സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ഓസ്‌ട്രേലിയ; ടൂറിസം രംഗത്തിന് 60 ദശലക്ഷം ഡോളര്‍

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ഓസ്‌ട്രേലിയ; ടൂറിസം രംഗത്തിന് 60  ദശലക്ഷം ഡോളര്‍

കാന്‍ബറ: രണ്ടു വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ 60 ദശലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ക്വീന്‍സ് ലാന്‍ഡിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കെയ്ന്‍സിലെ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ വച്ചാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. അതിര്‍ത്തികള്‍ അടച്ചിട്ടതോടെ ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ വീണ്ടും ആകര്‍ഷിക്കാനാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായം.

കോവിഡ് മഹാമാരിയെതുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിട്ടതും ലോക്ഡൗണുകളും മൂലം വന്‍ തിരിച്ചടിയാണ്, മുന്‍പ് പ്രതിവര്‍ഷം 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന വിനോദസഞ്ചാര മേഖലയ്ക്കുണ്ടായത്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഗ്രേറ്റ് ബാരിയര്‍ റീഫിന്റെയും മഴക്കാടുകളുടെയും പ്രവേശന കവാടം എന്നറിയപ്പെടുന്ന, ഉഷ്ണമേഖലാ നഗരമായ കെയ്ന്‍സ് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ രണ്ട് വര്‍ഷമായി വലിയ വരുമാന നഷ്ടമാണ് നേരിടുന്നത്. അതിനാല്‍ പുതിയ പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണ് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റെടുത്തത്.


വന്യജീവി പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മുതലക്കുഞ്ഞിനെ ഓമനിക്കുന്നു.

കോവിഡ് മൂലം ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായ പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരിശ്രമങ്ങള്‍ക്കും പ്രചാരണത്തിനും ടൂറിസം ഓസ്ട്രേലിയയ്ക്കാണ് 45 മില്യണ്‍ ഡോളര്‍. ഗ്രേറ്റ് ബാരിയര്‍ റീഫ് അടങ്ങുന്ന നോര്‍ത്ത് ക്വീന്‍സ് ലാന്‍ഡിലെ പ്രാദേശിക ടൂറിസത്തിന് 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് മോറിസണ്‍ പറഞ്ഞു.

കോവിഡ് മഹാമാരി ആരംഭിച്ച ശേഷം മേഖലയില്‍ 9,000-ത്തിലധികം തൊഴില്‍ നഷ്ടമുണ്ടായതായി ടൂറിസം ട്രോപ്പിക്കല്‍ നോര്‍ത്ത് ക്വീന്‍സ് ലാന്‍ഡിന്റെ കണക്കുകള്‍ പറയുന്നു.

റെഡ് ടെയില്‍ഡ് ബ്ലാക്ക് കോക്കാറ്റൂ പക്ഷിക്കൊപ്പം പ്രധാനമന്ത്രി

പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായം ടൂറിസം വ്യവസായത്തിന് പുതിയ ഊര്‍ജം പകരുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഓള്‍സെന്‍ പറഞ്ഞു. 30 വര്‍ഷം മുന്‍പുള്ള അവസ്ഥയാണിപ്പോള്‍. എല്ലാം പുതുതായി തുടങ്ങേണ്ടതുണ്ടെന്ന് മാര്‍ക്ക് ഓള്‍സെന്‍ പറഞ്ഞു.

ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാര മേഖലയ്ക്ക് ആത്മവിശ്വാസം പകര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകം വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറക്കുമ്പോള്‍ യാത്രക്കാരുടെ ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഓസ്ട്രേലിയയ്ക്കു സ്ഥാനമുണ്ടാകണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.