കൊച്ചി: 1970 കളിലെ 'ഗള്‍ഫ് ബൂ'മിന്റെ മാതൃകയില്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് മലയാളികളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞതായി യു.എന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ (Chief of Disaster Risk Reduction in the UN Environment Programme) മുരളി തുമ്മാരുകുടി.അതേസമയം, ഔദ്യോഗിക സംവിധാനങ്ങളില്‍ പോലും ഇക്കാര്യത്തില്‍ വസ്തുനിഷ്ഠ വിവരങ്ങളില്ലെന്നും ഇതിനു പരിഹാരമുണ്ടാകണമെന്നും ഫേസ്ബുക്കില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
'കേറി വാടാ മക്കളേ... ഇവിടുള്ള പഴയ താപ്പാനകള്‍ ഒന്നും പറയുന്നത് കാര്യമാക്കേണ്ട. അവസരങ്ങളുടെ ലോകമാണ് പുറത്തുള്ളത്' എന്ന് ചൂണ്ടിക്കാട്ടി 'നമ്മുടെ കുട്ടികള്‍ കാനഡയ്ക്ക് പോകുമ്പോള്‍' എന്ന തലക്കെട്ടിലുള്ള മുരളി തുമ്മാരുകുടിയുടെ കുറിപ്പ്:
ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിന് പുറത്തുണ്ട്, അല്ലെങ്കില്‍ ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കും ആരുടേയും കയ്യിലില്ല. പത്രങ്ങളില്‍ കാണുന്ന വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെ പരസ്യത്തെ ഒരു പ്രോക്‌സി ആയി എടുത്താല്‍ തന്നെ ഏകദേശ രൂപം കിട്ടും. കേരളത്തില്‍ ഇപ്പോള്‍ ഇത്തരത്തില്‍ മൂവായിരത്തോളം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് അടുത്തയിടെ ഒരു റിപ്പോര്‍ട്ട് കണ്ടത്. അഞ്ചു വര്‍ഷം മുന്‍പ് ഇത് മുന്നൂറുപോലും ഇല്ലായിരുന്നു. ഒരു സുനാമി തുടങ്ങുകയാണ്.
കേരളത്തില്‍ നിന്നും പുറത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ പൊതുവെ നാലു ഗ്രൂപ്പില്‍ ആണ്.
1. വിദ്യാഭ്യാസത്തില്‍ നല്ല നിലവാരം പുലര്‍ത്തി ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചേരണം എന്ന ആഗ്രഹത്തോടെ ശ്രമിക്കുന്നവരും സ്‌കോളര്‍ഷിപ്പോടെയോ അല്ലാതെയോ അതിന് അവസരം ലഭിക്കുന്നവരും.
2. സാമ്പത്തികമായി നല്ല നിലയിലുള്ളവര്‍, ഉന്നത ഉദ്യോഗസ്ഥരുടെ അല്ലെങ്കില്‍ പ്രവാസികളുടെ മക്കള്‍, ബന്ധുബലമുള്ളവര്‍ എന്നിങ്ങനെ ശരിയായ ഗൈഡന്‍സ് കിട്ടി വിദേശത്ത് നല്ല സ്ഥാപനങ്ങളില്‍ എത്താന്‍ ശ്രമിക്കുന്നവര്‍.
3. മെഡിസിന്‍ വിദ്യാഭ്യാസത്തിന് വേണ്ടി ഫിലിപ്പീന്‍സ് മുതല്‍ മൊള്‍ഡോവ വരെ പോകുന്നവര്‍.
4. വിദേശത്ത് നിയമപരമായി തൊഴില്‍ ചെയ്യാന്‍ അവിടെ എത്തിച്ചേരാനായി വിദ്യാഭ്യാസത്തെ ഒരു മാര്‍ഗ്ഗമായി കാണുന്നവര്‍.
ഇവരില്‍ മൂന്നാമത്തേയും നാലാമത്തേയും കൂട്ടരാണ് വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെ പ്രധാന ഉപഭോക്താക്കള്‍. ഇവരില്‍ നാലാമത്തെ ഗ്രൂപ്പിനെ പറ്റിയാണ് ഇന്ന് എഴുതുന്നത്. മെഡിസിനെപ്പറ്റി പിന്നൊരിക്കല്‍ എഴുതാം.
