സുരക്ഷയും ധാര്‍മിക മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ നിര്‍മിത ബുദ്ധിക്ക് നിയന്ത്രണം; കരട് നിയമം അവതരിപ്പിച്ച് ചൈന

സുരക്ഷയും ധാര്‍മിക മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ നിര്‍മിത ബുദ്ധിക്ക് നിയന്ത്രണം; കരട് നിയമം അവതരിപ്പിച്ച് ചൈന

ബെയ്ജിങ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സേവനങ്ങള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് പുതിയ കരടു നിയമങ്ങള്‍ പുറത്തിറക്കി ചൈന. ഉപഭോക്തൃ സേവനങ്ങള്‍ക്കായി പുറത്തിറക്കുന്ന എഐ സാങ്കേതിക വിദ്യകളില്‍ സുരക്ഷയും ധാര്‍മിക മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈനയുടെ ഈ നീക്കം.

മനുഷ്യരെപ്പോലെ ചിന്തിക്കുകയും ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നിവയിലൂടെ ആശയ വിനിമയം നടത്തുകയും ചെയ്യുന്നതും ഉപയോക്താക്കളുമായി വൈകാരികമായി ബന്ധപ്പെടുന്നതുമായ എഐ ഉല്‍പന്നങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും.

പുതിയ നിയമം അനുസരിച്ച് എഐ സേവനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കാനും ആളുകള്‍ അടിമപ്പെടുന്നുണ്ടെന്ന് കണ്ടാല്‍ ഇടപെടാനും എഐ സാങ്കേതികവിദ്യാ സേവനദാതാക്കള്‍ ബാധ്യസ്ഥരാവും.

എഐ ഉല്‍പന്നത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കണം. അല്‍ഗോരിതം പരിശോധന, ഡാറ്റാ സുരക്ഷ, സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ വേണം.

ഉപയോക്താക്കളുടെ മാനസികാവസ്ഥയും വൈകാരിക നിലയും എഐ സേവന ദാതാക്കള്‍ വിലയിരുത്തണം. ഉപയോക്താക്കള്‍ അമിതമായ വികാരങ്ങളോ അടിമത്തമോ പ്രകടിപ്പിച്ചാല്‍ അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ദേശീയ സുരക്ഷയെ ബാധിക്കുന്നതോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതോ അക്രമത്തെയോ അശ്ലീലത്തെയോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.

പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ കരട് നിയമങ്ങള്‍ വരുംദ ിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകും. അതിന് ശേഷമായിരിക്കും ആവശ്യമായ മാറ്റങ്ങളോടെ നിലവില്‍ വരിക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.