പാകിസ്ഥാനില്‍ ഭരണകക്ഷി എംപിമാര്‍ ഇടഞ്ഞു: ഇമ്രാന്‍ തെറിക്കും; 28 ന് അവിശ്വാസ പ്രമേയം

 പാകിസ്ഥാനില്‍ ഭരണകക്ഷി എംപിമാര്‍ ഇടഞ്ഞു: ഇമ്രാന്‍ തെറിക്കും; 28 ന് അവിശ്വാസ പ്രമേയം

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച് ഭരണകക്ഷി എം. പിമാര്‍ പരസ്യമായി രംഗത്തെത്തി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ദുര്‍ഭരണവും ആരോപിച്ചാണ് രണ്ട് ഡസനോളം ഭരണകക്ഷി എം. പിമാര്‍ രംഗത്തെത്തിയത്. ഇതോടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കസേര തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ നാളെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങും. 28ന് നടക്കുന്ന വോട്ടെടുപ്പില്‍ തോറ്റാല്‍ ഇമ്രാന്‍ രാജിവയ്ക്കേണ്ടി വരും.

ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ പി. ടി. ഐ 24 എം. പിമാരാണ് ഇമ്രാന്റെ രാജി ആവശ്യപ്പെട്ട് മറുകണ്ടം ചാടുമെന്ന് ഉറപ്പായത്. അതേസമയം, അധികാരത്തില്‍ തുടരാന്‍ ബലപ്രയോഗത്തിനും മടിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഇമ്രാന്‍ ഇന്നലെ പാക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ പട്ടാളം ഇമ്രാനൊപ്പം നില്‍ക്കുമോ എന്ന് വ്യക്തമല്ല.വോട്ടെടുപ്പിന്റെ തലേന്ന് ( മാര്‍ച്ച് 27) പാക് പാര്‍ലമെന്റിന് മുന്നില്‍ 10ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഇമ്രാന്‍ പ്രഖ്യാപിച്ചു. ഭരണ കക്ഷിക്കെതിരായ പാര്‍ട്ടികളുടെ ഗ്രൂപ്പായ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റും അന്നേ ദിവസം മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും കൂടിയാകുമ്പോള്‍ തെരുവ് യുദ്ധത്തില്‍ കലാശിക്കുമെന്ന ആശങ്കയും ഉണ്ട്.

പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാന്‍ മുസ്ലീം ലീഗ് - നവാസ് (പി. എം. എല്‍ - എന്‍) പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ( പി. പി. പി ) എന്നീ പാര്‍ട്ടികളിലെ നൂറോളം എം. പിമാരാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. പാക് പാര്‍ലമെന്റായ ദേശീയ അസംബ്ലിയുടെ സെക്രട്ടേറിയേറ്റില്‍ പ്രതിപക്ഷം ഈ മാസം എട്ടിന് അവിശ്വാസ പ്രമേയം സമര്‍പ്പിച്ചു.

ഇമ്രാന്റെ തിരിച്ചടി ഭയന്ന് വിമത എം. പിമാര്‍ ഇസ്ലാമബാദില്‍ സിന്ധ് പ്രവിശ്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സിന്ധ് ഹൗസില്‍ കഴിയുകയാണ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് സിന്ധിലെ ഭരണകക്ഷി. ഇമ്രാന്റെ പാര്‍ട്ടി അംഗങ്ങള്‍ സിന്ധ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുകയും ഗേറ്റ് തകര്‍ത്ത് അകത്ത് കടക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം സിന്ധ് ഭരണകൂടം തങ്ങളുടെ എം. പി മാരെ കോഴ നല്‍കി തട്ടിക്കൊണ്ടു പോയതാണെന്ന് ഇമ്രാന്റെ കക്ഷികളുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.