ഗ്രനോബിളിലെ സഭയെ പുനരുദ്ധരിച്ച വിശുദ്ധ ഹഗ്

ഗ്രനോബിളിലെ സഭയെ പുനരുദ്ധരിച്ച വിശുദ്ധ ഹഗ്

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 01

ഫ്രാന്‍സിലെ ഒരു സൈനിക ഉദ്യോഗസ്ഥനായ ഓഡിലോയുടെ മകനായി 1053 ല്‍ വലെന്‍സിലെ ചാഷ്യൂ-നിയൂഫിലായിരുന്നു ഹഗിന്റെ ജനനം. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം തന്റെ മകനായ ഹഗിന്റെ ഉപദേശ പ്രകാരം ഒരു കാര്‍ത്തൂസിയന്‍ സന്യാസിയായി മാറി. അമ്മ സ്വഭവനത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജീവിച്ചു.

ചെറുപ്പം മുതല്‍ തന്നെ ദൈവാനുഗ്രഹത്താല്‍ വളര്‍ന്ന ഹഗ് പഠനത്തിലും ഭക്തിയിലും മികവ് തെളിയിച്ചു. വലെന്‍സിലെ കത്തീഡ്രലില്‍ വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്ന അദ്ദേഹം വിശുദ്ധിയും അസാധാരണമായ കഴിവും കൊണ്ട് തന്റെ സഹപ്രവര്‍ത്തകരുടെ സ്‌നേഹം പിടിച്ചു പറ്റി.

വൈദികനായി അധികം വൈകാതെ ദൈയിലെ മെത്രാനായി തീര്‍ന്ന ഹഗ് പിന്നീട് ലിയോണ്‍സിലെ മെത്രാപ്പോലീത്തയായി മാറി. ഒരിക്കല്‍ വലെന്‍സില്‍ എത്തിയ പരിശുദ്ധ സഭയുടെ കര്‍ദ്ദിനാള്‍ പ്രതിനിധി ഹഗിനെ ചില നിര്‍ണായക ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. 1080 ല്‍ പാപ്പായുടെ പ്രതിനിധി അവിഗ്‌നോണില്‍ ഒരു സിനഡ് വിളിച്ചുകൂട്ടുകയും ഗ്രനോബിളിലെ സഭയുടെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഈ അവസ്ഥ പരിഹരിക്കാനുള്ള ഉത്തരവാദിത്വം വിശുദ്ധ ഹഗിനെ ഏല്‍പ്പിക്കുവാനും തീരുമാനിച്ചു. എന്നാല്‍ തന്റെ ഉള്ളിലുള്ള ഭയം നിമിത്തം അദ്ദേഹം ഈ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ വിസമ്മതിച്ചു.

പക്ഷേ, പരിശുദ്ധ പിതാവിന്റെ പ്രതിനിധിയുടേയും സമിതിയുടേയും നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി ഹഗ് ആ ഉത്തരവാദിത്വം ഏറ്റെടുത്തു. തന്റെ വരവിനു ശേഷം വിശുദ്ധന്‍ അവിടുത്തെ ദുര്‍വൃത്തികളെ തടയുകയും സഭയെ പുനരുദ്ധക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. വൈകാതെ ആ പ്രദേശത്ത് വളരെ വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധ ഹഗ് മറ്റ് വിശുദ്ധരുടെ എളിമയെ അനുകരിച്ചു കൊണ്ട് തിരുസഭയുടെ അനുവാദത്തോടുകൂടി അവിഗ്‌നോണിലെ ചയിസെ-ദിയൂ എന്ന സന്യാസാശ്രമത്തില്‍ ഒരു സന്യാസാര്‍ത്ഥിയായി ചേര്‍ന്നു.

ഗ്രിഗറി ഏഴാമന്‍ പാപ്പാ വിശുദ്ധനോട് തിരികെ വന്നു തന്റെ മെത്രാന്‍ പദവിയില്‍ തുടരുവാന്‍ ആവശ്യപ്പെടുന്നത് വരെ വിശുദ്ധന്‍ അവിടെ സകലര്‍ക്കും മാതൃകയായി ജീവിച്ചു പോന്നു. തന്റെ ഏകാന്തവാസത്തില്‍ നിന്നും തിരികെ വന്ന വിശുദ്ധന്‍ പുതിയ ഉണര്‍വോടെ വളരെയേറെ വിജയകരമായി പുതിയ സഭാ നവീകരണങ്ങള്‍ നടപ്പിലാക്കി. അസാധാരണമായ സുവിശേഷ പ്രഘോഷണ വരം ലഭിച്ചിട്ടുള്ള ആളായിരുന്നു വിശുദ്ധ ഹഗെന്ന് ചരിത്രം വ്യക്തമാക്കുന്നു.

വിശുദ്ധ ബ്രൂണോയും അദ്ദേഹത്തിന്റെ ആറ് സഹചാരികളും ലോകത്തിന്റെ ഭൗതികത ഉപേക്ഷിക്കുവാനുള്ള തങ്ങളുടെ തീരുമാനത്തില്‍ വിശുദ്ധന്റെ ഉപദേശം ആരാഞ്ഞു. അദ്ദേഹം അവരെ തന്റെ രൂപതയിലുള്ള ഒരു മരുഭൂമിയിലേക്ക് അയച്ചു. അവിടെയാണ് വിശുദ്ധ ബ്രൂണോയുടെ പ്രസിദ്ധമായ സന്യാസ സമൂഹം രൂപം കൊണ്ടത്.

നീണ്ട കുമ്പസാരങ്ങളും കണ്ണുനീര്‍ ഒഴുക്കികൊണ്ടുള്ള പ്രാര്‍ത്ഥനകളും അനുതാപ പ്രവര്‍ത്തികളും വിശുദ്ധന്‍ സന്തോഷപൂര്‍വ്വം നിര്‍വഹിച്ചു പോന്നു. ഇന്നസെന്റ് രണ്ടാമന്‍ പാപ്പായോടു ഏകാന്ത ജീവിതം നയിക്കുന്നതിനായി തന്നെ മെത്രാന്‍ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് വിശുദ്ധന്‍ അപേക്ഷിച്ചെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല.

എന്നാല്‍ ദൈവം ഒരു രോഗം മൂലം വിശുദ്ധന്റെ ആതമാവ് ശുദ്ധീകരിക്കുവാന്‍ തീരുമാനിച്ചു, വിശുദ്ധന്റെ ഓര്‍മ്മ ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എന്നാലും തന്റെ പ്രാര്‍ത്ഥനകളൊന്നും അദ്ദേഹം മറന്നിരുന്നില്ല. 1132 ഏപ്രില്‍ ഒന്നിന് ഏതാണ്ട് 80 വയസാകുവാന്‍ രണ്ടു മാസം ബാക്കിയുള്ളപ്പോള്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1134 ല്‍ ഇന്നസെന്റ് രണ്ടാമന്‍ പാപ്പാ ഹഗിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബൊണ്ണെ വാവിലെ ഹൂഗ്

2. ആര്‍മാഗിലെ ആര്‍ച്ച് ബിഷപ്പായ സെല്ലാക്ക്

3. ഐറിഷുകാരനായ കയിഡോക്കും ഫ്രിക്കോറും

4. ഫ്രാന്‍സിലെ വീയെന്‍ ബിഷപ്പായ ഡെഡോളിനൂസ്

5. സ്‌കോട്ട്‌ലന്‍ഡുകാരനായ കായിത്ത്‌നെസ ബിഷപ്പ് ഗില്‍ബെര്‍ട്ട്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.