എന്റെ വിദേശത്തുള്ള സുഹൃത്തുക്കള്‍ ബഹു ഭൂരിപക്ഷവും ഒന്നും രണ്ടും ഗ്രൂപ്പില്‍ പെട്ടവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈ മൂന്നും നാലും വകുപ്പില്‍ പെട്ടവരോട് അല്പം പുച്ഛമുണ്ട്. ഇത്തരത്തില്‍ 'എങ്ങനെയെങ്കിലും' വിദേശത്ത് എത്തിപ്പറ്റാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നോ, മോശമാണെന്നോ ഉള്ള മട്ടില്‍ അനവധി ആളുകള്‍ എഴുതുന്നതും സംസാരിക്കുന്നതും കണ്ടു. 'ഇവിടുത്തെ മോശം യൂണിവേഴ്‌സിറ്റികളില്‍ ആണ് അവര്‍ പഠിക്കുന്നത്, 'എഞ്ചിനീയറിങ്ങ് കഴിഞ്ഞിട്ട് കെയര്‍ ഹോമില്‍ ജോലിക്ക് പോവുകയാണ്'. എന്നൊക്കെ 'പഴയ മലയാളികള്‍' പറഞ്ഞു കേള്‍ക്കുന്നത് ഇപ്പോള്‍ സാധാരണയാണ്. പറ്റുമ്പോഴെല്ലാം പുതിയതായി വിദേശത്ത് എത്താന്‍ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്താനാണ് ഇപ്പോള്‍ വിദേശത്തുള്ളവര്‍ പൊതുവെ ശ്രമിക്കുന്നത്. (1986 ല്‍ ഞാന്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ 'ഇപ്പോള്‍ ഗള്‍ഫില്‍ പണ്ടത്തെപ്പോലെ അവസരം ഒന്നുമില്ല'' എന്ന് പറഞ്ഞ ആളുടെ സ്മരണ).
എന്നെ സംബന്ധിച്ചിടത്തോളം വിദേശത്തേക്ക് പഠിക്കാന്‍ വരുന്നവരുടെ ലക്ഷ്യമോ മൂല്യമോ അപഗ്രഥിക്കുക എന്നത് എന്റെ ഉത്തരവാദിത്തമല്ല. നാട്ടില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ റാങ്ക് നേടിയതിന് ശേഷം യൂറോപ്പില്‍ ഇറച്ചി വെട്ടുന്ന ജോലിക്ക് നില്‍ക്കുന്ന മലയാളിയെ പരിചയപ്പെട്ട കഥ ഞാന്‍ പത്തു വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്. (ഇപ്പോള്‍ അദ്ദേഹം മിക്കവാറും ആ കടയുടെ മുതലാളി ആയിക്കാണും). അതൊക്കെ അവരുടെ ഇഷ്ടം. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കഴിഞ്ഞു പോലീസ് ഉദ്യോഗസ്ഥനോ വില്ലേജ് ഓഫിസറോ ആകുന്നതില്‍ നിന്നും എന്ത് മാറ്റമാണ് അവര്‍ കെയര്‍ ഹോമിലോ ഇറച്ചി വെട്ടു കടയിലോ എത്തിയാല്‍ ഉണ്ടാകുന്നത് ?. ഏതൊരു കര്‍മ്മ മണ്ഡലത്തിലും അവരുടെ അറിവുകള്‍ അവര്‍ ഉപയോഗിക്കും, സാദ്ധ്യതകള്‍ക്കനുസരിച്ച് മുന്നേറും. നാട്ടില്‍ ബാങ്കില്‍ ക്ലര്‍ക്ക് ആവണോ യൂറോപ്പില്‍ ഇറച്ചി വെട്ടണോ എന്നതൊക്കെ കുട്ടികളുടെ സ്വന്തം ഇഷ്ടവും ഓരോരുത്തരുടെ സാഹചര്യം അനുസരിച്ചുള്ളതുമാണ്. അവയെ നമ്മുടെ സൗകര്യങ്ങളില്‍ ഇരുന്നിട്ട് ജഡ്ജ് ചെയ്യുന്നത് ശരിയല്ല.
എന്നെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന കാര്യങ്ങളാണ് പ്രസക്തമായിട്ടുള്ളത്.
