കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായി വീട് വീടാന്തരം കയറിയിറങ്ങി സി പി എം പ്രവര്‍ത്തകര്‍. ഭവന സന്ദര്‍ശനം തുടരുമ്പോഴും പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് ഈ കണക്ക് ഉള്‍ക്കൊളളാനായിട്ടില്ല. ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടു നല്‍കിയവര്‍ക്ക് പോലും നാലിരട്ടി കിട്ടിയിട്ടില്ലെന്നിരിക്കെ ഈ വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം.
അടിസ്ഥാന വില കണക്കാക്കുന്നത് പ്രദേശത്തെ ഉയര്‍ന്ന വില്‍പനകളുടെ ശരാശരി കണക്കാക്കും. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയാകും അടിസ്ഥാനം. നഗരത്തില്‍ നിന്ന് 10 കി.മീ ദൂരത്തെങ്കില്‍ ഇരട്ടിയിലധികം വില എന്നാണ് വാഗ്ദാനം. ഗ്രാമങ്ങളിലേക്ക് പോകും തോറും വില കൂടും. ഇങ്ങനെയാണ് കണക്കുകള്‍ പറയുന്നത്.
കോഴിക്കോട് മാത്തോട്ടം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ മദനി, കടബാധ്യതകള്‍ തീര്‍ക്കാനായി തന്റെ വീടും മൂന്നര സെന്റ് പുരയിടവും വില്‍ക്കാന്‍ മറ്റൊരാളുമായി ധാരണയിലെത്തിയിരുന്നു. ഇടപാട് നിശ്ചയച്ച ദിവസത്തിന് തൊട്ടു മുന്‍പായിരുന്നു വീട്ടു പരിസരത്ത് കെ റെയിലിനായി കല്ലിട്ടത്. അതോടെ വസ്തു വാങ്ങാനെത്തിയ ആള്‍ പിന്‍മാറി. ഇതിനിടെയാണ് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായി സിപിഎം പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം.
2013ലെ കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ചാണ് എല്ലാ വികസന പദ്ധതികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത്. ഈ നിയമ പ്രകാരം സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കിയത് ദേശീയ പാത വികസനത്തിനായിരുന്നു. ഉയര്‍ന്ന ഭൂമി വിലയുളള ദേശീയ പാതയോരത്ത് പോലും ഭൂമിക്ക് നാലിരട്ടി പോയിട്ട് രണ്ടിരട്ടി പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നിരിക്കെ കെ റെയിലിനെങ്ങനെ നാലിരട്ടി നല്‍കാനാകുമെന്നതാണ് ചോദ്യം. ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാര നിര്‍ണയത്തിന്റെ മാനദണ്ഡമെന്തെന്ന് പരിശോധിച്ചാല്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന സംശയത്തിന്റെ അടിസ്ഥാനം വ്യക്തമാകും.
ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് സമാനമായി അതേ വില്ലേജിലോ തൊട്ടടുത്ത പ്രദേശങ്ങളിലോ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആധാരങ്ങള്‍ പരിശോധിച്ച് അതില്‍ ഏറ്റവും ഉയര്‍ന്ന വില കാണിച്ച പകുതി ആധാരങ്ങളുടെ ശരാശരി വിലയാണ് അടിസ്ഥാന വിലയായി കണക്കാക്കുക. ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പൊതുവെ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലായതിനാല്‍ അത് നഷ്ടപരിഹാരത്തെയും ബാധിക്കും.
നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ അടിസ്ഥാന വിലയെ 1.2 മായി ഗുണിക്കും. ഇതിന്‍മേല്‍ 100 ശതമാനം സൊലേഷ്യവും വിജ്ഞാപനം വന്നതുമുതലുളള 12 ശതമാനം പലിശയും നല്‍കും. നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പോകുന്തോറും ഗുണന ഘടകവും ഉയരും. ഇങ്ങനെയൊക്കെ ആണെങ്കിലും ഭൂമിക്ക് വിപണി വിലയുടെ പകുതി പോലും കിട്ടില്ലെന്നാണ് ദേശീയ പാതയ്ക്കായി ഭൂമി വിട്ടു നല്‍കിയവരുടെ അനുഭവം.
അതേസമയം കെട്ടിടത്തിന്റെ വില നിര്‍ണയിക്കുന്നത് പൊതുമരാമത്ത് നിരക്ക് പ്രകാരമായതിനാല്‍ വീടും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം കിട്ടുന്നുണ്ട്. ഈ തുക പോലും നാലിരട്ടി വരില്ലെന്നിരിക്കെയാണ് സര്‍ക്കാരിന്റെ അവകാശവാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.