'ഗൂഢാലോചനയിലെ മൂക സാക്ഷി'; ദിലീപിന്റെ സ്വിഫ്റ്റ് കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

'ഗൂഢാലോചനയിലെ മൂക സാക്ഷി'; ദിലീപിന്റെ സ്വിഫ്റ്റ് കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചുവന്ന സ്വിഫ്ട് കാര്‍ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ കാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് ഉന്നയിച്ചിരുന്നു. എന്നാല്‍ കാര്‍ വര്‍ക്ക്ഷോപ്പിലാണെന്നായിരുന്നു ദിലീപിന്റെ മറുപടി. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും 2016 ല്‍ സഞ്ചരിച്ചതും ഇതേ കാറിലായിരുന്നു.

ഇതേ തുടര്‍ന്നാണ് കേസിലെ പ്രധാന തൊണ്ടി മുതലായ കാര്‍ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. എന്നാല്‍ കാര്‍ ഓടിച്ചുകൊണ്ടു പോകാന്‍ കഴിയാത്ത നിലയിലായതിനാല്‍ പൊലീസ് ആവശ്യപ്പെടുമ്പോള്‍ കാര്‍ ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ അന്വേഷണ സംഘം മടങ്ങി.

അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ദിലീപിന് അപ്രതീക്ഷിത തിരിച്ചടിയായി. പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.

കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ പൊലീസ് ശേഖരിച്ചു. ഇന്നലെ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. ഈ സാംപിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.