1. എന്തുകൊണ്ടാണ് നാട്ടില്‍ അത്യാവശ്യം സാമ്പത്തിക സാഹചര്യം ഉള്ളവര്‍ പോലും പാശ്ചാത്യ രാജ്യങ്ങളില്‍ 'എന്തെങ്കിലും' തൊഴിലില്‍ എത്താനുള്ള വ്യഗ്രത കാണിക്കുന്നത്? ഇക്കാര്യത്തില്‍ ഞങ്ങള്‍ കഴിഞ്ഞ മാസം ഒരു സര്‍വ്വേ നടത്തിയിരുന്നു. അതില്‍ അനവധി കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ മൂല്യം പാശ്ചാത്യ രാജ്യങ്ങളില്‍ എത്തുന്നവര്‍ ആണ് ജീവിത വിജയം നേടിയവര്‍ എന്നതാണ് (1980 കളില്‍ ഇത് ഗള്‍ഫും, 1990 കളില്‍ ഐ. ടി. യും, കഴിഞ്ഞ കുറച്ചു നാളുകളായി സര്‍ക്കാര്‍ ഉദ്യോഗവും ആയിരുന്നു, ഇത് മാറുകയാണ്). പെണ്‍കുട്ടികളാണ് കേരളത്തില്‍ നിന്നും പുറത്തെത്താന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. (കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം കൂടുതല്‍ യാഥാസ്ഥിതികമായി മാറുന്നതാണ് ഇതിന്റെ പ്രധാന കാരണം). മറ്റനവധി കാരണങ്ങള്‍ ഉണ്ട്, അവ വിശദമായി എഴുതാം. ഇതില്‍ മാറ്റമുണ്ടാകാന്‍ വേണ്ടത് സാമൂഹ്യ മാറ്റങ്ങളാണ്, സാമ്പത്തിക മാറ്റങ്ങള്‍ അല്ല.
2. എന്തുകൊണ്ടാണ് കിടപ്പാടം പണയപ്പെടുത്തി പോലും ആളുകള്‍ കുട്ടികളെ വിദേശ വിദ്യാഭ്യാസത്തിന് അയക്കാന്‍ ശ്രമിക്കുന്നത്?. കാരണം സാമ്പത്തികം തന്നെയാണ്. പോസ്റ്റ് ഗ്രാഡുവേഷന്‍ വരെ പഠിപ്പിച്ചാലും പത്തു ശതമാനം കുട്ടികള്‍ക്ക് പോലും നാട്ടില്‍ ഭാവി സാധ്യതകളുള്ള ജോലികള്‍ കിട്ടുന്നില്ല. എഞ്ചിനീയറിങ്ങ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപയ്ക്കുള്ള ജോലി പോലും ഇപ്പോഴും കിട്ടാനില്ല. നാട്ടില്‍ വിദ്യാഭ്യാസം വേണ്ടാത്ത ജോലികളാണ് കൂടുതല്‍ ലഭ്യമായതും കൂടുതല്‍ കൂലിയുള്ളതും (ഒരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത ഹോം നേഴ്‌സിന് നാലു വര്‍ഷം പഠനശേഷം നേഴ്സ് ആകുന്നവരുടെ നാലിരട്ടി ശമ്പളം കിട്ടുന്നു. ആയുര്‍വേദ ഡോകര്‍മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം മസ്സാജ് പാര്‍ലറിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നു എന്നിങ്ങനെ). ജോലി കിട്ടാത്ത കുട്ടികള്‍ ലഭ്യമായ തൊഴില്‍ ചെയ്യുന്ന തൊഴില്‍ സംസ്‌കാരം നമ്മുടെ നാട്ടില്‍ വളര്‍ന്നിട്ടുമില്ല. നിരാശ മൂത്തു കുറച്ചു പേരെങ്കിലും ഒരു ജോലിയും ചെയ്യാതെ മയക്കു മരുന്നിലേക്കും ക്വട്ടേഷനിലേക്കും തിരിയുന്നു. ഇതേ വിദ്യാര്‍ഥികള്‍ വിദേശത്തു പോയാല്‍ എന്ത് ജോലി ചെയ്തും ജീവിക്കാന്‍ ശ്രമിക്കുന്നു. അവര്‍ ചെറുപ്പത്തിലേ കൂടുതല്‍ ഉത്തരവാദിത്ത ബോധം ഉള്ളവര്‍ ആകുന്നു, വീട്ടിലേക്ക് സാമ്പത്തികമായി സഹായിക്കുന്നു. ഇതൊക്കെ കാണുന്ന മറ്റ് മാതാപിതാക്കള്‍ സ്വന്തം മക്കളെ എങ്ങനെയും കടല്‍ കടത്തി വിടാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്.
