ഡീപ്പ്‌ഫേക്ക് കണ്ടന്റുകള്‍ക്ക് നിയന്ത്രണം വേണം; ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ശിവസേന എംപി

ഡീപ്പ്‌ഫേക്ക് കണ്ടന്റുകള്‍ക്ക് നിയന്ത്രണം വേണം; ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ശിവസേന എംപി

ന്യൂഡല്‍ഹി: രാജ്യത്ത് ഡീപ്പ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ശിവസേന എം പി ശ്രീകാന്ത് ഷിന്‍ഡെ. ഡീപ്പ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടുത്തുന്നവരോട് മുന്‍കൂര്‍ സമ്മതം വാങ്ങുക തുടങ്ങിയ വ്യവസ്ഥകള്‍ അടങ്ങിയതാണ് സ്വകാര്യ ബില്‍.

രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ ഡീപ്പ്‌ഫേക്ക് വീഡിയോകളുടെ പങ്ക് വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ അവതരിപ്പിച്ചത്. പീഡനം, വഞ്ചന, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയില്‍ ഡീപ്പ്‌ഫേക്കുകളുടെ ഉപയോഗം വര്‍ധിച്ചു. ഇവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു. ദുരുദ്ദേശത്തോടെ ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നല്‍കേണ്ട ശിക്ഷകളും ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എഐ, ഡീപ് ലേര്‍ണിങ്, ഡീപ്പ്‌ഫേക്ക് ടെക്നോളജി എന്നിവയിലെ വളര്‍ച്ച മീഡിയ മാനിപ്പുലേഷന് വഴി വെച്ചിരിക്കുകയാണ്. ഗുണങ്ങള്‍ ഏറെയുണ്ടങ്കിലും ദുര്‍വിനിയോഗം ചെയ്യപ്പെട്ടാല്‍ ഇവ വ്യക്തിയുടെ സ്വകാര്യത, ദേശീയ സുരക്ഷ, വിശ്വാസ്യത എന്നിവയെ ബാധിക്കും എന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഷിന്‍ഡെ വ്യക്തമാക്കിയത്.

രാജ്യത്ത് ഡീപ്പ്‌ഫേക്കുകളുടെ സൃഷ്ടി, വിതരണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കാന്‍ നിയമപരമായി ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഡീപ്പ്‌ഫേക്ക് ടാസ്‌ക് ഫോഴ്‌സ് എന്ന ഒരു സംവിധാനം ഉണ്ടാക്കാന്‍ ബില്‍ ആവശ്യപ്പെടുന്നുണ്ട്. ഉള്ളടക്കങ്ങളിലെ കൃത്യതയും മറ്റും കണ്ടെത്തനായി ഈ ടാസ്‌ക് ഫോഴ്‌സ് അക്കാഡമിക്, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കും. ദുരുപയോഗം തടയാനും അവ കണ്ടെത്താനുമുള്ള പ്രക്രിയയ്ക്കുമായി സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫണ്ടുകള്‍ മാറ്റിവെയ്ക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.