ആമസോണ്‍ വനങ്ങളിലെ മരങ്ങള്‍ക്ക് അതിജീവന ശേഷി നഷ്ടമാകുന്നു; ഗുരുതര പ്രത്യാഘാതമെന്ന് ഗവേഷക സംഘം

ആമസോണ്‍ വനങ്ങളിലെ മരങ്ങള്‍ക്ക് അതിജീവന ശേഷി നഷ്ടമാകുന്നു; ഗുരുതര പ്രത്യാഘാതമെന്ന് ഗവേഷക സംഘം


ലണ്ടന്‍: ആമസോണ്‍ വനങ്ങളിലെ മരങ്ങളില്‍ ക്രമേണ സംഭവിച്ചുവരുന്ന അപകടകരമായ മാറ്റങ്ങള്‍ ഭൂമിയിലെ മൊത്തം ജീവജാലങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയെന്ന് ഗവേഷക സംഘത്തിന്റെ നിഗമനം. വരാനിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളാകാം: വിപുലമായ ഗവേഷണത്തിനു നേതൃത്വം നല്‍കിയ എക്സെറ്റര്‍ സര്‍വ്വകലാശാലയിലെ ഡോ.ക്രിസ് ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.

ഭൂമിയുടെ ശ്വാസകോശം എന്ന വിശേഷണമുള്ള ഒരു അത്ഭുതമാണ് തെക്കന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍. ആഗോളതാപനത്തിനിടയാക്കുന്ന വാതകങ്ങളെ ആഗിരണം ചെയ്യുന്ന ഈ നിബിഡ വനം 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലായാണ് അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. എന്നാല്‍ ആമസോണ്‍ മരങ്ങള്‍ കൂട്ടത്തോടെ നാശത്തിലേക്ക് നീങ്ങുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

എക്സെറ്റര്‍ സര്‍വകലാശാല, പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് (പിഐകെ), ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ മൂന്ന് പതിറ്റാണ്ടിലെ ഉപഗ്രഹ ഡാറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. വര്‍ഷങ്ങളായി ആമസോണ്‍ മനുഷ്യരുടെ ആക്രമണത്തിന് വിധേയമായിരിക്കുമ്പോള്‍, മഴക്കാടുകളുടെ 3/4 ഭാഗത്തിനും വരള്‍ച്ച, വനനശീകരണം, തീപിടുത്തം എന്നിവയുടെ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള പ്രതിരോധശേഷി നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ആമസോണിലെ മരങ്ങളുടെ പൊതു ആരോഗ്യം ഒട്ടും മെച്ചമല്ലെന്നും വനം ഉടന്‍ തന്നെ 'ഒരു ടിപ്പിംഗ് പോയിന്റി'നെ സമീപിക്കുമെന്നും ഡോ.ക്രിസ് ബോള്‍ട്ടണ്‍ ബിബിസിയോട് പറഞ്ഞു. 'അടിസ്ഥാനപരമായി, മരങ്ങളുടെ വന്‍ നഷ്ടം,' ആണുണ്ടാകാന്‍ പോകുന്നത് - അദ്ദേഹം പറഞ്ഞു.'ടിപ്പിംഗ് പോയിന്റ്' എപ്പോള്‍ വരുമെന്ന് ശാസ്ത്രജ്ഞര്‍ ഇതുവരെ പ്രവചിച്ചിട്ടില്ല. പക്ഷേ കാലാവസ്ഥാ വ്യതിയാനവും, ജൈവവൈവിധ്യ നഷ്ടവും ഏറും. പ്രാദേശിക സമൂഹത്തിന്റെ ഉപജീവനമാര്‍ഗ്ഗം അടയുന്നതിലൂടെയും അതിന്റെ ഫലങ്ങള്‍ കൂടുതലായി അനുഭവപ്പെടുമെന്ന് ഉറപ്പാണ്. സമ്പന്നമായ മഴക്കാടുകള്‍ ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ നാമമാത്ര വനമായി മാറും. കൂടുതലും പുല്‍മേടുകളാകും.

ധാരാളം കാര്‍ബണ്‍ സംഭരിക്കുന്നതിനാല്‍ ആമസോണിന്റെ അതിജീവനം മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഡോ. ബോള്‍ട്ടണ്‍ പറഞ്ഞു. പകരം ആമസോണിന് അപകടമുണ്ടായാല്‍ ആഗോള ശരാശരി താപനില ഉയരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആമസോണിലെ വനവല്‍ക്കരണം ഒരു പരിധിവരെ പ്രശ്‌നം ലഘൂകരിക്കാന്‍ സഹായിച്ചേക്കാം.


വായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അധികം വലിച്ചെടുക്കാന്‍ ഉഷ്ണമേഖലാ വനങ്ങള്‍ക്ക് സാധിക്കാറില്ല. ഉഷ്ണമേഖലാ വനങ്ങളുടേതിന് സമാനമായ മാറ്റമാണ് ആമസോണ്‍ മഴക്കാടുകളിലും ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത് ആഗോളതാപനത്തിന് കാരണമായി മാറിയേക്കാമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. 1991 മുതല്‍ 2016 വരെയുള്ള സാറ്റലൈറ്റ് ഡാറ്റകളാണ് ഗവേഷകര്‍ ഉപയോഗിച്ചിരിക്കുന്നത്.

മരങ്ങളുടെ ആരോഗ്യത്തില്‍ ഭയാനകമായ മാറ്റമാണ് സംഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. വനങ്ങളുടെ പ്രതിരോധശേഷി എന്ന് നഷ്ടപ്പെടുമെന്ന് പറയാനാകില്ലെങ്കിലും, അങ്ങനെ എത്തുന്ന ഒരു ഘട്ടത്തില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യത്യസ്തമായ ഒരു ആവാസ വ്യവസ്ഥയിലേക്കാകും ഇതോടെ കടന്നു പോകുന്നത്. വലിയ തോതില്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. അന്തരീക്ഷത്തിന്റെ താപനിലയില്‍ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതായിരിക്കില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.