ഗോവയില്‍ അധികാരത്തര്‍ക്കം രൂക്ഷം; പ്രശ്ന പരിഹാരത്തിന് ബിജെപി കേന്ദ്ര നേതൃത്വം വരുന്നു

ഗോവയില്‍ അധികാരത്തര്‍ക്കം രൂക്ഷം; പ്രശ്ന പരിഹാരത്തിന് ബിജെപി കേന്ദ്ര നേതൃത്വം വരുന്നു

പനജി: ഗോവയില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിക്ക് തിരിച്ചടിയായി നേതാക്കള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം തലവേദനയാകുന്നു. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മന്ത്രി വിശ്വജിത്ത് റാണെ എന്നിവരില്‍ ആരെയാണ് കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുകയെന്ന് ഇനിയും വ്യക്തമല്ല. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കം പരിഹിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകര്‍ ഇന്നെത്തും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബി.എല്‍. സന്തോഷുമാണ് നിരീക്ഷകര്‍. സംസ്ഥാന നേതൃത്വത്തിനകത്ത് സമവായം ഉണ്ടാക്കിയ ശേഷം എംഎല്‍എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ആരെന്ന് ഉടന്‍ പ്രഖ്യാപിക്കും.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിംഗ് റാണെയുടെ മകനായ വിശ്വജിത്തിനാണ് അണികള്‍ക്കിടയില്‍ സ്വീകാര്യത കൂടുതല്‍. എന്നാല്‍ ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന പ്രമോദ് സാവന്തിനെയാണ് പാര്‍ട്ടി നേതൃത്വത്തിന് കൂടുതല്‍ താല്പര്യം. വിശ്വജിത്തിന്റെ പിതാവ് ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നത് മുഖ്യമന്ത്രി കസേരയിലേക്കുള്ള ന്യൂനതയാണ്. 2017 ലാണ് വിശ്വജിത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുന്നത്. തുടര്‍ ഭരണത്തിലേക്ക് നയിച്ചതിനാല്‍ സാവന്തിന് ഒരവസരം കൂടി ലഭിക്കാനാണ് സാധ്യത.

2019 ല്‍ മനോഹര്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്നാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പില്‍ 40 ല്‍ 20 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 11 സീറ്റും ആം ആദ്മി പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും രണ്ട് സീറ്റ് വീതവും നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മ്മേഷ് സഗ്ലാനിയയെ 650-ലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രമോദ് സാവന്ത് സാങ്കേലിം മണ്ഡലം നിലനിര്‍ത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.