ഉക്രെയ്‌ന് പിന്തുണ; തായ് വാന്‍ പ്രസിഡന്റിന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ഉക്രെയ്‌ന് പിന്തുണ; തായ് വാന്‍ പ്രസിഡന്റിന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

തായ്‌പെയ്: റഷ്യന്‍ ആക്രമണം രൂക്ഷമായ ഉക്രെയ്‌ന് പിന്തുണ അര്‍പ്പിച്ച് തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി തായ് വാന്‍ പ്രസിഡന്റ് സായ്-ഇംഗ് വെന്‍. റഷ്യ അയല്‍ രാജ്യത്ത് അധിനിവേശം നടത്തിയത് പോലെ തായ് വാനില്‍ കടന്നുകയറാന്‍ ചൈന ശ്രമിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നീക്കം. വൈസ് പ്രസിഡന്റായ വില്യം ലായ്, പ്രീമിയറായ സു ത്സെങ് ചാങ് എന്നിവരും ഒരു മാസത്തെ ശമ്പളം ഉക്രെയ്‌നിലെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

ചൈനയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുവരുന്ന സാചര്യത്തില്‍, യുദ്ധം നേരിടുന്ന ഉക്രെയ്‌ന് അനുകൂലമായി തായ് വാനില്‍ കനത്ത വികാരമുണ്ട്. തായ് വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ തായ് വാന്‍ നിവാസികള്‍ ഇത് അംഗീകരിക്കുന്നില്ല.

ഈ ആഴ്ച 27 ടണ്‍ മരുന്നുകള്‍ ഉക്രെയ്‌നിലേക്ക് തായ് വാന്‍ അയക്കുന്നുണ്ട്. ഉക്രെയ്‌ന്റെ നിശ്ചയദാര്‍ഢ്യം തായ്വാനും ലോകത്തിനും പ്രചോദനമാണെന്ന് ബുധനാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി യോഗത്തില്‍ സായ്-ഇംഗ് വെന്‍ പറഞ്ഞു. ലോകജനാധിപത്യത്തിലെ പങ്കാളിയെന്ന നിലയില്‍ ഉക്രെയ്‌ന് എല്ലാ പിന്തുണയും നല്‍കുന്നതായും അവര്‍ പ്രഖ്യാപിച്ചു. ഉക്രെയ്ന്‍ ദുരിതാശ്വാസത്തിനായി തായ്വാന്‍ റിലീഫ് ഡിസാസ്റ്റര്‍ അസോസിയേഷന്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടുമെന്നും അതുവഴി ധനസമാഹരണം നടത്തുമെന്നും തായ് വാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തായ് വാന്‍ പ്രസിഡന്റിന് പ്രതിമാസം ഏകദേശം 14,250 ഡോളറാണ് ശമ്പളമായി ലഭിക്കുന്നത്.

1940 ലെ ആഭ്യന്തര യുദ്ധകാലത്താണ് ചൈനയും തായ് വാനും വിഭജിക്കപ്പെട്ടത്. എന്നാല്‍ തായ് വാനെ തങ്ങളുടെ അധികാരപരിധിയിലാക്കാനാണ് ചൈനയുടെ ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.