അലൈന്‍മെന്റില്‍ മാറ്റം വരുത്തിയ വിവരം എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല: കെ റെയിലിനെതിരെ വീണ്ടും തിരുവഞ്ചൂര്‍

അലൈന്‍മെന്റില്‍ മാറ്റം വരുത്തിയ വിവരം എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല: കെ റെയിലിനെതിരെ വീണ്ടും തിരുവഞ്ചൂര്‍

കോട്ടയം: സംസ്ഥാനവ്യാപകമായി കെ റൈലിനെതിരെ ജനരോക്ഷം തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.

ചെങ്ങന്നൂര്‍ കുറിച്ചിമുട്ടത്ത് കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ഇത് സംബന്ധിച്ച്‌ പുതിയ മാപ്പും പഴയതും അദ്ദേഹം പുറത്തുവിട്ടു. പുതിയ അലൈന്‍മെന്റില്‍ മുളക്കുഴ പഞ്ചായത്ത് വലത് ഭാഗത്താണ് കാണപ്പെടുന്നത്. എന്നാല്‍ പഴയതില്‍ ഈ പ്രദേശം ഇടത് ഭാഗത്തായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മന്ത്രി സജി ചെറിയാന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. ഇതിന്റെ ഗുണം ആ‌ര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. സജി ചെറിയാന്‍ ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ താന്‍ പുറത്തുകൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അലൈന്‍മെന്റിലെ മാറ്റത്തെക്കുറിച്ച്‌ കെ റെയില്‍ എം.ഡി അജിത്ത് കുമാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കാര്യങ്ങളെപറ്റി അറിയാവുന്ന ഒരു നേതാവ് ഇത്രയും വില കുറഞ്ഞ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി സജി ചെറിയാന്‍ പറഞ്ഞു. 'സാറ്റലൈറ്റ് മുഖേനയാണ് അലൈന്‍മെന്റ് നിശ്ചയിക്കുന്നത്. ഇതുമായി ‌തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. അലൈന്‍മെന്റ് ഫൈനലൈസ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച സാമൂഹിക ആഘാത പഠനമാണ് നടക്കാന്‍ പോകുന്നത്.

ഇതിനായുള്ള കല്ലിടലുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. സാമൂഹിക ആഘാത പഠനം, പാരിസ്ഥിതിക പഠനം എന്നിവ നടത്തി ഡി പി ആറും തയ്യാറാക്കി ഫൈനല്‍ അലൈന്‍മെന്റിലേക്ക് പോകാനിരിക്കുന്ന ഘട്ടത്തില്‍ മുന്‍പുണ്ടായിരുന്ന അലൈന്‍മെന്റ് താന്‍ മാറ്റി എന്നുപറഞ്ഞാല്‍ ഇതിന് മറുപടി പറയാനില്ലെന്നും' സജി ചെറിയാന്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.