കീവ്: ഉക്രെയ്ൻ - റഷ്യ പോരാട്ടം ലോകമൊന്നാകെ ഉറ്റു നോക്കുമ്പോൾ ഉക്രെയ്നിൽ നിന്ന് ജീവന്റെ സുരക്ഷയ്ക്കായി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് ദിവസവും പാലായനം ചെയ്യുന്നത്. യുദ്ധമുഖത്ത് ദുരിതമനുഭവിക്കുന്നവർക്ക് നിരവധി സഹായഹസ്തങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭ്യമാക്കാൻ ശ്രമിക്കുമ്പോൾ ഭീതിയോടെ പകച്ചുനിൽക്കുന്ന വിദ്യാർഥികൾക്കും മറ്റും കരുണയുടെ കൈത്താങ്ങായി മാറുകയാണ് റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്കിലെ സിസ്റ്റർ ലിജിയും സംഘവും.
ഉക്രെയ്നെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലേക്ക് പോകുന്നവർക്ക് സഹായങ്ങൾ നൽകാമെന്ന് കുറച്ച് ദിവസങ്ങൾക്കു മുൻപ് സിസ്റ്റർ ലിജി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ എംബസിയിലെ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നിരവധി പേരാണ് സിസ്റ്ററിനെ വിളിച്ച് സഹായം തേടിയത്. സിസ്റ്റർ ലിജിയോടൊപ്പം സിസ്റ്റർമാരായ ജയതി, അമല എന്നിവരും ദുരിതമനുഭവിക്കുന്നവർക്ക് താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി.
ഇവാനോ ഫ്രാങ്കോ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 18 പേരും. കീവിൽ നിന്ന് 30 പേരും. സപോറേഷ്യയിൽ നിന്ന് 600 കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് സൗകര്യങ്ങൾ ഒരുക്കി. ഇവർക്കെല്ലാം സൗകര്യമൊരുക്കാൻ സിസ്റ്റേഴ്സിനൊപ്പം പരിചയമുള്ള ഉക്രെയ്ൻക്കാരുമുണ്ട്. അവരുടെ വീടുകളിൽ നിന്ന് എല്ലാം ഭക്ഷണവും കമ്പിളിയും എത്തിച്ചു നൽകി.
ഉക്രെയ്ന്റെയും ഇന്ത്യയുടെയും പതാകകൾ കെട്ടി വാഹനങ്ങളിൽ പോയി അതിർത്തിയിൽനിന്ന് വിദ്യാർഥികളെ കൊണ്ടുവരാൻ ഇവർ സഹായിച്ചു. അതിർത്തിയിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന വിദ്യാർഥികളെ മഠത്തിൽ താമസിപ്പിക്കാൻ സൗകര്യം തികഞ്ഞില്ലെങ്കിൽ ബാക്കിയുള്ളവരെ സ്കൂളുകളിലും മറ്റും താമസിപ്പിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.
സിസ്റ്റർ ലിജി പയ്യപ്പിള്ളി സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്കിന്റെ മഠത്തിൽ 20 വർഷമായി സേവനം അനുഷ്ഠിക്കുകയാണ്. കൂടെ 19 സിസ്റ്റർമാരുണ്ട്. മഠത്തിലെ വൃദ്ധസദനത്തിൽ 20 പേരും പതിവായി പ്രാർത്ഥനയ്ക്കായി 400 പേരും ഇവിടെ ദിവസവും എത്താറുണ്ട്.
നായത്തോട് പയ്യപ്പള്ളി വീട്ടിൽനിന്ന് ഈ മാസം 19ന് മടങ്ങിയത് ഉള്ളൂ ലിജി. കൂടെ യാത്രയിൽ കന്യാസ്ത്രിമാരായ ജയതിയും അമലയുമുണ്ടായിരുന്നു. തൃശൂർ മേലൂരാണ് സിസ്റ്റർ ജയതിയുടെ നാട്. ആലുവ ഇളവൂരാണ് സിസ്റ്റർ അമലയുടെ നാട്.
ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തുന്ന കത്ത് ഉണ്ടെങ്കിൽ ഹങ്കറി അതിർത്തിയിലെ പോസ്റ്റിലൂടെ നീണ്ട കാത്തിരിപ്പില്ലാതെ ഇന്ത്യക്കാരെ കടത്തിവിടാൻ സാധിക്കും. അതിനായി ശ്രമിക്കുകയാണ് സിസ്റ്റർ ലിജി.
' ഇങ്ങനെയൊരു യുദ്ധം ആരും പ്രതീക്ഷിച്ചതല്ല എല്ലാം നേരെയാക്കാൻ പ്രാർത്ഥിക്കാം. ഇരുട്ടിനെ ശപിച്ചു കൊണ്ടിരിക്കാതെ ഒരു തിരി കത്തിച്ചു വയ്ക്കാമെന്ന്' സിസ്റ്റർ ലിജി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.