അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 27 മുതല്‍ പുനരാരംഭിക്കാൻ തീരുമാനം

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 27 മുതല്‍ പുനരാരംഭിക്കാൻ തീരുമാനം

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിൻവലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും പുനരാരംഭിക്കാൻ തീരുമാനം. ഈ മാസം 27 മുതല്‍ സര്‍വീസുകള്‍ വീണ്ടും തുടങ്ങും.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതു വരെ എയര്‍ ബബിള്‍ സംവിധാനത്തിലുള്ള പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു.

എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയും തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു. 2020 മാര്‍ച്ച്‌ 23 ലാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്. രണ്ട് വര്‍ഷം അന്താരാഷ്ട്ര സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിച്ചു.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു. വന്ദേ ഭാരത് മിഷന്‍ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും പിന്നാലെയാണ് ഇത്തരം സര്‍വീസുകള്‍ നിശ്ചയിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.