മുംബൈ: നവംബർ നാലിന്, അറസ്റ്റിലായ അർണാബ് ഗോസ്വാമിക്കു ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതി ഇതിനോടകം ജാമ്യം അനുവദിച്ചു. തന്റെ സ്റ്റുഡിയോ ഡിസൈനർ ആയിരുന്ന അൻവേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് .നവംബർ നാലിന് അറസ്റ്റ് ചെയ്ത അർണാബിനു, നവംബർ 11 ന് ജാമ്യം അനുവദിച്ചു; വെറും ഒരാഴ്ച സമയം. കീഴ്‌ക്കോടതി നിഷേധിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി സ്വീകരിക്കുകയും ജാമ്യം അനുവദിക്കുകയും ആണ് ചെയ്തത് . ഈ കാര്യത്തിൽ പലയിടത്തുനിന്നും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. സീനിയർ അഭിഭാഷകനായ ദുഷ്യന്ത് ദേവ് സുപ്രീം കോടതിയുടെ ഈ നടപടിയെ വിമർശിച്ചു . ആയിരക്കണക്കിന് പൗരന്മാർ ആഴ്ചകളും മാസങ്ങളും ആയി തങ്ങളുടെ കേസുകൾ പരിഗണിക്കാൻ ജയിലിൽ കാത്തിരിക്കുമ്പോൾ,ഗോസ്വാമിയുടെ അപേക്ഷയിൽ തൽക്ഷണം നടപടി കൈക്കൊണ്ടത് "അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നു " എന്ന് അദ്ദേഹം പറഞ്ഞു .തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് അർണാബ് അപമര്യാദയായി പെരുമാറി എന്നുള്ളത് മറ്റൊരു സത്യം. എന്തായാലെന്തു, അർണാബ് പുറത്തിറങ്ങി, അനായാസം .
ഇനി മറ്റൊരാളുടെ കഥ നോക്കൂ ; ഫാ സ്റ്റാൻ സ്വാമി എന്ന 83കാരനായ ഒരു ജസ്യൂട്ട് പുരോഹിതന്റെ. ഏകദേശം ഒരു മാസം മുൻപ് , ഭീകരബന്ധം ആരോപിക്കപ്പെട്ടു ജാർഖണ്ടിൽ നിന്നും അറസ്റ്റിലായ ആ വന്ദ്യ വയോധികൻ ഇപ്പോഴും ജാമ്യം അനുവദിക്കപ്പെടാതെ ജയിലിൽ കഴിയുന്നു. ജാർഖണ്ഡിൽ നിന്നും മുംബൈയിലേക്ക് കൊണ്ടുപോകുമ്പോൾ, തനിക്കു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചിരുന്നുവെങ്കിലും അതൊന്നും ആരും വകവച്ചില്ല. ഒരു മാസമാകുന്നു ആ വൈദികൻ ജാമ്യാപേക്ഷ കൊടുത്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് . ഭീകരബന്ധം ആരോപിക്കപ്പെട്ട അദ്ദേഹത്തിന്റെ മേൽ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാക്കുറ്റം. ജാമ്യം അനുവദിക്കുന്നതു പോകട്ടെ, പ്രായാധിക്യം ചെന്ന, രോഗിയായ ഒരു സാധാരണ പൗരന് ലഭിക്കേണ്ട അവകാശങ്ങൾ പോലും സാധിച്ചുകിട്ടാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിന്.
ആരോഗ്യപരമായ കാരണങ്ങൾ കാണിച്ചു അദ്ദേഹം കൊടുത്ത ജാമ്യാപേക്ഷ, സെപ്ഷ്യൽ ജഡ്ജി ദിനേശ് ഇ കൊതലികർ നിഷേധിച്ചു. ഒക്ടോബർ 22ന് , തനിക്കു പാർക്കിൻസൺസ് രോഗം ഉണ്ടെന്നും പലതവണ വീണു എന്നും , കേഴ്‌വി ശക്തി തീരെ ഇല്ലാതായി എന്നും അറിയിച്ചുകൊണ്ടു സമർപ്പിച്ച ജാമ്യാപേക്ഷ ആണ് തള്ളിക്കളഞ്ഞത് . വയറ്റിൽ രണ്ടു സർജറി കഴിഞ്ഞിരിക്കുകയാണെന്നും, അതുമായി ബന്ധപ്പെട്ടു വേദന ഉണ്ടെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു . തനിക്ക് പാർക്കിൻസൺസ് രോഗമുള്ളതുകൊണ്ടു ഗ്ലാസ് കൈയിൽ പിടിച്ചു കുടിക്കാൻ ആവില്ല എന്നും വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്നും ഉള്ള ആവശ്യത്തിന്മേൽ തീരുമാനം എടുക്കാൻ എൻ ഐ എയുടെ അഭിഭാഷന് വേണ്ടത് 20 ദിവസത്തെ സമയം. പണവും സ്വാധീനവും ഇല്ലാത്തവരുടെ അടിസ്ഥാനാവശ്യങ്ങൾപോലും നിഷേധിക്കപ്പെടുന്ന നീതിന്യായവ്യവസ്ഥ ആണോ ഭാരതത്തിന്റേതു ? ഒരേ പന്തിയിൽ രണ്ടു തരത്തിൽ വിളമ്പുന്നത് മര്യാദകേടല്ലേ ?
ജയിലിൽ ചികിത്സ ലഭിക്കാത്ത ഒരു അസുഖവും ഫാ സ്റ്റാനിക്ക് ഇല്ലാത്തതിനാൽ, അദ്ദേഹത്തെ ജയിലിലെ ആശുപത്രി വിഭാഗത്തിലെ പ്രത്യേക സെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നതു എന്ന് കോടതി പറഞ്ഞു. അപേക്ഷകൻ ജാമ്യത്തിന് അപേക്ഷിച്ച കാരണങ്ങൾ ഒന്നുംതന്നെ ജയിലിൽ ലഭിക്കുന്ന ചികിത്സ മതിയായതല്ല എന്ന് വെളിപ്പെടുത്തുന്നില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.