സിഡ്നി: ഓസ്‌ട്രേലിയയില്‍ കൊതുകുകള്‍ പരത്തുന്ന ജപ്പാന്‍ ജ്വരം വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ 130,000 ഡോസ് വാക്‌സിന്‍ വാങ്ങുമെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. കനത്ത വെള്ളപ്പൊക്കത്തെതുടര്‍ന്ന് ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ ജപ്പാന്‍ ജ്വരം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 70 മില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ് ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലായി ഇതുവരെ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. കൊതുകുകള്‍ പെരുകുന്നതു തടയാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കും. ഇതിനായി അഞ്ചു മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ വകയിരുത്തി.
കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഓസ്ട്രേലിയയിലെ കിഴക്കന്‍ മേഖലകളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കൊതുകുകള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ്-വിക്ടോറിയ അതിര്‍ത്തിയിലെ ഒരു പന്നിവളര്‍ത്തല്‍ ഫാമിലായിരുന്നു ആദ്യം വൈറസ് സ്ഥിരീകരിച്ചത്.
ഓസ്ട്രേലിയയില്‍ സാധാരണ രീതിയില്‍ കണ്ടുവരുന്ന ഒരു രോഗമല്ല ഇത്. ഉഷ്ണ മേഖലയിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. സൗത്ത് ഓസ്ട്രേലിയയില്‍ രോഗം കണ്ടെത്തിയത് തികച്ചും അസാധാരണ സംഭവമാണെന്ന് വെറ്ററിനറി ഓഫീസര്‍ മാര്‍ക്ക് ഷിപ്പ് പറഞ്ഞു.
വൈറസ് വ്യാപനം ആശങ്കാജനകമാണെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഓസ്ട്രേലിയയില്‍ വൈറസ് വ്യപാനം പുതിയ സംഭവമാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് പുതിയതല്ലെന്നും വാക്സിനുകള്‍ പതിറ്റാണ്ടുകളായി വിജയകരമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയയുടെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സോണിയ ബെന്നെറ്റ് പറഞ്ഞു.
'മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഇത് കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. രോഗബാധിതരായ മനുഷ്യര്‍ പരസ്പരം ഇടപഴകുന്നതിലുടെ ജപ്പാന്‍ ജ്വരം പകരില്ല-സോണിയ ബെന്നെറ്റ് കാന്‍ബെറയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കുമാണ്. കൊതുകു കടിയേല്‍ക്കുന്നത് ഒഴിവാക്കുക എന്നതാണ് രോഗം തടയാനുള്ള മാര്‍ഗം.
കൊതുകു നശീകരണത്തിനായി പല സംസ്ഥാനങ്ങളും ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസ് വ്യാപനം മനസിലാക്കാന്‍, കൊതുകുകള്‍ പെരുകുന്ന മേഖലകള്‍ സര്‍ക്കാര്‍ നിരീക്ഷണവിധേയമാക്കും.
സംസ്ഥാന-ടെറിട്ടറി പ്രദേശങ്ങളിലെ കൃഷി വകുപ്പുകളെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി 10 മില്യണ്‍ ഡോളര്‍ നീക്കിവെക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.