3. എങ്ങനെയാണ് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് ശരിയായ വിവരം നല്കാന്‍ സാധിക്കുന്നത്? ഇവിടെയാണ് ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി ഇടപെടാന്‍ പറ്റുന്നത്. നിങ്ങള്‍ പറഞ്ഞാലും ഇല്ലെങ്കിലും അവര്‍ വരും. വരുന്നവരെ യൂണിവേഴ്‌സിറ്റി റാങ്കിങ്ങ് ഒന്നും പറഞ്ഞു നിരുത്സാഹപ്പെടുത്തേണ്ട. വിദേശത്തേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ ഭൂരിഭാഗവും അവിടുത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് നോക്കി വരുന്നവര്‍ അല്ല, ഇവിടുത്തെ സാമ്പത്തിക സാഹചര്യം പ്രയോഗപ്പെടുത്താന്‍ വരുന്നവര്‍ ആണ്. അവര്‍ക്ക് എന്തെങ്കിലും സഹായമോ ഉപദേശമോ നല്കാന്‍ ഉണ്ടെങ്കില്‍ നല്‍കുക, ഇല്ലെങ്കില്‍ അവരെ അവരുടെ വഴിയേ വിടുക.
4. ഏജന്‍സികളെ നിയന്ത്രിക്കണോ? വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് ശ്രമിക്കുന്നതില്‍ പ്രൊഫഷണല്‍ അല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷെ മൊത്തത്തില്‍ നോക്കിയാല്‍ ഇത്തരം ഏജന്‍സികള്‍ സമൂഹത്തിന് കൂടുതല്‍ ഗുണമാണ് ഉണ്ടാക്കുന്നത്. നാട്ടിലെ അനവധി ട്രാവല്‍ ഏജന്റുമാരും മുംബയിലെ തൊഴില്‍ ഏജന്റുമാരുമാണ് മലയാളികളുടെ ഗള്‍ഫ് പ്രവാസം സാധ്യമാക്കിയത്. അവരില്‍ തീര്‍ച്ചയായും കള്ളനാണയങ്ങള്‍ ഉണ്ടായിരുന്നു. കുറച്ചു പേര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. എങ്കിലും പൊതുവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിച്ച ഇവരാണ് ഗള്‍ഫ് ബൂം സാധ്യമാക്കിയത്. ഇന്നത്തെ വിദ്യാഭ്യാസ ഏജന്റുമാരും അതുപോലെയാണ്. സത്യത്തില്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
5. എന്താണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. 1970 കളിലെ ഗള്‍ഫ് പോലെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് മലയാളികളുടെ ഒരു ഒഴുക്ക് തുടങ്ങുകയാണ്. പഞ്ചാബിലും ഗുജറാത്തിലും ഇത് പണ്ടേ ഉള്ളതാണ്. ഈ ട്രെന്‍ഡ് കേരളത്തിലെ ഗ്രാമങ്ങളിലുള്ള സാധാരണക്കാര്‍ പോലും മനസ്സിലാക്കിയിട്ടുണ്ട്, എന്നിട്ടും ഔദ്യോഗിക സംവിധാനങ്ങളില്‍ ഇപ്പോഴും ഈ അറിവ് എത്തിയിട്ടില്ല. ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള യാത്രയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനും വേണ്ടിയുള്ള യാത്രയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രവാസത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റി പാശ്ചാത്യ രാജ്യങ്ങളിലേക്ക് മാറുമ്പോള്‍ അതനുസരിച്ച് നമ്മുടെ നോര്‍ക്ക പോലുള്ള സംവിധാനങ്ങളും മാറണം.
https://www.facebook.com/thummarukudy?fref=nf
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.