'ഓപ്പറേഷന്‍ ഗംഗ' അവസാന ഘട്ടത്തില്‍; ശേഷിക്കുന്ന ഇന്ത്യക്കാര്‍ ഉടന്‍ ബുഡാപെസ്റ്റിലെത്താന്‍ നിര്‍ദേശം

'ഓപ്പറേഷന്‍ ഗംഗ' അവസാന ഘട്ടത്തില്‍; ശേഷിക്കുന്ന ഇന്ത്യക്കാര്‍ ഉടന്‍ ബുഡാപെസ്റ്റിലെത്താന്‍ നിര്‍ദേശം

ബുഡാപെസ്റ്റ്: ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള 'ഓപ്പറേഷന്‍ ഗംഗ' അവസാന ഘട്ടത്തില്‍. അവശേഷിക്കുന്ന വിദ്യാര്‍ഥികളോട് ഇപ്പോള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പ്രാദേശിക സമയം 10 മണിക്കും 12 മണിക്കുമിടെ ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റി സെന്ററില്‍ എത്തിച്ചേരാന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.

തിരിച്ചു വരാനുള്ള വിദ്യാര്‍ഥികള്‍ അവരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ ഗംഗയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ  44 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം പിസോചിനില്‍ നിന്നു പോളിണ്ട് അതിര്‍ത്തിയിലേക്കു യാത്ര തിരിച്ചതായി ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 150 ഇന്ത്യക്കാര്‍ അടങ്ങിയ മറ്റൊരു സംഘം റൊമാനിയന്‍ അതിര്‍ത്തിയിലെത്തിയതായും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തി 2,900 പേരെ ഇന്ത്യയില്‍ എത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഉക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയും അറിയിച്ചു. നിലവില്‍ 21,000 പേര്‍ ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതായി അരിന്ദം ബാഗ്ചി പറഞ്ഞു.

ഖാര്‍കീവില്‍ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടതായും ബാഗ്ചി വ്യക്തമാക്കി. സുമിയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ഇനി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം ഇത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉക്രെയ്‌നില്‍ ഇനി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ ഗംഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ എംബസി നേരിട്ട് ബന്ധപ്പെടും. ഇന്ന് ഓപ്പറേഷന്‍ ഗംഗ വിമാനത്തില്‍ ഒരു നേപ്പാള്‍ സ്വദേശിയും മടങ്ങി വരുന്നുണ്ടെന്നും മറ്റൊരു വിമാനത്തില്‍ ഒരു ബംഗ്ലേദേശിയേയും കൊണ്ടു വരുമെന്നും ബാഗ്ചി വ്യക്തമാക്കി.

ഉക്രെയ്‌നിലെ രക്ഷാ ദൗത്യത്തില്‍ വലിയ രാജ്യങ്ങള്‍ പോലും ബുദ്ധിമുട്ടുമ്പോള്‍ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ തിരികെയെത്തിക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.