യെദിയൂരപ്പ മുതല്‍ തമിഴിസൈ വരെ; രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തതോടെ അഭ്യൂഹങ്ങളേറെ

യെദിയൂരപ്പ മുതല്‍ തമിഴിസൈ വരെ; രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തതോടെ അഭ്യൂഹങ്ങളേറെ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങി ബിജെപിയും പ്രതിപക്ഷ കക്ഷികളും. ജൂലായ് പകുതിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ അവസ്ഥയില്‍ ബിജെപിക്ക് രാഷ്ടപതി തെരഞ്ഞെടുപ്പില്‍ മേധാവിത്വമുണ്ട്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാകും അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ബിജെപി നിശ്ചയിക്കൂ. കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരും മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള ആരെയെങ്കിലും അടുത്ത രാഷ്ട്രപതിയാക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സുന്ദരരാജന്‍ എന്നിവരുടെ പേരുകള്‍ക്കാണ് ബിജെപിയില്‍ കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ ഇനിയൊരു പദവിയിലേക്ക് ഇല്ലെന്ന സൂചന അദേഹം ബിജെപി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

ഇനി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഏറ്റവും കടുത്ത പോരാട്ടം നേരിടേണ്ടി വരിക കര്‍ണാടകയിലാകും. യെദിയൂരപ്പയെ മാറ്റിയതോടെ പ്രബലരായ ലിംഖായത്ത് വിഭാഗത്തിന് ചെറിയ അനിഷ്ടമുണ്ട്. ലിംഖായത്ത് വിഭാഗത്തില്‍ വലിയ സ്വാധീനമുള്ള നേതാവായ യെദിയൂരപ്പയെ രാഷ്ട്രപതിയാക്കിയാല്‍ വലിയ നേട്ടം ഉണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ലോക്‌സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 543 അംഗങ്ങള്‍, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങള്‍, സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത്. ഒരു എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണെങ്കില്‍ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം ആ സംസ്ഥാനത്തെ ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു. 1971 ലെ സെന്‍സസും സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണവും അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്.

ഉത്തര്‍പ്രദേശിലാണ് ഇത് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. 208 ആണ് ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം. ഏറ്റവും കുറവ് സിക്കിമിനും (7). ഇലക്ടറല്‍ കോളേജിലെ മൊത്തം വോട്ടിന്റെ മൂല്യം 10,98,903 വരും. ഒരു സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോള്‍ ചെയ്ത മുന്‍ഗണനാ വോട്ടുകളില്‍ 50% സാധുവായ വോട്ടുകള്‍ ആവശ്യമാണ്. നിലവിലെ അവസ്ഥയില്‍ ബിജെപിക്ക് ഈ കടമ്പ അനായാസം മറികടക്കാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.