച്ചതായി പ്രമുഖ മൊബൈൽ നിർമ്മാതാക്കളായ അമേരിക്കന്‍ ടെക്നോളജി കമ്പനി ആപ്പിള്‍ അറിയിച്ചു.

'ഞങ്ങള്‍ റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി. കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയില്‍സ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങള്‍ നിര്‍ത്തി' എന്ന് ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ റഷ്യയിലെ ആപ്പിള്‍ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.

'ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തില്‍ ഞങ്ങള്‍ വളരെയധികം ഉത്കണഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'ഞങ്ങള്‍ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് സഹായം നല്‍കാനും ഈ മേഖലയിലെ ഞങ്ങളുടെ ടീമുകളെ പിന്തുണക്കാനും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അധിനിവേശത്തിനെതിരെ ഞങ്ങള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും' ആപ്പിള്‍ വ്യക്തമാക്കി.

'ഉക്രെയ്നിയന്‍ പൗരന്മാര്‍ക്കുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടിയായി ഞങ്ങള്‍ ഉക്രെയ്നിലെ അപ്പിള്‍ മാപ്പില്‍ ട്രാഫിക്കും ലൈവ് സംഭവങ്ങളും പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. ഞങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവരോടും ഞങ്ങള്‍ പങ്കുചേരുന്നതായും' ആപ്പിള്‍ അറിയിച്ചു.

റഷ്യയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡറോവ് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് കത്ത് അയച്ചിരുന്നു. ആപ് സ്റ്റോറിലേക്കുള്ള പ്രവേശനം തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിലെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രി കൂടിയായ ഫെഡോറോവ് കുക്കിന് അയച്ച കത്തിന്റെ പകര്‍പ്പ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യു.എസ് ഉപരോധത്തെ ആപ്പിള്‍ പിന്തുണക്കണമെന്നും ഫെഡോറോവ് പറഞ്ഞു. "യുക്രെയ്നെ സംരക്ഷിക്കാന്‍ നിങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്," - ഫെഡോറോവ് കത്തിലെഴുതി. 2022ല്‍ റോക്കറ്റ് ലോഞ്ചറുകള്‍ക്കും ടാങ്കുകള്‍ക്കും മിസൈലുകള്‍ക്കും ഏറ്റവും നല്ല മറുപടിയാണ് ആധുനിക സാ​ങ്കേതികവിദ്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.